16ാം കൊല്ലവും ക്ലിപ്പാറ്റന്‍ പറന്നെത്തി ഇണക്കിളിയെ കാണാന്‍ 

മലേനയുടെ കാമുകനായ ക്ലിപാറ്റനാകട്ടെ എല്ലാ വര്‍ഷവും സൗത്ത് ആഫ്രിക്കയില്‍ നിന്ന് പറന്നെത്തും മലേനയെ കാണാന്‍. ഇത്തവണ ഇത് തുടര്‍ച്ചയായ 16ാം വര്‍ഷമാണ് മലേനയെ കാണാന്‍ ക്ലിപ്പാറ്റന്‍ എത്തിയത്
16ാം കൊല്ലവും ക്ലിപ്പാറ്റന്‍ പറന്നെത്തി ഇണക്കിളിയെ കാണാന്‍ 

ക്രൊയേഷ്യക്കാരിയായ മലേന വികലാംഗയാണ്. യാത്ര ചെയ്യാനാവില്ല. എന്നാല്‍ മലേനയുടെ കാമുകനായ ക്ലിപാറ്റനാകട്ടെ എല്ലാ വര്‍ഷവും സൗത്ത് ആഫ്രിക്കയില്‍ നിന്ന് പറന്നെത്തും മലേനയെ കാണാന്‍. ഇത്തവണ ഇത് തുടര്‍ച്ചയായ 16ാം വര്‍ഷമാണ് മലേനയെ കാണാന്‍ ക്ലിപ്പാറ്റന്‍ എത്തിയത്. നല്ല കഥ, എന്നാല്‍ ഇത് ഇവിടെ പറയാന്‍ എന്താണ് കാര്യമെന്നല്ലെ, മലേനയും ക്ലിപ്പാറ്റനും മനുഷ്യരല്ല, രണ്ട് പക്ഷികളാണ്.

ഇവരുടെ ഈ പ്രണയം ഇരുവരെയും ക്രൊയേഷ്യയില്‍ സെലിബ്രിറ്റികളാക്കിയിരിക്കുകയാണ്. 62കുഞ്ഞുങ്ങളുള്ള ഇവര്‍ തങ്ങളുടെ അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. മലേനയെ ഇപ്പോള്‍ സംരക്ഷിക്കുന്നത് ക്രൊയേഷ്യയിലെ ഒരു പ്രാദേശിക സ്‌കൂളിലെ കെയര്‍ടേക്കറായ സ്റ്റെപാന്‍ വോക്കികാണ്. 1993മുതലാണ് നായാട്ടുകാരുടെ വെടിയേറ്റ് പരുക്കുപറ്റിയ മലേനയെ സ്റ്റെപാന്‍ ദത്തെടുത്ത് വളര്‍ത്താന്‍ ആരംഭിച്ചത്. 

ഒരു സ്‌റ്റോറേജ് കെട്ടിടത്തില്‍ ഒരുക്കിയ കൂട്ടിലാണ് മലേന മഞ്ഞുകാലം കഴിച്ചുകൂട്ടുന്നത്. ചൂടുനിലനിര്‍ത്താനുള്ള സംവിധാനവും ഒരു അക്വേറിയവും എല്ലാമുള്ള ഈ കെട്ടിടത്തെ വോകിക് വിളിക്കുന്നത് ഒരു താത്കാലിക ആഫ്രിക്ക എന്നാണ്. വസന്തകാലത്ത് സ്റ്റെപാന്‍ കെട്ടിടത്തിന് മുകളിലായി ഒരു ഭീമന്‍ പക്ഷികൂട് തന്നെ മലോനയ്ക്ക് പണിതുനല്‍കും.

ക്ലിപാറ്റനാകട്ടെ തന്റെ സന്ദര്‍ശന നാളുകളില്‍ തന്നെ മക്കളെ പറക്കാനും മറ്റും പഠിപ്പിക്കും. ഈ സമയം മലേനയ്ക്ക് വേണ്ട എല്ലാ പരിചരണവും സ്റ്റെപാന്‍ ഒരുക്കും. മീന്‍പിടിക്കാനും മറ്റും പുറത്തേക്ക് പോകുമ്പോള്‍ മലേനയെ ഒപ്പം കൂട്ടാറുണ്ടെന്നും ടിവി പോലും തങ്ങള്‍ ഒന്നിച്ചിരുന്നു കാണാരുണ്ടെന്നുമാണ് സ്‌റ്റെപാന്റെ വാക്കുകള്‍. 

അന്ന് രക്ഷിക്കാതിരുന്നെങ്കില്‍ മലേന വല്ല കുറുക്കന്റെയോ പിടിയില്‍ അകപ്പെടുമായിരുന്നെന്നും അന്ന് താന്‍ രക്ഷപെടുത്തിയതുകൊണ്ടുതന്നെ മലേനയുടെ ഇനിയുള്ള ജീവിതത്തിന് താന്‍ ഉത്തരവാദിയാണെന്നും സ്റ്റെഫാന്‍ വിശ്വസിക്കുന്നു. 

കൊക്കുകളുടെ ഇനത്തില്‍ പെട്ടതാണ് മലേനയും ക്ലിപാറ്റനും. ഏകദേശം 1,500ഓളം ജോടി കൊക്കുകളെ ക്രൊയേഷ്യയില്‍ കാണാന്‍ കഴിയും. ഇവിടെ മനുഷ്യരേക്കാളധികം പക്ഷികളാണെന്നും പറയാം. ക്രൊയേഷ്യയിലെ വീടുകളുടെ മേല്‍ക്കൂരകളും വഴിവിളക്കുകളും പോലും പക്ഷികളുടെ വാസകേന്ദ്രങ്ങളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com