സൗദിയില്‍ ആദ്യ തിയേറ്റര്‍ തുറന്നു: 250 ടിക്കറ്റുകള്‍ വിറ്റ് പോയത് മിനിറ്റുകള്‍ക്കുള്ളില്‍

സൗദിയില്‍ ആദ്യ തിയേറ്റര്‍ തുറന്നു: 250 ടിക്കറ്റുകള്‍ വിറ്റ് പോയത് മിനിറ്റുകള്‍ക്കുള്ളില്‍

അതേസമയം ടിക്കറ്റിന് താങ്ങാനാകാത്ത വിലയാണെന്നും ആരോപണമുണ്ട്.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൗദിയില്‍ സിനിമാ പ്രദര്‍ശനത്തിന് മികച്ച തുടക്കം. റിയാദിലെ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ഒരുക്കിയ ലോകോത്തര തിയറ്ററില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കാണ് ആദ്യ പ്രദര്‍ശനം നടന്നത്. ഹോളിവുഡ് ചിത്രം ബ്ലാക്ക് പാന്തറായിരുന്നു നിരോധനം നീക്കിയ ശേഷം ആദ്യ പ്രദര്‍ശിപ്പിച്ച സിനിമ. 35 വര്‍ഷങ്ങള്‍ക്ക് ഷേഷം തിയേറ്റര്‍ തുറന്നപ്പോള്‍ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത് കേവലം മൂന്ന് മിനിറ്റു കൊണ്ടാണ്.

നാളെത്തെ ഷോയ്ക്ക് ഇന്ന് രാത്രി എട്ടു മണിക്കാണ് ടിക്കറ്റുകള്‍ കൊടുത്തു തുടങ്ങുന്നതെങ്കില്‍, ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഓണ്‍ലൈനില്‍ തന്നെ വിറ്റു പോവുകയാണ്. 'സോറി, ഇപ്പോള്‍ ബ്ലാക്ക് പാന്തര്‍ ടിക്കറ്റുകള്‍ ലഭ്യമല്ല, ദയവ്‌ചെയ്ത് അല്‍പനേരം കഴിഞ്ഞ് ശ്രമിക്കൂ' ഇതാണ് എപ്പോള്‍ നോക്കിയാലും എഎംസിയുടെ ബുക്കിങ് സൈറ്റില്‍ നിന്നും ലഭിക്കുന്ന മറുപടി. ഞൊടിയിടക്കുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റു തീരുന്നത്. 

ഇപ്പോള്‍ 250 സീറ്റുകള്‍ ഉള്ള ഒരു സ്‌ക്രീന്‍ ആണ് പ്രവര്‍ത്തിക്കുന്നതെന്ന് എഎംസി ചീഫ് എക്‌സിക്യൂട്ടീവ് ആഡം ആരോണ്‍ പറഞ്ഞു. രണ്ടു മാസത്തിനകം ഇതേ സമുച്ചയത്തില്‍ തന്നെ മൂന്നു സ്‌ക്രീനുകള്‍ കൂടി പ്രവര്‍ത്തിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ടിക്കറ്റിന് സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത വിലയാണെന്നും ആരോപണമുണ്ട്. 75 സെദി റിയാലാണ് ഒരു ടിക്കറ്റിന്റെ വില. അതായത് 20 ഡോളര്‍. 'കുടുംബത്തോടെയാണ് സിനിമക്ക് പോകുന്നതെങ്കില്‍ ഒരു ലോണ്‍ കൂടി എടുക്കേണ്ടി വരും' സിനിമാ ടിക്കറ്റിന്റെ ഉയര്‍ന്ന നിരക്കിന്റെ പേരില്‍ ഒരു സൗദിക്കാരന്റെ ട്വീറ്റ് ആയിരുന്നു ഇത്. 

സൗദി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് രാജ്യത്ത് ഏറെക്കാലമായി നിലനിന്നിരുന്ന സിനിമാ പ്രദര്‍ശനത്തിനുള്ള വിലക്ക് നീക്കിയത്. അമേരിക്കയില്‍ നിന്നുള്ള എഎംസി എന്റര്‍ടെയിന്‍മെന്റും സൗദിയിലെ ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയും ചേര്‍ന്ന് തുടങ്ങിയ തിയേറ്ററാണ് ഇപ്പോള്‍ തുറന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com