ഈ ഗ്രാമത്തിലെ തെരുവു നായ്ക്കള്‍ കോടിപതികളാണ്‌

ഗുജറാത്തില്‍ മെഹ്‌സാന നഗരത്തിനു സമീപമുള്ള പാഞ്ചോട് ഗ്രാമത്തിലെ ഓരോ നായയ്ക്കും കോടികളുടെ ആസ്തിയാണുള്ളത്
ഈ ഗ്രാമത്തിലെ തെരുവു നായ്ക്കള്‍ കോടിപതികളാണ്‌

കേരളത്തില്‍ ഭൂമിയുടെ പേരില്‍ വമ്പന്‍ കോലാഹലങ്ങള്‍ നടക്കുമ്പോള്‍ ഇതാ ഗുജറാത്തില്‍ നിന്ന് ഒരു രസികന്‍ കഥ. ഗുജറാത്തില്‍ മെഹ്‌സാന നഗരത്തിനു സമീപമുള്ള പാഞ്ചോട് ഗ്രാമത്തിലെ ഓരോ നായയ്ക്കും കോടികളുടെ ആസ്തിയാണുള്ളത്. 

മെഹ്‌സാന ബൈപ്പാസിന്റെ നിര്‍മാണമാണ് ഇവിടെ നായ്ക്കളെ ഇത്രയും സമ്പന്നരാക്കിയതെന്ന് പറയാം. പോഞ്ചോട് ഗ്രാമത്തിലൂടെ നിര്‍മിച്ചിരിക്കുന്ന ഈ ബൈപ്പാസ് ഇവിടുത്തെ സ്ഥലവിലയെയും കാര്യമായി ബാധിച്ചിരുന്നു. ഒരു ബിഘയ്ക്ക് 3.5കോടി രൂപയാണ് ഇപ്പോള്‍ ഇവിടുത്തെ സ്ഥലവില. അതായത് ഒരു ഏക്കറിന് ഏകദേശം 14കോടി രൂപ. 

തെരുവുനായ്ക്കളുടെ സംരക്ഷണത്തിനായി രൂപീകരിച്ച മഠ് നി പതി കുതരിയാ ട്രസ്റ്റിന് പോഞ്ചോടില്‍ ഏകദേശം അഞ്ചേകാല്‍ ഏക്കറോളം സ്ഥലമുണ്ട്. തെരുവുനായ്ക്കളെ സംരക്ഷിക്കാനായി സംഭാവനയായി ലഭിച്ചതാണ് ഈ സ്ഥലം. സ്ഥലം പട്ടികളുടെ പേരിലല്ലെങ്കിലും സ്ഥലത്തു നിന്ന് ലഭിക്കുന്ന വരുമാനം മുഴുവന്‍ പട്ടികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ഇവിടെ ഇപ്പോള്‍ 70 പട്ടികളാണുള്ളത്. അങ്ങനെനോക്കുമ്പോള്‍ ഓരോ പട്ടിക്കും ഒരു കോടി രൂപയിലധികം ആസ്തി ഉണ്ട്. 

തെരുവുനായ്ക്കള്‍ക്കായി സ്ഥലം സംഭാവനചെയ്യുന്ന രീതി ഇവിടെ വര്‍ഷങ്ങള്‍ക്കുമുമ്പ് നിലനിന്നിരുന്ന ഒന്നാണ്. ധാരാളം സ്ഥലമുള്ള സമ്പന്ന വ്യക്തികള്‍ തുടങ്ങിവെച്ചതാണ് ഈ രീതി. സ്ഥലം നോക്കിനടത്താനുള്ള കഷ്ടപ്പാടാണ് ഇവര്‍ സ്ഥലം നായ്ക്കളുടെ സംരക്ഷണത്തിനായി വിട്ടുനല്‍കാന്‍ കാരണം. ചില വ്യക്തികള്‍ സ്ഥലത്തിന്റെ നികുതി അടയ്ക്കാന്‍ കഴിയാത്തതുകാരണം ഇത്തരത്തില്‍ നായ്ക്കള്‍ക്കായി സ്ഥലം കൈമാറ്റം ചെയ്തു നല്‍കിയിട്ടുണ്ട്. അന്ന് ഇത്തരത്തില്‍ സ്ഥലം നല്‍കിയപ്പോള്‍ ഈ പ്രദേശത്തെ സ്ഥലവില ഇപ്പോള്‍ ഉള്ളതുപോലെ ആയിരുന്നില്ലതാനും. ഏകദേശം 70 വര്‍ഷം മുമ്പാണ് ഈ സ്ഥലമെല്ലാം ട്രസ്റ്റിലേക്ക് നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com