ആ പത്തില്‍ പകുതിയും ചെമ്മീന്‍ തന്നെ

ഇതുവരെ ഈ അംഗീകാരം ലഭിച്ച 36 രാജ്യങ്ങളിലെ 338 സമുദ്ര വിഭവങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അഷ്ടമുടിക്കായലിലെ കക്കയ്ക്ക് മാത്രമാണ് അംഗീകാരം നേടിയെടുക്കാനായിട്ടുള്ളത്.
ആ പത്തില്‍ പകുതിയും ചെമ്മീന്‍ തന്നെ

ചെമ്മീന്‍ ഇനി പഴയ ചെമ്മീനല്ല. ചെമ്മീനും കൂന്തലിനും കിളിമീനിനുമെല്ലാം വിഐപി പദവിയാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സമുദ്രവിഭവങ്ങളുടെ കയറ്റുമതി മൂല്യം ഉയര്‍ത്തുന്നതിന്റെ ഭാഗമായി, വിദേശ വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കാനാവശ്യമായ മറൈന്‍ സ്റ്റിവാര്‍ഡ്ഷിപ് കൗണ്‍സില്‍(എംഎസ്‌സി) സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനായുള്ള പത്ത് ഇനങ്ങളുടെ മുന്‍ഗണനാ പട്ടികയില്‍ പകുതിയും ചെമ്മീനിന്റെ വകഭേദങ്ങളാണ്.

കാവാലന്‍ ഞണ്ട്, ചെമ്മീന്‍, റെഡ് റിങ് ചെമ്മീന്‍, കൂന്തല്‍, പ്രാമുട്ട ശംഖ്, ഫ്‌ലവര്‍ ചെമ്മീന്‍, കള്ളന്‍ കണവ, കടല്‍ കൊഞ്ച്, വരയന്‍ ചൂര, കിളിമീന്‍ എന്നിവയാണ് ആ അതിവിശിഷ്ട സമുദ്ര വിഭവങ്ങള്‍. എംഎസ്‌സി സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കുന്നതിനായി കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനത്തില്‍(സിഎംഎഫ്ആര്‍ഐ) പാനല്‍ ചര്‍ച്ചയിലാണ് പട്ടിക തയാറാക്കിയത്. ഇന്ത്യന്‍ മത്സ്യങ്ങള്‍ക്ക് വിദേശ വിപണിയിലെ പ്രാധാന്യം കണക്കിലെടുത്താണ് ഇവയുടെ പട്ടിക തയാറാക്കിയത്. 

എംഎസ്‌സിയുടെ ഇക്കോ ലേബലിങ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് കൂട്ടായ ശ്രമങ്ങള്‍ നടത്താന്‍ മത്സ്യമേഖലയിലെ വിദഗ്ധര്‍, സമുദ്രമത്സ്യ കയറ്റുമതി വ്യവസായികള്‍, മത്സ്യത്തൊഴിലാളികള്‍, മത്സ്യ മൊത്തവ്യാപാരികള്‍ എന്നിവരടങ്ങിയ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. മത്സ്യസമ്പത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള പരിപാലന പദ്ധതികളും നടപ്പിലാക്കും. 

എംഎസ്‌സി സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ അധികൃതര്‍. കാരണം സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ, ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന സമുദ്ര വിഭവങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കുകയുള്ളു. അതിനാല്‍ സുസ്ഥിരതയും ഗുണനിലവാരവും ഉറപ്പാക്കാനുള്ള പദ്ധതികള്‍ക്ക് ചര്‍ച്ചയില്‍ രൂപം നല്‍കിയിട്ടുണ്ട്. 

എംഎസ്‌സി സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിലൂടെ സമുദ്രവിഭവങ്ങളുടെ വിദേശനാണ്യ മൂല്യം വര്‍ധിപ്പിക്കാമെന്ന് ലണ്ടന്‍ ആസ്ഥാനമായ എംഎസ് സിയുടെ പ്രോഗ്രാം മേധാവി ഡോ. യെമി ഒലാരുന്ദുയി പറഞ്ഞു. സുസ്ഥിരത ഉറപ്പുവരുത്താത്ത സമുദ്രവിഭവങ്ങള്‍ വിദേശ രാജ്യങ്ങളില്‍ വിപണനം നടത്തുന്നത് അത്ര എളുപ്പമല്ല. 

ഇന്ത്യന്‍ മത്സ്യമേഖലയ്ക്ക് യൂറോപ്പ്, വടക്കനമേരിക്കന്‍ രാജ്യങ്ങളിലെ വിപണികളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന് സര്‍ട്ടിഫിക്കേഷന്‍ സഹാകരമാകുമെന്ന് സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പലും സയന്റിസ്റ്റുമായ ഡോ സുനില്‍ മുഹമ്മദ് പറഞ്ഞു. ഇതുവരെ ഈ അംഗീകാരം ലഭിച്ച 36 രാജ്യങ്ങളിലെ 338 സമുദ്ര വിഭവങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അഷ്ടമുടിക്കായലിലെ കക്കയ്ക്ക് മാത്രമാണ് അംഗീകാരം നേടിയെടുക്കാനായിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com