ടൊയോട്ട സണ്ണി എന്ന മിശിഹ മാത്യൂസ്: പരോപകാരത്തിന്റെ ആള്‍രൂപം

ടൊയോട്ട സണ്ണി എന്ന മിശിഹ മാത്യൂസ്: പരോപകാരത്തിന്റെ ആള്‍രൂപം

സമയം 1990. എണ്ണയുടെ അക്ഷയഖനിയും അയല്‍ക്കാരമായ കുവൈറ്റിലേക്ക് ഇറാഖി സേന അധിനിവേശം നടത്തുന്നു. ഈ എണ്ണയില്‍ കണ്ണുവെച്ച് തന്നെയായിരുന്നു കുവൈറ്റിന്റെ മണ്ണിലേക്ക് ഇറാഖി സേന ടാങ്കറുകളുമായി കടന്നു കയറിയത്. ലോകത്തെ മൊത്തം എണ്ണയുടെ 20 ശതമാനം നിയന്ത്രണവും ഇറാഖിന്റെ കൈവശമായതോടെ യുണൈറ്റഡ് നേഷന്‍ കുവൈറ്റ് അധിനിവേശത്തിനെതിരേ രംഗത്ത് വരികയും അവിടെ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനൊന്നും കൂട്ടാക്കാതിരുന്ന ഇറാഖുമായി കച്ചവടം നടത്തുന്നതിന് എല്ലാ രാജ്യങ്ങള്‍ക്കും യുഎന്‍ സുരക്ഷാ സമിതി വിലക്കേര്‍പ്പെടുത്തി. 

ഇറാഖ് അധിനിവേശത്തിന് മുമ്പ് തന്നെ എണ്ണ സമ്പത്തുകൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ താണ്ടിക്കൊണ്ടിരുന്ന കുവൈറ്റിലേക്ക് നിരവധി ഇന്ത്യക്കാര്‍ എത്തിയിട്ടുണ്ട്. ഗള്‍ഫിലേക്കുള്ള കുടിയേറ്റസമയത്തു തന്നെ കുവൈറ്റിലും ഇന്ത്യക്കാര്‍ കാലുകുത്തി. 

1990ല്‍ ഗള്‍ഫ് യുദ്ധം കൊടുമ്പിരി കൊണ്ടതോടെ അവിടെയുള്ള രണ്ട് ലക്ഷത്തിനടുത്തുള്ള ഇന്ത്യക്കാരും പ്രതിസന്ധിയിലായി. ഏത് നിമിഷവും എന്തും സംഭവിക്കാം എന്നനിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. വിപി സിംഗ് പ്രധാനമന്ത്രിയായ അന്നത്തെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഗൗരവ ഇടപെടലുകള്‍ക്ക് മുതിരാതിരുന്നതോടെ കുവൈറ്റ് ഇന്ത്യക്കാരുടെ പ്രതീക്ഷയറ്റു.

എന്നാല്‍ അവിടെയാണ് മിശിഹ അവതരിച്ചത്. അതെ, മിശിഹ മാത്യു എന്ന വിശേഷണമുള്ള ടൊയോട്ട സണ്ണി എന്ന് വിളിപ്പേരുള്ള മാതുണ്ണി മാത്യൂസ് എന്ന പത്തനംതിട്ടക്കാരന്‍. 1956ലാണ് എല്ലാ പ്രവാസികളെയും പോലെ പത്തനംതിട്ട കുമ്പനാട് പരേതരായ എസി മാത്യൂസിന്റെയും ആച്ചിയമ്മയുടെയും മകനായ മാത്യൂസ് തൊഴിലിനായി കുവൈറ്റിലെത്തിയത്. അതൊരു ചരിത്ര നിയോഗത്തിനുള്ള പ്രവാസമായിരുന്നുവെന്ന് പിന്നീട് കാലം പറഞ്ഞു. 1957ല്‍ ടൊയോട്ട കാറുകളുടെ വില്‍പ്പന ഏജന്‍സിയായ നാസര്‍ മുഹമ്മദ് അല്‍ സായര്‍ ഗ്രൂപ്പില്‍ സര്‍വീസ് വിഭാഗത്തില്‍ ജോലിക്കു കയറി മാത്യൂസ് 1989ല്‍ ഈ കമ്പനിയുടെ ജനറല്‍ മാനേജരായി വിരമിച്ചു. ടൊയോട്ട കാറുകളുടെ വില്‍പ്പനയില്‍ കമ്പനി പുതിയ നേട്ടത്തിലെത്തിയപ്പോള്‍ മാത്യൂ ടൊയോട്ട സണ്ണിയായി പരിണാമപ്പെട്ടു.

