മേക്കപ്പിനൊന്നും ഒരു പരിധിയുമില്ല, ഡെയിന്‍ യൂണിന് സ്വന്തം ശരീരമാണ് ക്യാന്‍വാസ് 

യാഥാര്‍ത്ഥ്യങ്ങളെയും ധാരണകളെയും മാറ്റികുറിക്കുന്നവയായാണ് തന്റെ സൃഷ്ടികളെന്നാണ് യൂണ്‍ വിശേഷിപ്പിക്കുന്നത്.
മേക്കപ്പിനൊന്നും ഒരു പരിധിയുമില്ല, ഡെയിന്‍ യൂണിന് സ്വന്തം ശരീരമാണ് ക്യാന്‍വാസ് 

ഡെയിന്‍ യൂണിന് തന്റെ മുഖം തന്നെയാണ് ക്യാന്‍വാസ്. സൗത്ത് കൊറിയയിലെ സിയൂളില്‍ നിന്നുള്ള ഈ 24കാരി അടുത്തിടെ ഒരു ടിവി ഷോയില്‍ അതിഥിയായി വന്നതോടെ ആരാധകരേറിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമാണ് ഈ കലാകാരിയുടെ തട്ടകം. യൂണിന്റെ ഇന്‍സ്റ്റഗ്രാം പേജിലെത്തിയാല്‍ അതിശയപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഇതെല്ലാം യഥാര്‍ത്ഥമാണോ അതോ തോന്നലാണോ എന്നായിരിക്കും സംശയം. മുഖത്ത് ഇതുവരെ ആരും ചെയ്തു കണ്ടിട്ടില്ലാത്ത മേക്കപ്പ് പരീക്ഷണങ്ങള്‍ നടത്തുകയാണ് യൂണ്‍. 

സ്വന്തം മുഖത്ത് അഞ്ച് മുഖങ്ങള്‍ തീര്‍ക്കുന്ന മേക്കപ്പിന്റെ അവസാന മിനിക്കുപണികള്‍ ചെയ്യുന്ന വീഡിയോ യൂണ്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ചിരുന്നു. 14 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ നാല് മില്ല്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. അവിശ്വസനീയം, അതിമനോഹരം തുടങ്ങിയ വാക്കുകള്‍ കൊണ്ട് കമ്മന്റ് ബോക്‌സ് നിറയുകയാണ്. 

യൂണ്‍ തന്റെ സങ്കീര്‍ണ്ണമായ മേക്കപ്പിനെ പെയിന്റിംഗിന്റെ മറ്റൊരു രീതി എന്നാണ് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ സ്വന്തം ശരീരം തന്നെ ക്യാന്‍വാസായി ഉപയോഗിക്കുകയായിരുന്നെന്നാണ് യൂണ്‍ പറയുന്നത്. ആളുകള്‍ക്ക് ലോകത്തുണ്ടാകുന്ന അനുഭവങ്ങളാണ് തന്റെ ബോഡി ആര്‍ട്ടില്‍ പ്രതിഫലിക്കുന്നതെന്ന് യൂണ്‍ പറയുന്നു. ഓരോ ആളുകളും ഒരു കാര്യത്തെ കാണുന്നത് വ്യതസ്തമായ രീതികളിലാണ്. ഓരോരുത്തരും തങ്ങളുടേതായ ഭാവനയ്ക്കനുസരിച്ചാണ് ഒരു കാര്യത്തെ നോക്കികാണുന്നത്. യാഥാര്‍ത്ഥ്യങ്ങളെയും ധാരണകളെയും മാറ്റികുറിക്കുന്നവയായാണ് തന്റെ സൃഷ്ടികളെന്നാണ് യൂണ്‍ വിശേഷിപ്പിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവക്കുന്ന ചിത്രത്തിലേതുപോലെയൊരു മേക്കപ്പുമായി അഭിമുഖത്തിനെത്തിയ യൂണിനെകണ്ട് അവതാരികയ്ക്ക് എവിടെനോക്കിയാണ് സംസാരിക്കേണ്ടതെന്ന സംശയമാണ് ഉണ്ടായത്. എപ്പോഴും ക്രിയാത്മകമായും പുതുമയുള്ളതും ചെയ്യാനുള്ള തന്റെ ആഗ്രഹമാണ് ഇത്തരത്തിലൊരു ആശയത്തില്‍ എത്തിച്ചതെന്ന് അഭിമുഖത്തില്‍ യൂണ്‍ പറയുന്നു. 

ഒന്ന് മുതല്‍ മൂന്ന് മണിക്കൂറുകളാണ് ഇത്തരം മേക്കപ്പുകള്‍ക്കായി യൂണ്‍ ചിലവഴിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുക മാത്രമല്ല ചിലപ്പോള്‍ ഇതേ മുഖവുമായി യൂണ്‍ പുറത്തേക്കൊക്കെ ഇറങ്ങിനോക്കാറുമുണ്ട്. ഒരിക്കല്‍ തന്റെ രൂപം കണ്ട് ഒരു കുട്ടി പേടിച്ച് കരഞ്ഞിട്ടുണ്ടെന്ന് യൂണ്‍ ഓര്‍മിക്കുന്നു. 

മുഖം മാത്രമല്ല യൂണിന്റെ ക്യാന്‍വാസ് നഖങ്ങളിലും വ്യത്യസ്ത ഡിസൈനുകള്‍ യൂണ്‍ അവതരിപ്പിക്കുന്നു. വിവിധ മുഖ ഭാവങ്ങള്‍ വിരലുകളില്‍ പെയിന്റ് ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഉപയോഗിച്ചിട്ടുള്ള മുടിയാകട്ടെ സ്വന്തം മുടി മുറിച്ചതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com