ട്വിറ്ററില്‍ തരംഗമായി പാര്‍ലമെന്റിലെ ഫാഷന്‍: ആരാധകര്‍ കൂടുതല്‍ പ്രകാശ് ജാവദേക്കറിന്

പാള്‍ഫാഷ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പാര്‍ലമെന്റില്‍ എത്തുന്ന മന്ത്രിമാരുടെ ഫാഷന്‍സെന്‍സ് ചര്‍ച്ചയാകുകയാണ് ഇപ്പോള്‍. 20കാരനായ ഒരു ടെക്‌സ്റ്റൈല്‍ ഹിസ്റ്ററി വിദ്യാര്‍ത്ഥിയാണ് ഈ ആശയത്തിന് പിന്നില്‍
ട്വിറ്ററില്‍ തരംഗമായി പാര്‍ലമെന്റിലെ ഫാഷന്‍: ആരാധകര്‍ കൂടുതല്‍ പ്രകാശ് ജാവദേക്കറിന്

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പേര് നെയ്ത് ചേര്‍ത്ത കുര്‍ത്ത ധരിച്ചെത്തിയപ്പോള്‍ ഫാഷന്‍ ലോകം ഒന്നടങ്കം ആ ഡിസൈന്‍ ചര്‍ച്ചചെയ്തിരുന്നു. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഷിലോംഗില്‍ എത്തിയപ്പോള്‍ ധരിച്ച ജാക്കറ്റും ഫാഷന്‍ രംഗത്ത് ശ്രദ്ധനേടി. ഇത്തരത്തില്‍ വളരെ കുറച്ച് ഉദ്ദാഹരണങ്ങള്‍ മാത്രമേ ഒരുപക്ഷെ രാഷ്ട്രീയക്കാരെയും ഫാഷനെയും ബന്ധപ്പെടുത്തി പറയാനാകൂ. അത്ര പരമിതമായാണ് രാഷ്ട്രീയകാര്‍ക്കിടയിലെ ഫാഷന്‍ സംസാരവിഷയമാകുന്നത്. എന്നാല്‍ ഇതുവരെയുണ്ടായിരുന്ന ഈ പതിവ് ഒന്ന് മാറുകയാണ്. പാള്‍ഫാഷ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പാര്‍ലമെന്റില്‍ എത്തുന്ന മന്ത്രിമാരുടെ ഫാഷന്‍സെന്‍സ് ചര്‍ച്ചയാകുകയാണ് ഇപ്പോള്‍. 20കാരനായ ഒരു ടെക്‌സ്റ്റൈല്‍ ഹിസ്റ്ററി വിദ്യാര്‍ത്ഥിയാണ് ഈ ആശയത്തിന് പിന്നില്‍. 

ഹൂ വോര്‍ വാട്ട് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പാണ് ഇപ്പോള്‍ ട്വിറ്ററിലേക്ക് എത്തിയിരിക്കുന്നത്. വിപുലവും സമ്പന്നവുമായ ഇന്ത്യയുടെ ടെക്‌സ്റ്റൈല്‍ ചരിത്രം കൂടുതല്‍ പ്രചരിപ്പിക്കുകയെന്നതും ഇന്ത്യന്‍ കൈതറിയോടുള്ള താത്പര്യവുമൊക്കെയാണ് ഈ ട്വിറ്റര്‍ ഹാന്‍ഡിലിന് പിന്നിലെ പ്രചോദനം. പാര്‍ലമെന്റ് ഫാഷന്‍ അലേര്‍ട്ട് എന്ന ട്വിറ്റര്‍ പേജും ഇതിനായി ആരംഭിച്ചിട്ടുണ്ട്. 

ഉള്‍നാടന്‍ നിയോജകമണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ കൂടുതലും പ്രാദേശികമായി ലഭിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവരായതിനാലും  നെയ്ത്തുശാലകളില്‍ നിന്നും മറ്റും നേരിട്ട് വാങ്ങുന്നതിനാലും ഇത്തരം രാഷ്ട്രീയ നേതാക്കളുടെ വസ്ത്രരീതി കൂടുതല്‍ ശ്രദ്ധനേടുമെന്ന വിശ്വാസമാണ് പാള്‍ഫാഷിന് രൂപം നല്‍കിയത്. 

