മദ്യവും മയക്കുമരുന്നും നല്‍കി നിരന്തരം ബലാല്‍സംഗം ; പീഡകനെ വധിച്ച യുവതിയ്ക്ക് നിയമസഹായവുമായി കിം കര്‍ദാഷിയാന്‍

സിന്റോയിയ ബ്രൗണ്‍ എന്ന പെണ്‍കുട്ടിയ്ക്കാണ് താരം നിയമസഹായവുമായെത്തിയത്
മദ്യവും മയക്കുമരുന്നും നല്‍കി നിരന്തരം ബലാല്‍സംഗം ; പീഡകനെ വധിച്ച യുവതിയ്ക്ക് നിയമസഹായവുമായി കിം കര്‍ദാഷിയാന്‍

നാഷ്‌വില്ലെ : പതിനാറാം വയസ്സില്‍ തന്നെ നിരന്തരം ബലാല്‍സംഗം ചെയ്തയാളെ കൊന്നതിന് ജയില്‍ശിക്ഷ അനുഭവിക്കുന്ന പെണ്‍കുട്ടിയ്ക്ക് നിയമസഹായവുമായി നടി കിം കര്‍ദാഷിയാന്‍. സിന്റോയിയ ബ്രൗണ്‍ എന്ന പെണ്‍കുട്ടിയ്ക്കാണ് താരം നിയമസഹായവുമായെത്തിയത്. കൗമാരത്തില്‍ തന്നെ ബലാല്‍സംഗത്തിനും വേശ്യാവൃത്തിയ്ക്കും ഇരയായ ബ്രൗണ്‍ എന്ന 29 കാരിയുടെ മനുഷ്യാവകാശ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതിന് പുറമെയാണ്, കിം നിയമസഹായവും വാഗ്ദാനം ചെയ്തത്. ബ്രൗണിന് വേണ്ട നിയമസഹായം നല്‍കാന്‍ കിം കര്‍ദാഷിയാന്‍ തന്റെ അഭിഭാഷക ഷോണ്‍ ഹോളിയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. 

ബലാല്‍സംഗം ചെയ്തയാളെ കൊന്നതിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ബ്രൗണ്‍ കഴിഞ്ഞ 13 വര്‍ഷമായി ജയിലിലാണ്. ബ്രൗണിന് 51 വര്‍ഷത്തിന് ശേഷമേ ജയിലിന് പുറത്തിറങ്ങാന്‍ പോലുമാകൂ. ബ്രൗണിന്റെ കഥ പുറം ലോകം അറിഞ്ഞതിന് പിന്നാലെ നിരവധി സെലിബ്രിറ്റികളാണ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുള്ളത്. കൗമാര പ്രായത്തിലാണ് സിന്റോണിയ ബ്രൗണിനെ കുത്രോട്ട് എന്നയാള്‍ ലൈംഗീകമായി പീഡിപ്പിക്കുന്നത്. ബ്രൗണിനെ നിരന്തരം പീഡിപ്പിച്ച ഇയാള്‍, അവരെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിക്കുകയും ചെയ്തു. നിരന്തര പീഡനങ്ങള്‍ക്കൊടുവില്‍ കൂത്രോട്ട്, ബ്രൗണിനെ നാഷ് വെല്ലെയിലെ റിയല്‍ട്ടര്‍ ജോണി അലനെന്ന 43 കാരന് വില്‍ക്കുന്നത്. 

മുന്‍ സൈനികനായ അലന്‍, ബ്രൗണിന് മദ്യവും മയക്കുമരുന്നും നല്‍കി നിരന്തരം ബലാല്‍സംഗം ചെയ്തു. ഒടുവില്‍ ഇയാള്‍ തന്നെ കൊല്ലുമെന്ന് ഭയന്ന ബ്രൗണ്‍, അലന്റെ തോക്ക് മോഷ്ടിച്ച് അയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. കേസില്‍ പിടിയിലായ ബ്രൗണിന് ആജീവനാന്ത തടവാണ് ലഭിച്ചത്. 51 വര്‍ഷത്തിന് ശേഷം മാത്രമേ പരോള്‍ പോലും അനുവദിക്കാവൂ എന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. കവര്‍ച്ച ലക്ഷ്യമിട്ടാണ് ബ്രൗണ്‍ കൊല നടത്തിയതെന്നായിരുന്നു പ്രോസിക്യൂട്ടര്‍ വാദിച്ചത്. ഫ്രീ സിന്റോയിയ ബ്രൗണ്‍ എന്ന ഹാഷ്ടാഗില്‍ ബ്രൗണ്‍ കോടതിയില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പം പ്രത്യക്ഷപ്പെട്ട ട്വീറ്റാണ് വീണ്ടും കേസിലേക്ക് ശ്രദ്ധ തിരിയാനിടയാക്കിയത്. 

കുത്രോട്ടിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പല തവണ താന്‍ ശ്രമിച്ചെന്നും, അപ്പോഴെല്ലാം കൊടിയ പീഢനമാണ് നേരിടേണ്ടി വന്നതെന്നും വിചാരണയ്ക്കിടെ ബ്രൗണ്‍ വ്യക്തമാക്കിയിരുന്നു. ടെന്നീസിയിലെ വനിതകളുടെ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ബ്രൗണ്‍, ഇപ്പോള്‍ ജുവനൈല്‍ ജസ്റ്റിസ് സിസ്റ്റമില്‍ ശമ്പളമില്ലാത്ത കണ്‍സള്‍ട്ടന്റായി ജോലിചെയ്യുകയാണ്. ബ്രൗണിന്റെ കഥ 2011 ല്‍ ഡാനിയേല്‍ എച്ച് ബിര്‍മാന്‍ ഡോക്യുമെന്ററിയാക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com