സൗദിയില്‍ യോഗ കായിക ഇനമായി അംഗീകരിച്ചു: വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത് നൗഫ് മര്‍വായ് എന്ന വനിത

ചികിത്സകളൊന്നും ഫലിക്കാതെ വന്നപ്പോള്‍ ആശ്വാസമായത് യോഗയും ആയുര്‍വേദവും.
നൗഫ് മര്‍വായ്
നൗഫ് മര്‍വായ്

തികച്ചും ആകര്‍ഷണീയമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് നൗഫ് മര്‍വായ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏറെ ആത്മവവിശ്വാസം പകരുന്ന പെരുമാറ്റം അവരുടെ ദുരന്തരപൂര്‍വ്വമായുള്ള ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുന്നേയില്ല. ചെറുപ്പം മുതലേ മര്‍വായ്ക്ക് നിരവധി രോഗങ്ങളോടാണ് മല്ലിടേണ്ടി വന്നത്. ചികിത്സകളൊന്നും ഫലിക്കാതെ വന്നപ്പോള്‍ ആശ്വാസമായത് യോഗയും ആയുര്‍വേദവും.

യോഗ അഭ്യസിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഇന്ത്യയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുമ്പോള്‍ യോഗയെ കായിക ഇനമായി അംഗീകരിച്ചാണ് സൗദി അറേബ്യ മാതൃക കാണിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നൗഫ് മര്‍വായ് എന്ന 37കാരിയുടെ കരങ്ങളും. മര്‍വായ് ഇന്ന് സൗദിയിലെ ആദ്യ വനിതാ യോഗാ പരിശീലകയും അറബ് യോഗ ഫൗണ്ടേഷന്റെ സ്ഥാപകയുമാണ്. യോഗയും മതവും പരസ്പരം കലഹിക്കേണ്ടതല്ലെന്നാണ് അവര്‍ പറയുന്നത്.

യോഗയെ എങ്ങനെ സൗദിയിലെത്തിച്ചു എന്ന് ചോദിക്കുമ്പോള്‍, അത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല എന്നാണ് മര്‍വായ് പറയുന്നത്. ഒരു സമൂഹത്തിന് മുഴുവന്‍ വളരെ വ്യത്യസ്തമായൊരു ആശയം മനസിലാക്കി കൊടുക്കുക എന്നത് എളുപ്പമല്ല. പക്ഷേ, സൗദിയിലെ ജനങ്ങള്‍ ഒരു പരിധിവരെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ളവരായിരുന്നു. അതുകൊണ്ട് അവരോട് യോഗയുടെ ആരോഗ്യവശങ്ങളെപ്പറ്റി പറഞ്ഞ് മനസിലാക്കി കൊടുത്തു'- മര്‍വായ് പറഞ്ഞു.

ചെറുപ്പം മുതലേ വിളര്‍ച്ച, അലര്‍ജി തുടങ്ങിയ നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മര്‍വായ്. അതുകൊണ്ട് സ്വാഭാവികമായ ഒരു ജീവിതരീതി പിന്തുടരാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ ഘട്ടത്തിലാണ് ആരൊക്കെയോ യോഗയെക്കുറിച്ച് പറയുന്നത്. പിന്നീട് അതിനെക്കുറിച്ച് വായിച്ച് മനസിലാക്കുകയായിരുന്നു.

ഓസ്‌ട്രേലിയയില്‍ നിന്നാണ് മര്‍വായ് യോഗ പഠിച്ചത്. പിന്നീട് ഇന്ത്യയിലെത്തി. അപ്പോഴേക്കും രോഗം മര്‍വായ്‌യുടെ വൃക്കകളെ ബാധിച്ചിരുന്നു. പിന്നീട് കേരളത്തിലെ ആയുര്‍വേദ ഡോക്ടര്‍മാരാണ് മര്‍വായ്‌യെ ചികിത്സിച്ചത്. അസുഖം മാറി വന്നപ്പോഴേക്കും യോഗയുമായി നല്ല ആത്മബന്ധം ഉടലെടുത്തിരുന്നു. ഇന്ത്യക്കാര്‍ യോഗ പരിശീലിക്കുന്നത് കാണാന്‍ ഡെല്‍ഹി മുതല്‍ ഹിമാലയം വരെയുളള നിരവധി സ്ഥങ്ങളില്‍ നേരിട്ട് പോയി. 

ഇന്ത്യയില്‍ പോകുന്നതിനും യോഗയും ആയുര്‍വേദവും പഠിക്കുന്നതിലുമെല്ലാം മര്‍വായ്‌യുടെ കുടുംബത്തിന് ഏറെ ആശങ്കയുണ്ടായിരുന്നു. പക്ഷേ മകളുടെ ആരോഗ്യം മെച്ചപ്പെടുമല്ലോ എന്നോര്‍ത്തപ്പോള്‍ ആരും ഇവരുടെ ആഗ്രഹത്തിന് തടസം നിന്നില്ല. പക്ഷേ കുടുബത്തിലെ മറ്റ് ആളുകളുടെ പ്രതികരണങ്ങള്‍ വളരെ രൂക്ഷമായിരുന്നു. എന്നാലിപ്പോള്‍ അവരെല്ലാം തന്റെ ക്ലിനിക്കില്‍ തന്നെ പരിശോധനയ്ക്കും യോഗ പരിശീലത്തിനുമെല്ലാം എത്തിച്ചേരുന്നതായി മര്‍വായ് പറയുന്നു. 

അങ്ങനെ മതയാഥാസ്ഥികത ഭരണകൂടത്തെപ്പോലും നിയന്ത്രിച്ചിരുന്ന സൗദിയില്‍ യോഗ ഒരു കായിക ഇനമായി കൊണ്ടു വരാന്‍ നൗഫ് മര്‍വായ്ക്ക് കഴിഞ്ഞു. ഇവരുടെ നിരന്തര ശ്രമങ്ങളെ തുടര്‍ന്നാണ് യോഗയെ കായിക ഇനമായി പ്രഖ്യാപിച്ചത്. 

വര്‍ഷങ്ങളായി സൗദിയില്‍ യോഗ പഠിപ്പിക്കുന്ന നൗഫ് മര്‍വായി 2005 മുതലാണ് യോഗയെ കായിക ഇനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ആദ്യം ഇവരുടെ ആവശ്യത്തിനു നേരെ സൗദി സര്‍ക്കാര്‍ മുഖം തിരിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. ഇപ്പോള്‍ മക്ക, റിയാദ്, മദീന, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം യോഗ സെന്ററുകളും യോഗ അധ്യാപകരുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com