മുമ്പ് രാജാക്കന്‍മാര്‍ക്കും മറ്റും ലഭിച്ചിരുന്ന സ്ഥാനമാണ് ഇന്ന് പലരുടെയും മനസില്‍ മന്ത്രിമാര്‍ക്ക് ലഭിക്കുന്നതെന്നും നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഒരുപക്ഷെ അങ്ങനെ തോന്നുകയില്ലെങ്കിലും നെയ്ത്തുകാരുടെയും മറ്റും മനസ്സില്‍ ഒരു രക്ഷാധികാരിയുടെ സ്ഥാനമാണ് മന്ത്രിമാര്‍ക്കെന്നുമാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത് പാള്‍ഫാഷ് സൃഷ്ടാവ് പറയുന്നത്. 

ബിജെപി എംപി പൂനം മഹാജന്‍ ഒരിക്കല്‍ താന്‍ ഇഷ്ടപ്പെടുന്നത് ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിക്കാനാണെന്ന് പറയുകയുണ്ടായി പക്ഷെ ഇത്തരം ഒരു അഭിപ്രായപ്രകടനം നടത്തുമ്പോഴും എംപി ധരിച്ചിരുന്നത് ഒരു വിദേശ നിര്‍മിത വസ്ത്രമായിരുന്നു എന്നതായിരുന്നു ശ്രദ്ധേയം. ധരിക്കുന്ന വസ്ത്രങ്ങളല്ല ഒരാളെ നേതാവാക്കുന്നത് എന്നായിരുന്നു പൂനത്തിന്റെ വാക്കുകള്‍. എന്നാല്‍ ഇന്ത്യയുടെ സമ്പന്നവും ശ്രേഷ്ഠവുമായ വസ്ത്രമേഖല നമ്മുടെ വസ്ത്രധാരണത്തിലൂടെ പ്രദര്‍ശിപ്പിക്കേണ്ടത് ആവശ്യമാണന്ന് എന്‍ഐഎഫ്റ്റി ബോര്‍ഡ് മെംബര്‍ മഹാജന്‍ പറയുന്നു. ഇന്ത്യക്ക് പുറത്തായിരിക്കുമ്പോള്‍ ഇന്ത്യന്‍ നിര്‍മിത വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് താനെന്ന് മഹാജന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

പാര്‍ലമെന്റിലേക്ക് നിറങ്ങള്‍ എത്തിക്കുന്നത് ബിജെപി എംപിമാരാണെന്നാണ് പാള്‍ഫാഷില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. പേസ്റ്റല്‍ നിറങ്ങളില്‍ വിവിധ ഷേയ്ഡുകള്‍ പരീക്ഷിക്കുന്ന ഇവര്‍ മിസ്മാച്ച് പരീക്ഷണങ്ങള്‍ക്കും മുതിരാറുണ്ട്. എന്നാല്‍ പ്രതിപക്ഷം വെള്ളയും ഗ്രൈയുമാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. 

നിര്‍മല സീതാരാമന്റെ ലളിതമായ വസ്ത്രങ്ങളും കന്നിമൊഴിയുടെ മികച്ച പാര്‍ലമെന്റ് വേഷങ്ങളും ഈ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രശംസ നേടിയിരുന്നു. ഹര്‍സിംരത് ബാദല്‍, സ്മൃതി ഈറാനി തുടങ്ങിയ വനിതാ നേതാക്കളുടെ ഫാഷനും ഇവിടെ ശ്രദ്ധനേടി. പുരുഷ നേതാക്കളില്‍ ഒന്നാമത് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ തന്നെയാണ്. പേസ്റ്റലില്‍ ഫ്‌ളൂറസെന്റ് നിറങ്ങള്‍ കൂട്ടികലര്‍ത്തുന്നതിന് പ്രത്യേക ധൈര്യം തന്നെ വേണമെന്നും അദ്ദേഹത്തിന്റെ ഫാഷന്‍ നിരീക്ഷിക്കാന്‍ വളരെ താത്പര്യമാണെന്നും ഒരിക്കലും നിരാശപ്പെടേണ്ടിവന്നിട്ടില്ലെന്നുമാണ് പാള്‍ഫാഷിലെ കമന്റുകള്‍. പാര്‍ലമെന്റില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ എംപി പ്രേമചന്ദ്രനും പാള്‍ഫാഷില്‍ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com