അരുണ മനോഹരമീ വസ്ത്രങ്ങള്‍

അഞ്ചു വര്‍ഷത്തോളമായി പല സിനിമകളിലെയും നായീകാ നായകന്‍മാരെ അണിയിച്ചൊരുക്കി അരുണ്‍ ഇവിടെത്തന്നെയുണ്ട്.
അരുണ്‍ മനോഹര്‍
അരുണ്‍ മനോഹര്‍

രാമന്റെ ഏദന്‍തോട്ടം കണ്ടുകഴിഞ്ഞിറങ്ങിയ പലരും കണ്ണുവെച്ചത് നായിക മാലിനിയുടെ വസ്ത്രങ്ങളിലാണ്. അത്രയ്ക്ക് മനോഹരവും വ്യത്യസ്തവുമായിട്ടായിരുന്നു മാലിനി ഓരോ ഷോട്ടിലും പ്രത്യക്ഷപ്പെട്ടത്. അത്തരത്തിലൊരു വസ്ത്രം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരും വളരെക്കുറവ്. ചുരുക്കിപ്പറഞ്ഞാല്‍ മാലിനിയുടെ വസ്ത്രങ്ങളൊരുക്കിയ കോസ്റ്റിയൂം ഡിസൈനര്‍ അരുണ്‍ മനോഹറാണിപ്പോള്‍ താരം. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്താലേ ഫാഷനാകൂ എന്ന് വിശ്വസിക്കുന്നയാളാണ് അരുണ്‍.

അന്‍പതിലേറെ ചിത്രങ്ങള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച അരുണ്‍ മനോഹറിനിത് പുതുമയുള്ള കാര്യമല്ല. അഞ്ചു വര്‍ഷത്തോളമായി പല സിനിമകളിലെയും നായീകാ നായകന്‍മാരെ അണിയിച്ചൊരുക്കി അരുണ്‍ ഇവിടെത്തന്നെയുണ്ട്. ഏദന്‍ തോട്ടത്തിലെ മാലിനിയുടെ സാരികള്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ പുലിമുരുകനിലെ മൈനയുടെ കൊലുസും മുരുകന്റെ ചപ്പലും പുലിനഖ മാലയുമാണ് ഏറെ ശ്രദ്ധേയമായത്. പുലിമുരുകന്‍ ചപ്പല്‍ കോഴിക്കോടുള്ള ഒരു കമ്പനി വിപണിയിലെത്തിക്കുക തന്നെ ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ധരിച്ചിരിക്കുന്ന ഷര്‍ട്ടിന്റെ മെറ്റീരിയല്‍ കണ്ടു പിടിക്കാന്‍ കുറച്ച് കഷ്ടപ്പെട്ടെങ്കിലും പിന്നീടെല്ലാവരും നന്നായെന്ന് പറഞ്ഞപ്പോള്‍ ഏറെ സന്തോഷമായെന്നും അരുണ്‍ പറയുന്നു.

കോട്ടണ്‍, ലിനന്‍, തുണിത്തരങ്ങള്‍ സാരിക്കു വേണ്ടി തെരഞ്ഞെടുത്തത്. മാലിനിയുടെ കാരക്ടറിനെപ്പറ്റി കേട്ടപ്പോള്‍ത്തന്നെ പ്ലെയ്ന്‍ സാരികള്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നെന്ന് പറയുകയായിരുന്നു അരുണ്‍. സാരിക്കൊപ്പം വരുന്ന പ്രിന്റഡ് ബ്ലൗസ് എങ്ങനെ ഒപ്പിച്ചെന്നറിഞ്ഞാല്‍ വിശ്വസിക്കില്ല. സാരിക്ക് ചേരുന്ന ദുപ്പട്ടകള്‍ വാങ്ങി അത് വെട്ടിയാണ് ബ്ലൗസ് തയ്ച്ചത്.. ഇനി പഴയ ദുപ്പട്ടകളൊക്കെ എടുത്ത് ബ്ലൗസ് തയ്ക്കാമെന്ന് ഐഡിയയും കിട്ടിയില്ലേ.. 

കോസ്റ്റിയൂം ഡിസൈനിങ്ങ് വിചാരിക്കുന്നത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അരുണ്‍. സിനിമ എന്ന് പറഞ്ഞാല്‍ നായികയും നായകനും മാത്രമല്ലല്ലോ.. കൂടെ അഭിനയിക്കുന്നവര്‍ക്കും വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കണം. ഒരു സീനില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നവരുടെയെല്ലാം വസ്ത്രങ്ങളുടെ കളര്‍ കോമ്പിനേഷനുകള്‍ തമ്മില്‍ യോജിച്ച് നില്‍ക്കണം. കൂടാതെ ഒരു കോസ്റ്റിയൂം മൊത്തത്തില്‍ നന്നായി വരണമെങ്കില്‍ അതിന്റെ കളര്‍ കോമ്പിനേഷന്‍, മേക്ക്അപ്, പശ്ചാത്തലം എന്നീ കാര്യങ്ങളൊക്കെ നന്നാവണം. 

