50 വര്‍ഷം മുന്‍പ് പിരിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു; വിവാഹം അടുത്തയാഴ്ച! 

ആദ്യ പ്രണയത്തില്‍ നിന്ന് പുറത്തുകടക്കുക പ്രയാസകരമാണെന്നും മുടി നരച്ചതൊഴിച്ചാല്‍ തങ്ങള്‍ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും ഹരോള്‍ഡ്
50 വര്‍ഷം മുന്‍പ് പിരിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു; വിവാഹം അടുത്തയാഴ്ച! 

1956ലാണ് ഹരോള്‍ഡ് ഹോളണ്ടും ലിലിയന്‍ ബാര്‍നെസ്സും അവരുടെ പ്രണയത്തെ വിവാഹത്തിലേക്ക് എത്തിച്ചത്. പിന്നീടുള്ള 12 വര്‍ഷങ്ങള്‍ ഒന്നിച്ച്. അഞ്ച് കുട്ടികളുള്ള ഈ ദമ്പതികള്‍ പക്ഷെ 1968ല്‍ തങ്ങളുടെ ഒന്നിച്ചുള്ള ദാമ്പത്യം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പ്രണയം ഒരിക്കലും മരിക്കില്ല എന്ന് തെളിയിക്കുകയാണ് ഇവര്‍. 50വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ വീണ്ടും ഒന്നിക്കുകയാണ്. കൗമാരത്തില്‍ പ്രണയം പങ്കുവച്ച ഇവര്‍ക്കിപ്പോള്‍ പ്രായം 83ഉം 79ഉം. 

ഹരോള്‍ഡിനെയും ലിലിയനെയും ഇപ്പോള്‍ കണ്ടാലും രണ്ട് കൗമാരക്കാര്‍ തമ്മില്‍ പ്രണയിക്കുന്നത് പോലെയാണ് തോന്നുകയെന്ന് ഇവരുടെ കൊച്ചുമകന്‍ ജോഷുവാ ഹോളണ്ട് പറയുന്നു. ഇന്നും അവര്‍ തമ്മില്‍ അഭിസംബോധന ചെയ്യുന്നത് തേനേ, ചക്കരെ, വാവേ എന്നൊക്കെ തന്നെ. ഒന്നിച്ച് കൈകോര്‍ത്തുപിടിച്ച് തമാശകള്‍ പറഞ്ഞിരിക്കുന്ന അവരെ നോക്കിനില്‍ക്കാന്‍ തന്നെ രസമാണെന്ന് ജോഷ്വ പറയുന്നു.  

തമ്മില്‍ പിരിഞ്ഞതിന് ശേഷം ഹരോള്‍ഡും ലിലിയനയും മറ്റൊരു കുടുംബജീവിതം ആരംഭിച്ചിരുന്നെങ്കിലും ജന്മദിനങ്ങള്‍, വിവാഹം തുടങ്ങിയ പരിപാടികള്‍ക്ക് ഇവര്‍ ഒന്നിച്ച് പങ്കെടുക്കുമായിരുന്നു. എന്നാല്‍ ഇരുവരും തങ്ങളിടെ ജീവിതത്തില്‍ കണ്ടെത്തിയ പങ്കാളികള്‍ 2015ല്‍ മരിച്ചു. കഴിഞ്ഞവര്‍ഷം ഹരോള്‍ഡ് കുടുംബാംഗങ്ങള്‍ക്കായി നടത്തിയ പാര്‍ട്ടിയാണ് ഇവര്‍ക്കിടയില്‍ വീണ്ടും പ്രണയം വിരിയിച്ചത്. പാര്‍ട്ടി എല്ലാ വര്‍ഷവും പതിവുള്ളതായിരുന്നെങ്കിലും ഇക്കുറി ലിലിയനയും പങ്കെടുത്തു എന്നതായിരുന്നു പ്രത്യേകത. ഈ കണ്ടുമുട്ടല്‍ പിന്നീട് ഒന്നിച്ചുള്ള അത്താഴവിരുന്നിലേക്കും ഇടയ്ക്കിടയ്ക്കുള്ള കണ്ടുമുട്ടലുകളിലേക്കും നീണ്ടു. അപ്പോഴെല്ലാം 50വര്‍ഷം മുന്‍പ് തങ്ങള്‍ക്കിടയിലുണ്ടായിരുന്ന സൗഹൃദം വീണ്ടും ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നെന്നാണ് ഹരോള്‍ഡിന്റെ വാക്കുകള്‍.

ലിലിയന തനിക്ക് ഒരു അവസരം കൂടെ നല്‍കയപ്പോള്‍ അതിശയമായിരുന്നെന്നും ആദ്യ വിവാഹം പരാജയമാക്കാന്‍ കാരണം താന്‍ തന്നെയാണെന്നുമാണ് ഹരോള്‍ഡിന്റെ വാക്കുകള്‍. ആഴ്ചയില്‍ ഏഴ് ദിവസവും ഓഫിസില്‍ മാത്രം ചിലവഴിക്കുകയായിരുന്നു അക്കാലങ്ങളില്‍ തന്റെ പതിവെന്നും. അതിനുപുറമെ മറ്റ് പല കാരണങ്ങളും അന്നത്തെ വേര്‍പിരിയലിന് ഉണ്ടായിരുന്നെന്നും ഹരോള്‍ഡ് പറഞ്ഞു. ആദ്യ പ്രണയത്തില്‍ നിന്ന് പുറത്തുകടക്കുക പ്രയാസകരമാണെന്നും മുടി നരച്ചതൊഴിച്ചാല്‍ തങ്ങള്‍ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മുത്തച്ഛന്‍ മുത്തശ്ശിയെ വിവാഹം ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ അത്ര രസകരമായി തോന്നില്ലെങ്കിലും തങ്ങളുടെ കൊച്ചുമക്കളെല്ലാം വളരെ സന്തോഷത്തിലാണെന്ന് ഹരോള്‍ഡ് പറഞ്ഞു. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ഒരു ലളിതമായ ചടങ്ങായാണ് വിവാഹം ക്രമീകരിക്കുന്നത്. ഏകദേശം 300നടുത്ത് അതിഥികള്‍ മാത്രം. എന്നാല്‍ ക്ഷണിച്ചില്ലെങ്കില്‍ പോലും വിവാഹത്തിന് വരാന്‍ തയ്യാറാണെന്നാണ് പലരും പറയുന്നതെന്ന് ഹരോള്‍ഡ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com