ഈ സമയത്താണ് കുവൈറ്റിലേക്ക് ഇറാഖ് സൈന്യം അധിനിവേശം നടത്തുന്നത്. സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തിയുള്ള മലയാളി ബിസിനസുകാരനായ ടൊയോട്ട സണ്ണി അവിടെ സ്വന്തം കാര്യം നോക്കിയില്ല. 1,70,000 വരുന്ന ഇന്ത്യക്കാരെ യുദ്ധഭീതിയില്‍ നിന്നും നാട്ടിലെത്തിക്കാന്‍ എന്താണ് വഴിയെന്ന് ആലോചിച്ചു.

സുഹൃത്തുക്കളും ബന്ധങ്ങളും ഉപയോഗിച്ച് കുവൈറ്റ് സര്‍ക്കാരുമായി ധാരണയുണ്ടാക്കി. അന്നത്തെ വിദേശ കാര്യമന്ത്രി ഐകെ ഗുജറാളിനെ കുവൈറ്റ് സന്ദര്‍ശിപ്പിച്ചു. ഇതിനിടയില്‍ യുദ്ധഭീതി ഉയര്‍ന്നുകൊണ്ടേയിരുന്നു. സണ്ണി അപ്പോഴേക്കും ഇന്ത്യക്കാരുടെ രക്ഷകനായിരുന്നു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഉണര്‍ന്നു പ്രവര്‍ത്തിച്ച ടൊയോട്ട സണ്ണി ഇന്ത്യക്കാര്‍ക്കായി മാത്രം 20 സ്‌കൂളുകളില്‍ ക്യാംപൊരുക്കി 125 ബസുകളിലായി 1,70,000 ആളുകളെ അമ്മാനില്‍ എത്തിച്ചു. പിന്നീട് എയര്‍ ഇന്ത്യയുടെ വിമാനം 59 ദിവസങ്ങളിലായി 488 സര്‍വീസ് നടത്തിയാണ് ഈ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത് എയര്‍ ഇന്ത്യുയുടെ ചരിത്രത്തില്‍  പുതിയ ഒരു ഏടായിരുന്നു ഇത്. ലോക ചരിത്രത്തില്‍ ഇത്രയും വലിയ സംഖ്യ ആളുകളെ ഒഴിപ്പിക്കലും ചരിത്രത്തില്‍ രേഖപ്പെടുത്തി. ഒപ്പം ടൊയോട്ട സണ്ണിയുടെ പേരും.

1990 ഒക്ടോബര്‍ 31ന് ദുബയ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പത്രമായ ഖലീജ് ടൈംസ് ലേഖകന്‍ അബ്ദുറബ്ബാണ് സണ്ണിയുടെ ധീരകൃത്യം ലോകത്തിന് മുന്നിലെത്തിച്ചത്. സല്യൂട്ട് ടു സണ്ണി എന്നായിരുന്ന വാര്‍ത്തയുടെ തലക്കെട്ട്. പിന്നീട് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സണ്ണിയെ ശ്ലാഘിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. രക്ഷകനായ സണ്ണിയെ പത്രങ്ങള്‍ മിശിഹാ സണ്ണി എന്നുവരെ വിളിച്ചു. അതു സത്യമായിരുന്നു. രണ്ട് ലക്ഷത്തോളം ആളുകളെ സ്വന്തം ജീവനേക്കാള്‍ വില കല്‍പ്പിച്ച അയാള്‍ മിശിഹ തന്നെയായിരുന്നു.

തീര്‍ന്നില്ല, അക്ഷയ്കുമാറിനെ നായകനാക്കി കഴിഞ്ഞവര്‍ഷം രാജകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത എയര്‍ലിഫ്റ്റ് എന്ന ചിത്രവും ടൊയോട്ട സണ്ണിയുടെ രക്ഷപ്പെടുത്തലിന്റെ കഥയാണ് പറയുന്നത്. അദ്ദേഹത്തെ കുറിച്ചല്ല സിനിമ എന്ന് സംവിധായകന്‍ പറഞ്ഞിരുന്നെങ്കിലും രഞ്ജിത് കല്യാണ്‍ എന്ന കഥാപാത്രം ടൊയോട്ട സണ്ണി തന്നെയായിരുന്നു.

ഒരു പറ്റം മനുഷ്യരെ യുദ്ധത്തിനിടയിലെ മരണമുഖത്തു നിന്നും ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ സഹായിച്ച മാത്യു ലോകത്തിന് മുന്നില്‍ എന്നും മാതൃകയായിരിക്കുമെന്നതില്‍ സംശയമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com