ബാറില്‍ മദ്യം വിളമ്പാന്‍ സ്ത്രീകള്‍;  നമ്മുടെ സ്വന്തം തൊടുപുഴയില്‍

തൊടുപുഴയിലാണ് പുരുഷന്മാരുടെ കുത്തകയായ തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: ബാറില്‍ മദ്യം വിളമ്പാന്‍ സ്ത്രീകള്‍. മെട്രൊ നഗരങ്ങളില്‍ അത്ര പുതുമയല്ലാത്ത ബാര്‍ വെയ്ട്രസുമാര്‍ കേരളത്തിലും എത്തുന്നു. സംസ്ഥാനത്തെ വന്‍ നഗരങ്ങളിലല്ല, തൊടുപുഴയിലാണ് പുരുഷന്മാരുടെ കുത്തകയായ തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. 

തൊടുപുഴയിലെ ഹോട്ടല്‍ ജൊവാന്‍സ് റീജന്‍സിയിലാണ് രണ്ടു വെയ്ട്രസുമാര്‍ പണിയെടുക്കുന്നത്. ഫോര്‍ സ്റ്റാര്‍ ബാറും ഹോട്ടലും പ്രവര്‍ത്തിക്കുന്ന ഇവിടെ കൂടുതല്‍ സ്ത്രീകളെ നിയമിക്കാന്‍ മാനേജ്‌മെന്റിന് ഉദ്ദേശ്യവുമുണ്ട്. നിലവിലെ രണ്ടു പേരില്‍ ഒരാളാണ് മലയാളി. കൂത്താട്ടുകുളം സ്വദേശി രാജി. ബാറിലെ ജോലിയെക്കുറിച്ചുള്ള സമൂഹത്തിന്റെ ഉത്കണ്ഠകള്‍ക്കുള്ള മറുപടിയാണ് ഈ ജോലിയെക്കുറിച്ചുള്ള രാജിയുടെ അനുഭവ സാക്ഷ്യം. കസ്റ്റമേഴ്‌സില്‍നിന്നു യാതൊരുവിധ പ്രശ്‌നങ്ങളും ജോലിയില്‍ നേരിടുന്നില്ലെന്ന് രാജി പറയുന്നു. ഒരുവിധത്തിലുള്ള ആശങ്കയ്ക്കും ഈ ജോലിയില്‍ സ്ഥാനമില്ല. കൂടുതല്‍ പേര്‍ ഈ രംഗത്തേക്കു വരണമെന്നാണ് രാജി അഭിപ്രായപ്പെടുന്നത്. 

ഇന്ന് ഏതാണ്ട് എല്ലാ രംഗത്തും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏതെങ്കിലും മേഖലയില്‍ സ്ത്രീകള്‍ക്ക് വിലക്കു കല്‍പ്പിക്കേണ്ടതില്ലെന്നും ജൊവാന്‍സ് എംഡി ജില്‍മന്‍ ജോര്‍ജ് പറയുന്നു. വനിതാ ജീവനക്കാര്‍ക്ക് പൂര്‍ണമായ സുരക്ഷ ഉറപ്പു വരുത്താന്‍ തങ്ങള്‍ക്കു കഴിയുന്നുണ്ട്. തൃപ്തിയോടെയാണ് അവര്‍ ജോലി ചെയ്യുന്നത് എന്നാണ് തന്റെ വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു.

ഒഡിഷ സ്വദേശിയായ ജോസിയാണ് ഇവിടെ ജോലി ചെയ്യുന്ന മറ്റൊരു വെയ്ട്രസ്. ചിലരുടെ തുറിച്ചുനോട്ടം മാത്രമാണ് ആകെയൊരു പ്രശ്‌നമായി തോന്നിയിട്ടുള്ളതെന്നാണ് ജോസി പറയുന്നത്. പരിചിതമല്ലാത്ത മേഖലയില്‍ യുവതികളെ കാണുന്നതു കൊണ്ടാണത്. മറ്റു പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും ജോസി വ്യക്തമാക്കുന്നു. 

ഇരുപതു വെയ്റ്റര്‍മാരാണ് ഇവിടെ ബാറിലുളളത്. ജോലിക്കാരുടെ എണ്ണം കൂട്ടുമ്പോള്‍ കൂടുതല്‍ വനിതകളെ നിയമിക്കാന്‍ ഉ്‌ദ്ദേശിക്കുന്നുണ്ടെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com