ബര്‍മൂഡാ ട്രയാംഗിളിന്റെ നിഗൂഢതകള്‍ ചുരുളഴിയുന്നു; യഥാര്‍ഥ വില്ലനെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍

100 അടി ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന തിരമാലയ്ക്ക് കൂറ്റന്‍ കപ്പലുകളെ വരെ നാമാവശേഷമാക്കാനുള്ള കഴിവുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
ബര്‍മൂഡാ ട്രയാംഗിളിന്റെ നിഗൂഢതകള്‍ ചുരുളഴിയുന്നു; യഥാര്‍ഥ വില്ലനെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍

ര്‍മൂഡ ട്രയാംഗിള്‍, ബര്‍മൂഡയ്ക്കും പോര്‍ട്ടോ റിക്കോയ്ക്കും ഫ്‌ളോറിഡയ്ക്കും  ഇടയിലുള്ള നിഗൂഢ മേഖല. അതിലൂടെ കടന്നു പോകുന്ന കപ്പലുകളും വിമാനങ്ങളും ആയിരക്കണക്കിന്‌ മനുഷ്യരും എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷമാകും. അവര്‍ എവിടേക്ക് പോയി എന്ന ചോദ്യത്തിന് അതുവരെ ഉത്തരമായിട്ടില്ല. പകരം ലഭിക്കുക അപസര്‍പ്പക കഥകളെ വെല്ലുന്ന നിരീക്ഷണങ്ങളാണ്. അജ്ഞാതമായ ശക്തി മുതല്‍ അന്യഗ്രഹജീവികള്‍ വരെ ഇതില്‍ വില്ലന്മാരായി എത്തും. ഗവേഷണങ്ങള്‍ നടത്താന്‍ അന്യഗ്രഹജീവികള്‍ മനുഷ്യരെ പിടിച്ചുകൊണ്ടുപോകുന്ന സ്ഥലമാണിത് എന്നുവരെ കഥകളുണ്ട്. മനുഷ്യന്റെ യുക്തിയെ വെല്ലുവിളിച്ചുകൊണ്ട് നിലനില്‍ക്കുന്ന ഈ പ്രദേശത്തെക്കുറിച്ച് പുതിയ കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. 

പ്രദേശത്തുണ്ടാകുന്ന അസാധാരണമായ തിരമാലകളാണ് അതിലെപോകുന്ന കപ്പലുകളെ വിഴുങ്ങുന്നത് എന്നാണ് അടുത്തിടെ നടന്ന നിരീക്ഷണത്തില്‍ കണ്ടെത്തിയത്. 100 അടി ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന തിരമാലയ്ക്ക് കൂറ്റന്‍ കപ്പലുകളെ വരെ നാമാവശേഷമാക്കാനുള്ള കഴിവുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൗത്താംപ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ബര്‍മൂഡ ട്രയാംഗിള്‍ എനിഗ്മ എന്ന ബ്രിട്ടീഷ് ഡോക്യുമെന്ററിയിലാണ് പുതിയ കണ്ടെത്തലുകള്‍ വന്നിരിക്കുന്നത്. ചാനല്‍ 5 ന് വേണ്ടി ബിബിസിയാണ് ഡോക്യുമെന്ററി തയാറാക്കിയത്. മൂന്ന് കരയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള 270,271 സ്‌ക്വയര്‍ മൈല്‍ കടല്‍ മേഖലയുടെ ഉപരിതലത്തിലാണ് അസാധാരണമായ തിരമാലകള്‍ രൂപംകൊള്ളുന്നത്. വളരെ പെട്ടെന്നായിരിക്കും ഇവ നൂറടിയിലേക്ക് ഉയര്‍ന്നുപൊങ്ങുക. 1997 ല്‍ ദക്ഷിണാഫ്രിക്കയുടെ തീരങ്ങളില്‍ ഇത്തരം പ്രതിഭാസം കണ്ടെത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്. 

വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നു വരുന്ന തിരമാലകളാണ് കൂറ്റന്‍ തിരമാലയുണ്ടാകാന്‍ കാരണമാകുന്നത്. ഈ പ്രദേശത്ത് ഇത്തരം തിരമാലകളുണ്ടാകും എന്നതില്‍ സംശയമില്ലെന്നാണ് സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഓഷനോഗ്രാഫര്‍ സിമണ്‍ ബോക്‌സല്‍ പറയുന്നത്. വെള്ളത്തിന്റെ ഒരു മതിലുപോലെ ആയിരിക്കും ഇതെന്നും അപ്രതീക്ഷിതമായ സമയത്തായിരിക്കും ഇത് ആഞ്ഞടിക്കുകയെന്നുമാണ് നാഷണല്‍ ഓഷാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയിലും ഇത്തരം തിരമാലകള്‍ കാരണം വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍ അപ്രത്യക്ഷമായിട്ടുണ്ടെന്നും സിമണ്‍ ബോക്‌സല്‍ പറഞ്ഞു. 

ബര്‍മൂഡ ട്രയാംഗിളിലും ഇത്തരത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊടുങ്കാറ്റുണ്ടാകാം. മെക്‌സിക്കോയില്‍ നിന്നും ഭൂമദ്ധ്യമേഖലയില്‍ നിന്നും അറ്റ്‌ലാന്റിക്കിന്റെ കിഴക്കുനിന്നുമുള്ള ഭാഗത്തുനിന്നുമെല്ലാം ഇത്തരത്തിലുള്ള കൊടുങ്കാറ്റുകളുണ്ടാകും. ഓരോ തിരമാലയ്ക്കും 30 അടി ഉയരമുണ്ടെങ്കില്‍ പെട്ടെന്ന് ഇത് 100 അടിയിലേക്ക് (30മീറ്ററിലേക്ക) ഉയരും. ഗവേഷണത്തിന്റെ ഭാഗമായി യൂണിവേഴിസിറ്റിയിലെ എന്‍ജിനീയര്‍മാര്‍ 1918 ല്‍ 300 പേരുമായി കാണാതായ യുഎസ്എസ് സൈക്ലോപ്‌സിന്റെ ഉള്‍പ്പടെയുള്ള ചില കപ്പലുകളുടെ മോഡലുകള്‍ നിര്‍മിച്ചിരുന്നു. അത്തരം ഭീമന്‍ തിരമാലകള്‍ അടിച്ചാല്‍ അവ പെട്ടെന്ന് മുങ്ങാനുള്ള സാധ്യതയുണ്ടെന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍. കപ്പലുകളുടെ വലുപ്പം കൂടുന്നതിന് അനുസരിച്ച് അപകട സാധ്യത കൂടുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. 

മുന്‍പ് നടന്നിട്ടുള്ള പല നിരീക്ഷണങ്ങളേയും തള്ളിക്കൊണ്ടാണ് പുതിയ ഗവേഷണഫലം പുറത്തുവന്നിരിക്കുന്നത്. മുന്‍പ് ചിലര്‍ ചര്‍ച്ച ചെയ്തിരുന്ന ആസാധാരണമായ ഗുരുത്വാകര്‍ഷണത്തേയും ബോക്‌സല്‍ തള്ളി. അത്തരത്തിലുള്ള ആകര്‍ഷണ പ്രതിഭാസങ്ങള്‍ മേഖലയിലുണ്ടാകേണ്ട സാധ്യതയില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ നിഗൂഢ ചുഴിയില്‍ കാണാതായ കപ്പലുകളെക്കുറിച്ച് മാത്രമാണ് ഇതില്‍ പറയുന്നത്. അപ്രത്യക്ഷമായിപ്പോയ വിമാനങ്ങളെക്കുറിച്ചുള്ള ഉത്തരം നല്‍കാന്‍ ഗവേഷണ ഫലത്തിനായിട്ടില്ല. 75 ഓളം വിമാനങ്ങളും നൂറുകണക്കിന് കപ്പലുകളുമാണ് ഇവിടെനിന്ന് കാണാതായിട്ടുള്ളത്. ആയിരത്തിലേറെ പേരും എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷമായി. ബര്‍മൂഡ ട്രയാംഗിളിന്റെ നിഗൂഡതകള്‍ ഇനിയും ബാക്കിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com