രസഗുള ഒഡിഷയുടേതല്ല; അതു ബംഗാളിന് സ്വന്തം

ജിയോഗ്രഫിക്കല്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയാണ് തര്‍ക്കത്തിന് തീരുമാനം കുറിച്ചത്. 
രസഗുള ഒഡിഷയുടേതല്ല; അതു ബംഗാളിന് സ്വന്തം

രണ്ടര വര്‍ഷത്തോളമായി നീണ്ടുനിന്ന തര്‍ക്കത്തിന് ഒടുവില്‍ തീരുമാനമായി. ഇന്ത്യയുടെ തനതായ മധുരപലഹാരങ്ങളില്‍ ഒന്നായ രസഗുളയുടെ യഥാര്‍ത്ഥ ഉല്‍ഭവം എവിടെനിന്നെന്നതായിരുന്നു തര്‍ക്കവിഷയം. ഒടുവില്‍ ജയം ബംഗാള്‍ സ്വന്തമാക്കി. ജിയോഗ്രഫിക്കല്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയാണ് തര്‍ക്കത്തിന് തീരുമാനം കുറിച്ചത്. 

'രസഗുളയുടെ ഉല്‍ഭവം പശ്ചിമബംഗാളില്‍ നിന്നാണെന്ന് ജി ഐ (ജിയോഗ്രഫിക്കല്‍ ഐഡന്റിഫിക്കേഷന്‍) അതോറിറ്റി അറിയിച്ചുകഴിഞ്ഞു. ഒരു വസ്തുവിനെകുറിച്ച് അതിന്റെ ഉല്‍ഭവ സ്ഥാനം ഉള്‍പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് ആധികാരികമായി പറയുന്ന ജി ഐ ആക്ടില്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്', പേറ്റന്റ്‌സ് ആന്‍്ഡ് ഡിസൈന്‍സ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ സജ്ഞയ് ഭട്ടാചാര്യ പറഞ്ഞു. 

വടക്കേ ഇന്ത്യയില്‍ കത്തിനിന്നിരുന്ന രസഗുളയെകുറിച്ചുള്ള തര്‍ക്കത്തില്‍ ബംഗാളിന്റെയും ഒഡിഷയുടെയും വൈകാരികത മാത്രമല്ല നിറഞ്ഞുനിന്നിരുന്നത്. ഉല്‍ഭവാവകാശം നേടിയെടുക്കാനായാല്‍ ഇരു സംസ്ഥാനങ്ങളിലെയും രസഗുള ഉണ്ടാക്കുന്ന ബിസിനസ്സുകാര്‍ക്ക് അത് മികച്ച അവസരമായിരുന്നു നേടികൊടുക്കുക. തര്‍ക്കത്തിന് പിന്നില്‍ ഇങ്ങനൊരു വശം കൂടി ഉണ്ടായിരുന്നെന്ന് സാരം. 2015ലാണ് ഇരു സംസ്ഥാനങ്ങളും ഈ തര്‍ക്കം ആരംഭിച്ചത്. 

'രണ്ടര വര്‍ഷം നീണ്ടുനിന്ന ദീര്‍ഘമായ തര്‍ക്കത്തിനൊടുവിലാണ് ജയം നേടാന്‍ സാധിച്ചത്. ഞാന്‍ വളരെ സന്തോഷവാനാണ്. ശീതകാലത്ത് പ്രസിദ്ധമായ ഒരു പലഹാരത്തിന്റെ ജി ഐ സ്വന്തമാക്കാന്‍ ഇതിന് മുമ്പ് ഞങ്ങളൊരിക്കല്‍ ശ്രമിച്ചിരുന്നു. അന്നും വിജയം ഞങ്ങള്‍ക്കൊപ്പമായിരുന്നു', മമ്ത ബാനര്‍ജി മന്ത്രിസഭയിലെ ഭക്ഷ്യ സംസ്‌കരണ മന്ത്രി റെസാക് മൊല്ല പറഞ്ഞു. ഒഡിഷ അനാവശ്യമായി വാദിക്കുകയായിരുന്നെന്നാണ് വിദ്യാഭ്യാസ മന്ത്രി പശ്ചിമബംഗാള്‍ പാര്‍ത്ത ചാറ്റര്‍ജി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com