കണിക്കൊന്നകള്‍ പൂക്കുമ്പോള്‍...

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലുമായി മലയാളി ഇന്നും വിഷുവിന് ഒരുങ്ങുന്നു, കണിക്കൊന്നകളുടെ പൂവിറുക്കലുകള്‍ക്ക് ഒപ്പം നിന്ന് കണിയൊരുക്കുന്നു. 
കണിക്കൊന്നകള്‍ പൂക്കുമ്പോള്‍...

പീതാംബരശോഭയോടെ കണിക്കൊന്നകള്‍ പൂത്തുലഞ്ഞിരിക്കുന്നു. ഐശ്വര്യത്തിന്റെ പൂത്താലവുമേന്തി ഒരിക്കല്‍ക്കൂടി പടിവാതില്‍ക്കല്‍ വിഷു. ആഘോഷത്തിമര്‍പ്പിന്റെ ദിനങ്ങളാണ് വിഷു മലയാളത്തിനു സമ്മാനിക്കുന്നത്. കാലഗതിക്കനുസരിച്ച് ജീവിതരീതികളില്‍ മാറ്റം വന്നെങ്കിലും പാരമ്പര്യ ആഘോഷങ്ങളെല്ലാം മലയാളികള്‍ കൊണ്ടാടുന്നു. അതുകൊണ്ടുതന്നെ ഓരോ ഉത്സവവേളകളും നമ്മിലേക്കുള്ള തിരിച്ചുപോക്കാണ്. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലുമായി മലയാളി ഇന്നും വിഷുവിന് ഒരുങ്ങുന്നു, കണിക്കൊന്നകളുടെ പൂവിറക്കലുകള്‍ക്ക് ഒപ്പം നിന്ന് കണിയൊരുക്കുന്നു. 

ആഹ്ലാദകരമായ വിഷു ആഘോഷത്തിലാണ് മലയാളി. 
പാടവരമ്പുകളിലും തൊടികളിലെ മരക്കൊമ്പുകളിലും വിഷുപക്ഷി പാടുന്നു. വരമ്പുകളില്‍ പൂത്ത വയല്‍പ്പൂക്കള്‍ക്ക് മേലെ കര്‍ഷകപ്പാട്ടിന്റെ ശീലുകള്‍ ഉയരുന്നു. മേടത്തിന് സ്വര്‍ണ്ണ വര്‍ണ്ണം നല്‍കി കണിക്കൊന്നകള്‍ കാറ്റിലാടുന്നു. സ്വര്‍ണ്ണനിധി തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപ്പറ്റി പുരാണങ്ങളില്‍ പറയുന്നത്. കാര്‍ഷികപ്പെരുമയുടെ തുടക്കം കുറിക്കുന്ന സമയം കൂടിയാണിത്. വയലൊരുക്കി, പുത്തന്‍ കാര്‍ഷിക വര്‍ഷത്തിന്റെ തുടക്കം കുറിച്ചു വസന്തം വരുന്ന നാളുകള്‍. പൂക്കളാല്‍ പ്രകൃതിയെ വരവേല്‍ക്കുന്ന സമയം. മീനംരാശിയില്‍നിന്ന് മേടം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന തുല്യരാപ്പകലുകളുള്ള ദിനം. 'വിഷു' എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. 

ഐതിഹ്യങ്ങള്‍ ഇങ്ങനെ
പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് വിഷുവുമായി ബന്ധപ്പെട്ടുള്ളത്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനത്തില്‍ നടത്തിയ ആഘോഷം. മറ്റൊന്ന് സൂര്യന്‍ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷം. എല്ലാം ആഘോഷങ്ങള്‍ തന്നെ. നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്ന ഐതിഹ്യമാണ് ഏറെ പ്രചാരത്തിലുള്ളത്. മറ്റൊന്നു രാമായണകഥയില്‍ നിന്നുള്ളതാണ്. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് അദ്ദേഹത്തിന് ഇഷ്ടപ്പെടാഞ്ഞതിനാല്‍ സൂര്യനെ നേരെ ഉദിക്കാന്‍ സമ്മതിച്ചില്ലെന്നും രാമന്‍ വധിച്ചശേഷമാണ് പിന്നീട് സൂര്യന്‍ നേരെ ഉദിച്ചതെന്നും പുരാണം പറയുന്നു. എന്തായാലും വിഷു മലയാളികള്‍ക്ക് ആഘോഷത്തിന്റെ ഉത്സവാന്തരീക്ഷം തന്നെ. വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷുസദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.

