'ദയവായി വിമാനത്തിന്റെ വാതിലുകള്‍ തുറക്കൂ'; ബോധം നഷ്ടപ്പെട്ട കൈകുഞ്ഞിനേയും എടുത്ത് അപേക്ഷയുമായി അമ്മ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വീഡിയോയുടെ പേരില്‍ ചീത്തവാങ്ങിക്കൂട്ടുകയാണ് പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്
'ദയവായി വിമാനത്തിന്റെ വാതിലുകള്‍ തുറക്കൂ'; ബോധം നഷ്ടപ്പെട്ട കൈകുഞ്ഞിനേയും എടുത്ത് അപേക്ഷയുമായി അമ്മ; വൈറലായി വീഡിയോ

അനക്കമില്ലാതെ കിടക്കുന്ന തന്റെ കുഞ്ഞിനേയും എടുത്തുകൊണ്ട് വിമാനത്തിലെ ജീവനക്കാരോട് വാതിലുകള്‍ തുറക്കാന്‍ ആവശ്യപ്പെടുന്ന അമ്മ. എന്നാല്‍ കുട്ടിയുടെ ജീവന് തെല്ല് വിലകല്‍പ്പിക്കാതെ സാങ്കേതിക പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്ന വിമാനത്തിലെ ജീവനക്കാര്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വീഡിയോയുടെ പേരില്‍ ചീത്തവാങ്ങിക്കൂട്ടുകയാണ് പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്. വിമാനത്തില്‍ കുഞ്ഞ് ബോധരഹിതയായതിനെ തുടര്‍ന്ന് വാതില്‍ തുറക്കാന്‍ അമ്മ ആവശ്യപ്പെട്ടെങ്കിലും അത് അനുവദിക്കാതിരുന്നതാണ് രൂക്ഷവിമര്‍ശനത്തിന് കാരണമായത്. 

ഒരു അമ്മയുടെ വികാരം മനസിലാക്കാന്‍ കഴിയാത്ത വിമാനകമ്പനിയെ രൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. വിമാനം പുറപ്പെടുന്നതിന് മുന്‍പാണ് സംഭവമുണ്ടായത്. വിമാനത്തിലെ എയര്‍കണ്ടീഷനിലുണ്ടായ പ്രശ്‌നമാണ് കുട്ടിയുടെ ബോധം നഷ്ടപ്പെടാന്‍ കാരണമായതെന്നാണ് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടിക്ക് ശുദ്ധവായു കിട്ടാനായി വിമാനത്തിന് പുറത്തേക്ക് പോകണമെന്നാണ് അമ്മയുടെ ആവശ്യം. എന്നാല്‍ ഇതിന് വിമാനത്തിലെ ജീവനക്കാര്‍ അനുവാദം നല്‍കിയില്ല. സമാധാനമായി സീറ്റില്‍ പോയി ഇരിക്കാനാണ് ഇവര്‍ അമ്മയോട് ആവശ്യപ്പെടുന്നത്. അമ്മ ബലം പ്രയോഗിച്ച് വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതും ബഹളം വെക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഒരു കൈയില്‍ കുഞ്ഞിനെ പിടിച്ച് അമ്മ പേപ്പര്‍ ഉപയോഗിച്ച് കുഞ്ഞിനെ വീശുന്നുമുണ്ട്. പാരിസ്- ഇസ്ലാമാബാദ് വിമാനത്തിലെ മറ്റ് ജീവനക്കാരും വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. 

എയര്‍ കണ്ടീഷന്‍ ഓഫ് ചെയ്ത് വാതിലുകള്‍ അടച്ച് രണ്ട് മണിക്കൂര്‍ കിടന്നതിനാലാണ് കുട്ടിക്ക് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടിയത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി പിഐഎ രംഗത്തെത്തി. 30 മിനിറ്റാണ് വിമാനം വൈകിയതെന്നുംട്രാഫിക് കണ്‍ട്രോളറിന്റെ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് വാതില്‍ തുറക്കാതിരുന്നതെന്നുമാണ് വിമാനകമ്പനി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com