പൊളളുന്ന വെയിലില്‍ സ്‌നേഹത്തിന്റെ കിണര്‍ കുഴിച്ച് പെണ്‍മക്കള്‍; ഇത് നിശ്ചയദാര്‍ഡ്യത്തിന്റെ അസാധാരണ കഥ

അധികൃതരുടെ അവഗണന മാറ്റിവെച്ച് കിണര്‍ കുഴിക്കാനുളള ഒരു കുടുംബത്തിന്റെ നിശ്ചയദാര്‍ഡ്യത്തിന് മുന്‍പില്‍ മണ്ണ് പോലും തോറ്റുപോയി
പൊളളുന്ന വെയിലില്‍ സ്‌നേഹത്തിന്റെ കിണര്‍ കുഴിച്ച് പെണ്‍മക്കള്‍; ഇത് നിശ്ചയദാര്‍ഡ്യത്തിന്റെ അസാധാരണ കഥ

ഭോപ്പാല്‍: ഉന്നത വിദ്യാഭ്യാസം ലഭിച്ചാല്‍ പാടത്തും മണ്ണിലും പണിയെടുക്കുന്നത് മോശമാണ് എന്ന് ചിന്തിക്കുന്നവര്‍ നിരവധി പേരുണ്ട് നമ്മുടെയിടയില്‍. എന്നാല്‍ മധ്യപ്രദേശില്‍ നിന്നുളള മക്കളുടെ പിതൃസ്‌നേഹത്തിന്റെ കാഴ്ച ചില തിരിച്ചറിവുകള്‍ നല്‍കുന്നതാണ്.

കൃഷിയെ ആശ്രയിക്കുന്ന കുടുംബത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയതോടെ സഹോദരിമാരായ ജ്യോതിയും കവിതയും അച്ഛന്റെ സഹായത്തിനായി ഇറങ്ങിത്തിരിച്ചു. പൊളളുന്ന വെയിലില്‍ കൃഷിക്കായി ഒരു കിണര്‍ എന്ന അച്ഛന്റെ സ്വപ്‌നം ഇരുവരും ദൗത്യമായി ഏറ്റെടുക്കുകയായിരുന്നു. അധികൃതരുടെ വര്‍ഷങ്ങളായുളള അവഗണന തങ്ങളുടെ അതിജീവനത്തെ ചോദ്യം ചെയ്യുന്ന ഘട്ടത്തിലേക്ക് നീങ്ങുന്നതായി ബോധ്യപ്പെട്ടപ്പോഴാണ് അഭ്യസ്തവിദ്യരായ ഈ പെണ്‍കുട്ടികള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത്. ഇരുവരും മാനവിക വിഷയത്തില്‍ ബിരുദധാരികളാണ്. 

മധ്യപ്രദേശ് ഘര്‍ഗോണിലെ ബീക്കാന്‍ഗണ്‍ ഗ്രാമത്തിലെ ബാബു ഭാസ്‌ക്കറും മക്കളുമാണ് നാടിന് അഭിമാനമാകുന്നത്. അധികൃതരുടെ അവഗണന മാറ്റിവെച്ച് കിണര്‍ കുഴിക്കാനുളള ഒരു കുടുംബത്തിന്റെ നിശ്ചയദാര്‍ഡ്യത്തിന് മുന്‍പില്‍ മണ്ണ് പോലും തോറ്റുപോയി. ഏപ്രിലില്‍ വെളളം കിട്ടാതെ അച്ഛനും ബന്ധുക്കളും കഷ്ടപ്പെടുന്നത് നോക്കി നില്‍ക്കാന്‍ ജ്യോതിയ്ക്ക്ും കവിതയ്ക്കും കഴിഞ്ഞില്ല. ഇരുവരും എന്‍ജിനീയറായ സഹോദരനും ഒരുമിച്ചപ്പോള്‍ മണ്ണില്‍ വിരിഞ്ഞത് 28 അടി താഴ്ചയുളള കിണര്‍. 

കാളകള്‍ സ്വന്തമായി ഇല്ലാത്ത ഈ നിര്‍ധനകുടുംബത്തിന് ബാബുവിന്റെ പെണ്‍മക്കള്‍ താങ്ങും തണലുമായി. ഇടുപ്പില്‍ കയര്‍ ബന്ധിപ്പിച്ചാണ് ഇരുവരും മണ്ണും പാറകളും കിണറില്‍ നിന്നും വലിച്ച് പുറത്തെത്തിച്ചത്. കാളകളെ പോലെ ഇരുവരും പണിയെടുത്തു എന്ന് പറഞ്ഞാലും തെറ്റില്ല. വെളളം കണ്ടതിനുശേഷമാണ് ഇരുവരും പണി നിര്‍ത്തിയത്. പൊളളുന്ന 40 ഡിഗ്രി ചൂടില്‍ നാലുമാസമാണ് അച്ഛന് വേണ്ടി പെണ്‍കുട്ടികള്‍ അധ്വാനിച്ചത്.

2011ല്‍ ബാബുഭാസ്‌കറിന്റെ കുടുംബം കൃഷി ചെയ്യുന്ന മൂന്ന് ഏക്കര്‍ ഭൂമിയില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ അനുവദിച്ചിരുന്നു. എന്നാല്‍ പത്ത് അടി വരെ കിണര്‍ കുഴിച്ചശേഷം അധികൃതര്‍ പിന്നിട് തിരിഞ്ഞുനോക്കിയില്ല. ഇതിനിടെ ബാബുഭാസ്‌കറിന്റെ സഹോദരന് കൂടി അവകാശപ്പെട്ട ഭൂമി പണയം വെച്ച് 50000 രൂപ വായ്പ തരപ്പെടുത്തി. ഇപ്പോള്‍ ഇതിന്റെ തിരിച്ചടവും ഈ കുടുംബം നേരിടുന്ന വെല്ലുവിളിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com