വിഷുക്കണി
കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് കണിയൊരുക്കുക. അത് കാണിക്കുന്നതും അവരുടെ ഉത്തരവാദിത്വമാണ്. പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍ പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടയ്ക്കയും വെറ്റിലയും കണ്‍മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും നാളികേര പാതിയും ശ്രീകൃഷ്ണന്റെ വിഗ്രഹവും വച്ചാണ് വിഷുക്കണി ഒരുക്കുക. കൊന്നപ്പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്. വരാനിരിക്കുന്ന ഒരു വര്‍ഷത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ് കണ്ണിനു പൊന്‍കണിയായി ഉരുളിയിലൊരുക്കുന്നത്. 

ചിലയിടങ്ങളില്‍ കുറിക്കൂട്ടും ഗ്രന്ഥവുമുള്‍പ്പെടെ വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വയ്ക്കാറുണ്ട്. കത്തിച്ച ചന്ദനത്തിരിയും വെള്ളം നിറച്ച ഓട്ടുകിണ്ടിയും പുതിയ കസവുമുണ്ടും അടുത്തുണ്ടാകണം എന്നാണ് പറയുന്നത്. കണിവെയ്ക്കുന്നത് ഓട്ടരുളിയില്‍ത്തന്നെ. പ്രപഞ്ചത്തിന്റെ പ്രതീകമാണ് ഉരുളി. അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നാണ് സങ്കല്‍പ്പം. കൊന്നപ്പൂക്കള്‍ കാലപുരുഷന്റെ കിരീടമത്രേ. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെയാണ് ആ സങ്കല്‍പ്പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.

രാത്രിയില്‍ കണിയൊരുക്കി ഉറങ്ങാന്‍ കിടക്കുന്ന കുടുംബത്തിലെ ഏറ്റവും പ്രായമായ സ്ത്രീ പുലര്‍ച്ചെ എഴുന്നേറ്റ് കണികണ്ട് മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി പിന്നില്‍നിന്നും കണ്ണുപൊത്തിയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത് കൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം. അതിനുശേഷം ഫലവൃക്ഷങ്ങളേയും വീട്ടുമൃഗങ്ങളേയും കണികാണിക്കും. വര്‍ഷത്തിലെ ആദ്യദിവസമായതിനാല്‍ അന്ന് ആദ്യം കാണുന്ന കാഴ്ചയുടെ സമൃദ്ധി വര്‍ഷം മുഴുവന്‍ ലഭിക്കുമെന്നുള്ള വിശ്വാസമാണ് വിഷുക്കണി എന്ന ചടങ്ങിന് പിന്നില്‍. 

വിഷുക്കൈനീട്ടം 
ഉണര്‍ന്നു കണികണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന ഈ സമ്മാനമാണ് ബാല്യത്തിലെ ഏറ്റവും വലിയ സമ്മാനം. അന്നു കിട്ടിയിരുന്ന പുത്തന്‍ നോട്ടുകള്‍ സൂക്ഷിച്ചുവച്ച് വേനലവധിക്കാലത്ത് സിനിമയ്ക്കു പോയിരുന്ന ബാല്യത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നു പലര്‍ക്കുമുണ്ടാവും. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്നത്. വര്‍ഷം മുഴുവനും സമ്പല്‍സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നല്‍കുന്നത്. പ്രായത്തില്‍ കുറവുള്ളവര്‍ക്കാണ് കൈനീട്ടം നല്‍കുക. ഇപ്പോള്‍ അത് എല്ലാവര്‍ക്കും നല്‍കുന്ന ഒരു ചടങ്ങായി മാറിയിട്ടുണ്ട്. കുടുംബത്തിലെ ഇളമുറക്കാര്‍ക്ക് മുതിര്‍ന്നവര്‍ നല്‍കുന്ന കൈനീട്ടം സമ്പത്തിന്റേയും സമൃദ്ധിയുടേയും കൈമാറലിന്റെ പ്രതീകമാണ്.

