ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018: നാഷണല്‍ കോസ്റ്റിയൂം റൗണ്ടില്‍ പദ്മാവതിയാകാന്‍ ഇന്ത്യന്‍ സുന്ദരി എലീന 

മത്സരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും താന്‍ ഏറ്റവുമധികം കാത്തിരിക്കുന്നതും നാഷണല്‍ കോസ്റ്റിയൂം റൗണ്ടിനായാണെന്ന് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എലീന കാതറിന്‍ അമോണ്‍
ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018: നാഷണല്‍ കോസ്റ്റിയൂം റൗണ്ടില്‍ പദ്മാവതിയാകാന്‍ ഇന്ത്യന്‍ സുന്ദരി എലീന 

ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സഹകരണത്തോടെ പെഗാസസ് സംഘടിപ്പിക്കുന്ന ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ ഗ്രാന്റ് ഇവന്റ് ഇന്ന് ആഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കാനിരിക്കെ മത്സരാര്‍ത്ഥികളും കാണികളും ഒരുപോലെ കാത്തിരിക്കുന്ന റൗണ്ടാണ് നാഷണല്‍ കോസ്റ്റിയൂം റൗണ്ട്. തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ചുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് മത്സരാര്‍ത്ഥികള്‍ ഈ റൗണ്ടില്‍ എത്തുക. 39രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ അവരുടെ രാജ്യത്തെ തങ്ങളുടെ വസ്ത്രങ്ങളിലൂടെ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ മിസ് ഗ്ലാം വേദിയിലെ ഏറ്റവും നിറപകിട്ടാര്‍ന്ന നിമിഷമായിരിക്കും അതെന്നാണ് കരുതപ്പെടുന്നത്. 

എല്ലാ മത്സരാര്‍ത്ഥിക്കും തങ്ങളുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ അവരുടെ ഡിസൈനര്‍മാര്‍ക്കുപുറമെ മിസ് ഗ്ലാം നാഷണല്‍ കോഡിനേറ്റര്‍മാരുടെ സഹായവും ലഭിക്കും. മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ഡിസൈന്‍ താത്പര്യങ്ങള്‍ പരീക്ഷിക്കാമെങ്കിലും അവര്‍ വേദിയില്‍ അണിയാന്‍ ആഗ്രഹിക്കുന്ന വസ്ത്രത്തിന് അതത് നാഷണല്‍ കോഡിനേറ്ററുടെ അനുമതി ലഭിച്ചിരിക്കണം. ഇത്തരത്തില്‍ എല്ലാ കടമ്പകളും പൂര്‍ത്തിയാക്കി തങ്ങളുടെ വസ്ത്രങ്ങളുമായി 39സുന്ദരിമാരും തയ്യാറായികഴിഞ്ഞു. ഇനി കാത്തിരിക്കുന്നത് ഇതണഞ്ഞ് റാംപില്‍ എത്തുന്ന ആ നിമിഷത്തിനായി. 

മത്സരത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ടതും താന്‍ ഏറ്റവുമധികം കാത്തിരിക്കുന്നതും നാഷണല്‍ കോസ്റ്റിയൂം റൗണ്ടിനായാണെന്ന് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എലീന കാതറിന്‍ അമോണ്‍ പറയുന്നു. തന്റെ വസ്ത്രം അണിയുന്നതോര്‍ത്ത് മാത്രമല്ല മറ്റ് 38 മത്സരാര്‍ത്ഥികളും അണിയുന്ന വസ്ത്രങ്ങള്‍ കാണാനും താന്‍ വളരെയധികം ആകാംഷയിലാണെന്ന് എലീന പറയുന്നു. നാഷണല്‍ കോസ്റ്റിയൂം റൗണ്ടില്‍ പദ്മാവതിയുടെ രൂപസാദൃശ്യത്തിലായിരിക്കും എലീന വേദിയിലെത്തുക. കോസ്റ്റിയൂം റൗണ്ടിനായി ലഹങ്കയാണ് ഇന്ത്യന്‍ സുന്ദരി തയ്യാറാക്കിയിരിക്കുന്നത്. എലീന സ്‌റ്റേജില്‍ എത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് പലരും ഫോണ്‍വിളിച്ചും മെസേജ് അയച്ചുമൊക്കെ പറയുമ്പോള്‍ അത് തന്നെ കൂടുതല്‍ എക്‌സൈറ്റഡ് ആക്കുന്നുണ്ടെന്നും എലീന കൂട്ടിച്ചേര്‍ത്തു. 

ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018 പോലൊരു അന്താരാഷ്ട്ര സൗന്ദര്യമത്സരം ഇന്ത്യയില്‍ നടന്നിട്ട് 22വര്‍ഷങ്ങള്‍ പിന്നിട്ടുകഴുഞ്ഞു. സമാനമായ ഒരു മത്സരം കേരളത്തില്‍ അരങ്ങേറുന്നത് ഇത് ആദ്യമായും. മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ ആദ്യ ടൈറ്റില്‍ ജയിക്കണം എന്നുതന്നെയാണ് തന്റെ ആഗ്രഹമെന്നും അതിനായി തന്റെ 100ശതമാനം പ്രയത്‌നവും നല്‍കുന്നുണ്ടെന്നും എലീന പറഞ്ഞു. 'ഇതുവരെയുള്ള ഓരോ മത്സരത്തില്‍ പങ്കെടുത്തപ്പോഴും ടൈറ്റില്‍ ജയത്തേക്കാള്‍ കൂടുതല്‍ ഞാന്‍ എനിക്കുതന്നെ ഒരു ടാര്‍ജറ്റ് സെറ്റ് ചെയ്താണ് മത്സരിച്ചിട്ടുള്ളത്. മിസ് ഡിവയില്‍ പങ്കെടുത്തപ്പോള്‍ ടൈറ്റില്‍ ലഭിക്കില്ലെന്ന് ഉറപ്പായതുകൊണ്ടുതന്നെ എന്റെ ശ്രമം അവസാന ആറില്‍ എത്തണമെന്നായിരുന്നു. അത് എനിക്ക് സാധിച്ചു. അതുപോലെതന്നെയാണ് സബ്‌ടൈറ്റിലുകളുടെ കാര്യവും. ഒരു മത്സരത്തില്‍ ഒരാള്‍ക്ക് മൂന്ന് സബ്‌ടൈറ്റില്‍ വരെയാണ് നേടാനാവുക. പലപ്പോഴും ടൈറ്റില്‍ വിന്നറിനൊപ്പം ഇത്തരത്തില്‍ മൂന്ന് സബ്‌ടൈറ്റിലുകള്‍ കരസ്ഥമാക്കാന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട്. കിരീടം ലഭിച്ചില്ലെങ്കിലും എനിക്ക് സ്വയം സംതൃപ്തി ലഭിക്കുന്നത് ഞാന്‍ ലക്ഷ്യമിട്ട ടാര്‍ജറ്റില്‍ എത്താന്‍ കഴിയുമ്പോഴാണ്', എലീന പറഞ്ഞു. 

മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ എന്നീ സൗന്ദര്യമത്സരങ്ങളുടെ തിളക്കവുമായി ഇവന്റ് പ്രൊഡക്ഷന്‍ രംഗത്തെ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞ ഡോ. അജിത് രവിയുടെ നേതൃത്വത്തിലുള്ള പെഗാസസ് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ലൂടെ സൗന്ദര്യ മത്സര രംഗത്ത് കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുകയാണ്. ഡിക്യു വാച്ചസ്, ജ്യോതി ലബോറട്ടറീസ്, ഐ.സി.എല്‍ ഫിന്‍കോര്‍പ് എന്നിവരാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്.

ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന ജഡ്ജിംഗ് പാനല്‍ നിശ്ചയിക്കുന്ന വിജയിക്ക് 3.5ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. ഫസ്റ്റ് റണ്ണറപ്പിന് 2.5 ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിന് 1.5 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. 

നാഷണല്‍ കോസ്റ്റ്യൂം, റെഡ് കോക്ക്‌ടെയില്‍, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളുള്ള മത്സരത്തില്‍ മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് ടാലന്റ്, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്‌സ് ചോയ്‌സ്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് കണ്‍ജീനിയാലിറ്റി, മിസ് സോഷ്യല്‍ മീഡിയ, മിസ് ഫിറ്റ്‌നസ്, ബെസ്റ്റ് നാഷണല്‍ കോസ്റ്റിയൂം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com