400 വര്‍ഷത്തില്‍ ആദ്യമായി ഈ ക്ഷേത്രത്തില്‍ പുരുഷന്മാര്‍ പ്രവേശിച്ചു; ആചാരം ലംഘിച്ചതിന് കാരണം ആഗോളതാപനം

ക്ഷേത്രത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ആചാരങ്ങള്‍ ലംഘിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്
400 വര്‍ഷത്തില്‍ ആദ്യമായി ഈ ക്ഷേത്രത്തില്‍ പുരുഷന്മാര്‍ പ്രവേശിച്ചു; ആചാരം ലംഘിച്ചതിന് കാരണം ആഗോളതാപനം

ഒഡീഷ; ഒഡിഷയിലെ കേന്ദ്രപാര ജില്ലയിലുള്ള മാ പന്‍ചുഭാരഹി അമ്പലം ദളിത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. അവര്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാനും പൂജകര്‍മ്മങ്ങള്‍ നടത്താനും അനുവാദമുണ്ടായിരുന്നുള്ളൂ. പുരുഷന്മാരെ ഈ ക്ഷേത്രം പടിക്കു പുറത്താണ് നിര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വര്‍ഷങ്ങളായി പാലിച്ചുവന്ന ക്ഷേത്രാചാരം ലംഘിക്കപ്പെട്ടു. കഴിഞ്ഞ 400 വര്‍ഷത്തില്‍ ആദ്യമായി പുരുഷന്മാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് അവിടത്തെ അഞ്ച് വിഗ്രഹങ്ങളില്‍ സ്പര്‍ശിച്ചു.

ക്ഷേത്രത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ആചാരങ്ങള്‍ ലംഘിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. സമുദ്ര നിരപ്പ് ഉയര്‍ന്നത് ക്ഷേത്രം സ്ഥിതിചെയ്യുന്ന സതഭയ ഗ്രാമത്തിന് ഭീഷണിയായിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നാണ് അരാധനാമൂര്‍ത്തിയെ മാറ്റി സ്ഥാപിക്കാനായി അഞ്ച് പുരുഷന്മാരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ സ്ത്രീ പൂജാരികള്‍ അനുവദിച്ചത്. 

രാജ്യത്ത് മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാ പഞ്ചുഭാരഹി അമ്പലം നോക്കിനടത്തുന്നത് അഞ്ച് ദളിത് സ്ത്രീ പൂജാരികളാണ്. അമ്പലം വൃത്തിയാക്കുന്നതിനും ദിവസ പൂജകള്‍ക്കായി തയാറാക്കുന്നതിനും പ്രദേശത്തെ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ അനുവാദമുള്ളൂ. കഴിഞ്ഞ 400 വര്‍ഷമായി തുടര്‍ന്നുപോന്നിരുന്ന ആചാരമായിരുന്നു ഇത്. 

ആഗോളതാപനത്തിന്റെ ഫലമായി ബംഗാള്‍ ഉള്‍ക്കടലിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ ആചാരങ്ങള്‍ ലംഘിക്കാന്‍ നിര്‍ബന്ധിതരായത്. അഞ്ച് വിഗ്രഹങ്ങളാണ് അമ്പലത്തിലുള്ളത്. ഇതില്‍ ഓരോന്നിനും 1.5 ടണ്‍ ഭാരം വരും. സ്ത്രീ പൂജാരികള്‍ക്ക് ഇത് മാറ്റി സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് പുരുഷന്മാരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്. 12 കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയുള്ള സ്ഥലത്താണ് ഇപ്പോള്‍ ക്ഷേത്രം മാറ്റിസ്ഥാപിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com