സൂര്യനും വിഷുവും 
ജ്യോതിശാസ്ത്രപരമായി ഏറെ പ്രാധാന്യമുണ്ട് വിഷുവിന്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണിത്. ഭൂമിശാസ്ത്രപരമായും സവിശേഷതയേറെ. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍വരുന്നതു കൊണ്ടാണിങ്ങനെ. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. വിഷു വസന്തകാലമാണ്. ഋതുരാജനാണ് വസന്തം. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്റെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷുദിനം ഒരുക്കിനിര്‍ത്തുന്നു.

വിഷുഫലം
വലിയ നാലുകെട്ടുള്ള വീടുകളിലെത്തി പണിക്കര്‍ അഥവാ കണിയാന്‍ വന്ന് വിഷുഫലം ഗണിച്ച് പറയുന്ന രീതിയാണിത്. ഇന്ന് അതൊക്കെയും ഓര്‍മ്മകള്‍ മാത്രം. ആ വര്‍ഷം പെയ്യാന്‍ സാധ്യതയുള്ള മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര മഴ കിട്ടും, മഴ ഇടിമിന്നലോടുകൂടിയാവുമോ കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേള്‍പ്പിക്കും. തുടര്‍ന്ന്, അതിനനുസരിച്ചാണ് വിത്തിറക്കുക. വിഷു സംക്രാന്തി നാളിലാണ് പണിക്കര്‍ വരുന്നത്. അവര്‍ക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ 'യാവന' എന്നാണ് പറഞ്ഞിരുന്നത്. ഇന്ന് യാവന എന്നത് വെറും കേട്ടുകേള്‍വി മാത്രം!

വിഷു സംക്രാന്തി 
വിഷു സംക്രാന്തിയെക്കുറിച്ച് പുതിയ തലമുറയ്ക്ക് വലിയ അറിവുണ്ടാകണമെന്നില്ല. മീനം രാശിയില്‍നിന്ന് സൂര്യന്‍ മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണിത്. അതിന് പിറ്റേന്നാണ് വിഷു. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പാണത്. കൊന്നപ്പൂക്കള്‍ വിടര്‍ന്ന്, വിഷുപക്ഷി പാടിയാലേ കര്‍ഷന്‍ കൈക്കോട്ടുമായി ഇറങ്ങൂ. പ്രകൃതി നല്‍കിയിരുന്ന സമ്മതമാണിത്. കാലം തെറ്റാതെ, പാരമ്പര്യങ്ങളെ അനുഷ്ഠാനങ്ങളെ മുറുകെ പിടിക്കുന്നവര്‍ ഇന്നും ഇതു പിന്തുടരുന്നു. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണുള്ളത്.

വിഷു വിഭവങ്ങള്‍
വിഷുവിന് ചക്കയാണ് താരം
മീനമായാല്‍ ചക്ക മൊട്ടിട്ടു തുടങ്ങും. മേടത്തില്‍ പിന്നെ ചക്കയാണ് താരം. അതിനോടനുബന്ധിച്ച് വിഷുക്കഞ്ഞി പലേടത്തും ഉണ്ടായിരുന്നു. വള്ളുവനാടന്‍ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനുകൂടെ കഴിക്കാന്‍ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടാവും. കാലം മാറിയതോടെ, അതു സദ്യയൊരുക്കങ്ങളിലേക്ക് മാറി. വിഭവങ്ങളില്‍ ചിലതു വിഷുവിന് നിര്‍ബന്ധമാണ്. അതിലൊന്നത്രേ വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളില്‍ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാവും. ഗൃഹനാഥനാണ് അതിനു മുന്‍കൈയെടുക്കേണ്ടത്. എരിശ്ശേരിയില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ത്തിരിക്കും. ഒരു മുഴുവന്‍ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്കമടല്‍, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവ ഉള്‍പ്പെടെ എല്ലാം എരിശ്ശേരിയില്‍ ചേര്‍ക്കും. കേരളത്തിലെ ചില ഭാഗങ്ങളില്‍ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടാവും.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരണമായ പ്രിയസഖിയില്‍ വന്ന ലേഖനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com