യാത്രയ്ക്കിടയിലും ഡയറ്റ് പ്ലാന്‍ മാറ്റണ്ട; യാത്രകളിലെ ഭക്ഷണക്രമീകരണത്തിന് ഈ ഏഴ് മാര്‍ഗ്ഗങ്ങള്‍ സഹായിക്കും 

യാത്രാദിനങ്ങളിലെ ആവശ്യത്തിന് വേണ്ട ഭക്ഷണമത്രയും കരുതുക പ്രായോഗികമല്ല. എന്നാല്‍ ഇത് ഭക്ഷണം പൂര്‍ണമായും പുറത്തുനിന്ന് കഴിക്കാം എന്ന തീരുമാനത്തിലേക്കല്ല എത്തിക്കേണ്ടത്
യാത്രയ്ക്കിടയിലും ഡയറ്റ് പ്ലാന്‍ മാറ്റണ്ട; യാത്രകളിലെ ഭക്ഷണക്രമീകരണത്തിന് ഈ ഏഴ് മാര്‍ഗ്ഗങ്ങള്‍ സഹായിക്കും 

ഭക്ഷണക്രമീകരണമൊക്കെ തുടങ്ങിയാലും പലപ്പോഴും യാത്രകള്‍ക്കും മറ്റുമായി വീട്ടില്‍ നിന്ന് മാറി നില്‍കുന്ന ദിവസങ്ങളില്‍ ഇതെല്ലാം മാറിമറിയുമെന്ന പരാതി പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. യാത്രചെയ്യുമ്പാള്‍ ആവശ്യമായ ഭക്ഷണം പൂര്‍ണ്ണമായും കൂടെ കരുതാന്‍ പറ്റില്ലല്ലോ എന്നതാണ് പലരും ഇതിനെ ന്യായീകരിക്കാന്‍ പറയുന്ന കാര്യം. സത്യമാണ് യാത്രാദിനങ്ങളിലെ ആവശ്യത്തിന് വേണ്ട ഭക്ഷണമത്രയും കരുതുക പ്രായോഗികമല്ല. എന്നാല്‍ ഇത് ഭക്ഷണം പൂര്‍ണമായും പുറത്തുനിന്ന് കഴിക്കാം എന്ന തീരുമാനത്തിലേക്കല്ല എത്തിക്കേണ്ടത്. മറിച്ച് യാത്രകളിലും ആരോഗ്യകരമായ ഭക്ഷണരീതി തുടരാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. 

വെള്ളത്തിനായി ഒരു സ്റ്റീല്‍ ബോട്ടില്‍ കരുതുക. പലപ്പോഴും ശരീരത്തില്‍ ആവശ്യമായ വെള്ളം ഇല്ലാതാവുമ്പോള്‍ പലര്‍ക്കും യാത്രകളില്‍ പല ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. ചിലസമയങ്ങളിലെങ്കിലും ദാഹത്തെ വിശപ്പായി പലരും തെറ്റിദ്ധരിക്കാറുമുണ്ട്. ദിവസവും രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നത് യാത്രകളിലും മാറ്റം വരുത്താതെ തുടരണം. ചായയും കാപ്പിയും ഒഴിവാക്കുന്നതും നല്ലതാണ്. 

ജങ്ക് ഭക്ഷണങ്ങളെ ആശ്രയിക്കുന്നതിന് പകരം ഡ്രൈ ഫ്രൂട്ട്‌സ്, പീനട്ട് ബട്ടര്‍ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങളെ യാത്രാദിനങ്ങളില്‍ ഒപ്പം കൂട്ടാം. കാരറ്റ്, കുക്കുംബര്‍ പോലുള്ളവ വാങ്ങി സാലഡുകളും മറ്റും പരീക്ഷിക്കാവുന്നതുമാണ്. 

ചോക്ലേറ്റുകള്‍ കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഡാര്‍ക്ക് ചോക്ലേറ്റിന്റെ അളവ് കൂടുതലുള്ളവ തിരഞ്ഞെടുക്കുക. 70-85ശതമാനം ഡാര്‍ക്ക് ചോക്ലേറ്റ് അടങ്ങിയിട്ടുള്ളവയാണ് ഉത്തമം. 

മദ്യം പോലുള്ളവ പൂര്‍ണ്ണമായും ഒഴിവാക്കുക. ഇവയില്‍ കലോറി അധികമായതിനാല്‍ നിങ്ങളുടെ ശരീരത്തിലെ ജലാംശത്തെ ഇത് വലിച്ചെടുക്കും.

ചായ കുടിക്കുകയാണെങ്കില്‍ ഇഞ്ചി മിന്റ് തുടങ്ങിയവ അടങ്ങിയിട്ടുള്ള ചായയാണ് ഉത്തമം. ലെമണ്‍ ടീയും പരീക്ഷിക്കാവുന്നതാണ്. ഇവ നിങ്ങളുടെ പ്രതിരോധശക്തിയെ വര്‍ദ്ധിപ്പിക്കുന്നവയാണ്. 

ചെറുകടികള്‍ പലര്‍ക്കും യാത്രകളില്‍ ഒഴിവാക്കാന്‍ കഴിയാത്തവയാണ്. ഇവ നല്ലതാണെങ്കിലും ശരിയായ സമയത്ത് ശരിയായ അളവിലാണ് കഴിക്കുന്നത് എന്നകാര്യം ഉറപ്പാക്കണം. ഒരു പാക്കറ്റ് സ്‌നാക്ക് വാങ്ങി കഴിക്കുന്നതില്‍ നല്ലത് അതില്‍ നിന്ന് ഒരു നിശ്ചിത അളവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം കഴിക്കുന്നതാണ്. അമിതമായി സ്‌നാക്കുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ ഇതാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. 

യാത്രകളില്‍ അരിയാഹാരം നിര്‍ബന്ധമാണെങ്കില്‍ കഴിവതും ബ്രൗണ്‍ റൈസ് കഴിക്കാന്‍ ശ്രമിക്കണം. ബാര്‍ലി, ഓട്ട്‌സ് പോലുള്ളവ കഴിക്കാന്‍ താത്പര്യമാള്ളവരാണെങ്കില്‍ ഇതാണ് യാത്രകളില്‍ ഏറ്റവും നല്ലത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com