സംവിധായകന്റെയും മറ്റും കൂട്ടായൊരു ചര്‍ച്ചയുടെ അവസാനമാണ് കോസ്റ്റിയൂം തീരുമാനിക്കുന്നത്. ഡിസൈനര്‍ക്ക് വസ്ത്രങ്ങളെപ്പറ്റി ഒന്നിലധികം ഓപ്ഷന്‍സ് നല്‍കാം എന്നിട്ടതില്‍ നിന്ന് സംവിധായകന് ഏറ്റവും ഇഷ്ടമായത് തിരഞ്ഞെടുക്കുകയാണ് പതിവ്. ഇതുവരെയുള്ള വര്‍ക്കുകളെല്ലാം നന്നായെന്ന് പറയുമ്പോള്‍ വെറുതെ ചിരിക്കുന്നതേയുള്ളു അരുണ്‍.

പരസ്യ ചിത്രങ്ങള്‍ ചെയ്തതിനു ശേഷമാണ് അരുണ്‍ സിനിമയിലേക്കുന്നത്. പരസ്യവും സിനിമയും ആവശ്യപ്പെടുന്നത് ക്രിയേറ്റിവിറ്റിയാണെങ്കിലും രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ഇരുജോലികളും ഇഷ്ടത്തോടെയാണ് ചെയ്യാറുളളതെന്ന് അരുണ്‍. ഇപ്പോഴും പരസ്യ ചിത്രങ്ങള്‍ ചെയ്യാറുണ്ട്.. ജ്വല്ലറി, ടെക്‌സ്റ്റൈല്‍ മുതയാവയുടെ പരസ്യങ്ങളാണ് അധികം ചെയ്യാറുള്ളത്. 

അരുണിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശവും കളര്‍ഫുള്ളായിരുന്നു. ജോയ് ആലുക്കാസിന്റെ പരസ്യ സെറ്റില്‍ വെച്ച് നടന്‍ റഹ്മാനോടുള്ള അടുപ്പമാണ് അരുണിനെ സിനിമാ ലോകത്തേക്കെത്തിക്കുന്നത്. റഹ്മാന്റെ ശുപാര്‍ശയോടു കൂടി അങ്ങനെ ലാവന്‍ഡര്‍ എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം ചെയ്തു. എന്നാല്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം ബോംബെ മാര്‍ച്ച്് 12 ആയിരുന്നു. അസോസിയേറ്റ് ഡയറക്ടര്‍ ദിലീപ് പണിക്കരാണ് ഈ ചിത്രത്തിന്റെ കോസ്റ്റിയും ഡിസൈനിങ് ചെയ്യാന്‍ അരുണിന് അവസരമുണ്ടാക്കി കൊടുത്തത്. അച്ചായന്‍സ്, ടിയാന്‍, ചെമ്പരത്തി, ക്യാപ്റ്റന്‍ തുടങ്ങിയവയാണ് അരുണ്‍ ചെയ്തിട്ട് ഇറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. 

ബെംഗളൂരു ഡീസൈന്‍ സ്‌കൂളില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കി ഇറങ്ങിയത് 2003ലാണ്. അന്ന് എല്ലാവരെപ്പോലെ അരുണിനും ഫാഷന്‍ ബ്യൂട്ടിക് തുടങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാലും നടന്നില്ല. പിന്നീട് മാഗസിനുകളുടെ ഫാഷന്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്തു.. പിന്നീടാണ് പരസ്യചിത്രങ്ങളിലേക്കും അവിടെ നിന്ന് ചലച്ചിത്രത്തിലേക്കുമുള്ള ചുവടുമാറ്റം. സിനിമ ഏറെ ആസ്വദിച്ചു ചെയ്യുന്ന ജോലിയാണെങ്കിലും ഫാഷന്‍ ബ്യൂട്ടീക് എന്ന ആഗ്രഹം ഇപ്പോഴും മനസില്‍ നിന്ന് പോയിട്ടില്ലെന്നും അരുണ്‍ പറഞ്ഞു. പാലക്കാരനായ അരുണ്‍ വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസിക്കുന്നത്. ഭാര്യ മേക്ഷ ഡയറ്റീഷനാണ്. മകള്‍ അരുഹി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com