ബാഹുബലിയെ അനുകരിച്ചു: തൊടുപുഴയില്‍ യുവാവിനെ ആന ചവിട്ടിത്തെറിപ്പിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 13th November 2017 08:48 PM |
Last Updated: 13th November 2017 08:48 PM | A+A A- |

ബാഹുബലിയെപ്പോലെ ആനയുടെ തുമ്പിക്കൈയില്‍ ചവിട്ടിക്കയറാന്‍ ശ്രമിച്ച യുവാവിനെ ആന തൂക്കിയെറിഞ്ഞു. ആനയുടെ അടുത്ത് പാപ്പാന്‍ ഇല്ലാത്ത തക്കം നോക്കിയാണ് തൊടുപുഴക്കാരനായ യുവാവ് ബാഹുബലി എന്ന ചിത്രത്തിലെ രംഗം അനുകരിക്കാനായി ആനയ്ക്ക് സമീപമെത്തുന്നത്.
ഒഴിഞ്ഞ പറമ്പില്‍ തളച്ചിട്ടിരുന്ന ആനയുടെ അടുത്തേക്ക് പഴവും മറ്റെന്തെക്കൊയോ തീറ്റസാധനങ്ങളുമായാണ് യുവാവ് എത്തിയത്. ഇതെല്ലാം കൊടുത്ത് ആനയെ വശത്താക്കി പുറത്ത് കയറാനായിരുന്നു ശ്രമം. യുവാവ് മദ്യലഹരിയിലുമായിരുന്നു. സുഹൃത്തുക്കള്‍ യുവാവിന്റെ 'ബാഹുബലി കളി' മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.
ആനയെ അനുനയിപ്പിച്ച് കൊമ്പില്‍ പിടിച്ച് ആനയ്ക്ക് മുകളില്‍ കയറാനുള്ള ആദ്യ ശ്രമത്തില്‍ തന്നെ ആന ഇയാളെ ആക്രമിച്ചു. തൂക്കി ദൂരേയ്ക്ക് എറിയുകയായിരുന്നു. വീണയുടനെ യുവാവിന്റെ ബോധം പോയി. തെറിച്ചുവീണ യുവാവിന്റെ കഴുത്ത് ഒടിഞ്ഞു. യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.