ചന്ദ്രനിലിറങ്ങിയ ബഹിരാകാശസഞ്ചാരിയുടെ ഹെല്‍മറ്റില്‍ പതിഞ്ഞതെന്ത്? ഉത്തരം കിട്ടാതെ 'അന്വേഷകര്‍' 

ചന്ദ്രനില്‍ കാലുകുത്തി എന്ന് അവകാശപ്പെട്ട് യുഎസ് സര്‍ക്കാര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വ്യാജമാണെന്ന് കോണ്‍സ്പിറസി തിയറിസ്റ്റുകളുടെ പുതിയ കണ്ടെത്തല്‍.
ചന്ദ്രനിലിറങ്ങിയ ബഹിരാകാശസഞ്ചാരിയുടെ ഹെല്‍മറ്റില്‍ പതിഞ്ഞതെന്ത്? ഉത്തരം കിട്ടാതെ 'അന്വേഷകര്‍' 

മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍ കുത്തിയതിനെതിരെ പല സിദ്ധാന്തങ്ങളുമുണ്ട്. രണ്ട് സിദ്ധാന്തങ്ങളാണ് അതില്‍ പ്രധാനം. ആദ്യത്തേത് മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടേയില്ല എന്നതും രണ്ടാമത്തേത്, ചന്ദ്രനില്‍ പോയിട്ടുണ്ടാവാം, എന്നാല്‍ ദൃശ്യങ്ങള്‍ വ്യാജമാണ് എന്നതുമാണ്. ചന്ദ്രനില്‍ കാലുകുത്തി എന്ന് അവകാശപ്പെട്ട് യുഎസ് സര്‍ക്കാര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വ്യാജമാണെന്ന് കോണ്‍സ്പിറസി തിയറിസ്റ്റുകളുടെ പുതിയ കണ്ടെത്തല്‍. ചന്ദ്രനിലേക്ക് ഒരു ടീമിനെ അയക്കുന്നതിനേക്കാള്‍ ചിലവുകുറവാണ് ഇത്തരത്തില്‍ വ്യാജചിത്രങ്ങള്‍ സൃഷ്ടിക്കാനെന്നും ഇവര്‍ പറയുന്നു. ബഹിരാകാശരംഗത്ത് സോവിയറ്റ് യൂണിയനുമായുള്ള കിടമത്സരത്തില്‍ ജയിക്കാനുള്ള അമേരിക്കയുടെ തന്ത്രമായിരുന്നു ഇതെന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ പറയുന്നത്.

1972 ഡിസംബര്‍ 7 മുതല്‍ 19 വരെ നീണ്ട അപ്പോളോ 17 ദൗത്യം മനുഷ്യചരിത്രത്തിലെ ഏറ്റവും നീണ്ട ചന്ദ്രയാത്രയാണ്. മനുഷ്യന്‍ കാല്‍ കുത്തിയ അവസാനചന്ദ്ര ദൗത്യവും അപ്പോളോ 17ന്റേതാണ്. 17 ദിവസത്തോളം ബഹിരാകാശത്ത് തങ്ങിയ സംഘം ചന്ദ്രനില്‍ നിന്ന് 110 കിലോയോളം ഭാരമുള്ള പാറക്കഷണങ്ങളും ശേഖരിച്ചു.

എന്നാല്‍ ഇതിന്റേതായി പുറത്തുവിട്ട ചിത്രങ്ങള്‍ വ്യാജമാണെന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ വാദം. ഇതിന്റെ തെളിവായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത് ചന്ദ്രനില്‍ കാല്‍ കുത്തിയ സഞ്ചാരികളില്‍ ഒരാളുടെ ഹെല്‍മറ്റിലെ വൈസറിലെ പ്രതിഫലനമാണ്. വൈസറില്‍ പ്രതിഫലിച്ചിരിക്കുന്ന ദൃശ്യത്തില്‍ കാണുന്നത് ഒരു മനുഷ്യന്റെ രൂപമാണെന്നും ഇയാള്‍ സ്‌പേസ് സ്യൂട്ട് ധരിച്ചിട്ടില്ലെന്നുമാണ് ഇവരുടെ വാദം.

1972ല്‍ നടന്നെന്നു പറയുന്ന ദൗത്യം വ്യാജമാണെന്ന് തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണമെന്ന് ഇവര്‍ ചോദിക്കുന്നു. ചിത്രത്തിലെ അപാകത ചൂണ്ടികാട്ടി യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനോടകം 1.5 മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.

ഏറ്റവും നീളമേറിയ ചാന്ദ്രയാത്ര, ഏറ്റവും കൂടുതല്‍ സമയം ചന്ദ്രനില്‍ ചെലവഴിച്ച യാത്ര, ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഏറ്റവും കൂടുതല്‍ ചെലവഴിച്ച യാത്ര എന്നിങ്ങനെ നിരവധി റെക്കോഡുകളും അപ്പോളോ 17ന് ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com