ഇത്‌ മുംബൈ ജയിലിലെ 'മുന്നാഭായി'; ഗാന്ധിയന്‍ പരീക്ഷയില്‍ ഒന്നാമനായ അധോലോക നായകന്‍

ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി നടത്തിയ ഒരു പരീക്ഷയില്‍ 92 ശതമാനം മാര്‍ക്ക് നേടിയാണ് ഗൗലി എല്ലാവരേയും ഞെട്ടിച്ചത്
ഇത്‌ മുംബൈ ജയിലിലെ 'മുന്നാഭായി'; ഗാന്ധിയന്‍ പരീക്ഷയില്‍ ഒന്നാമനായ അധോലോക നായകന്‍

മുംബൈ: അടിപിടിയുമായി നടന്ന ഗുണ്ട ഒരു പ്രത്യേക സാഹചര്യത്തില്‍ കടുത്ത ഗാന്ധിയനായി മാറുന്നു. സഞ്ജയ് ദത്ത് നായകനായെത്തിയ ലഗേ രഹോ മുന്നാഭായ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ കഥ ഇങ്ങനെയാണ്. എന്നാല്‍ സിനിമയില്‍ പറയുന്നതൊന്നും ജീവിതത്തില്‍ നടക്കാന്‍ പാടില്ല എന്നില്ലല്ലോ? ഇനി പറയുന്നത് സിനിമ കഥ അല്ല. ശരിക്കും ജീവിതമാണ്. അധോലോകത്തിലെ ബിഗ് ഡാഡിയായിരുന്ന അരുണ്‍ ഗൗലിയുടെ വ്യത്യസ്തമായ ജീവിതം. വര്‍ഷങ്ങള്‍ നീണ്ട ക്രിമിനല്‍ ജീവിതത്തില്‍ നിന്ന് ഗാന്ധിയുടെ പാതയിലേക്ക് നീങ്ങുകയാണ് ഈ മുന്‍ അധോലോക നായകന്‍. ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി നടത്തിയ ഒരു പരീക്ഷയില്‍ 92 ശതമാനം മാര്‍ക്ക് നേടിയാണ് ഗൗലി എല്ലാവരേയും ഞെട്ടിച്ചത്. 

നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകകുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഗൗലിയിപ്പോള്‍. 80 ല്‍ നടത്തിയ പരീക്ഷയില്‍ 74 മാര്‍ക്കാണ് നേടിയത്. എന്നാല്‍ സ്വന്തം ജീവിതത്തിലും ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടരുമോ എന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും.

ജനുവരിയിലാണ് പരീക്ഷ നടന്നത്. എന്നാല്‍ ഗൗലിയുടെ പരീക്ഷ മികവിനെക്കുറിച്ച് പുറത്തറിഞ്ഞത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് പരീക്ഷയ്ക്ക് നേതൃത്വം നല്‍കിയ മുംബൈ സര്‍വോധൈ മണ്ഡലിന്റെ പ്രതിനിധി പറയുന്നത്. എന്തായാലും ഇതിലൂടെ ഗാന്ധിയന്‍ ആശയങ്ങള്‍ കൂടുതല്‍ പ്രചരിക്കപ്പെടുമെന്നാണ് ഇവരുടെ വിശ്വാസം. 

2003 മുതല്‍ ജയിലില്‍ ഗാന്ധിയന്‍ ആശയങ്ങളെക്കുറിച്ച് പരീക്ഷ നടത്തുന്നുണ്ട്. ഇതിലൂടെ നിരവധി പേര്‍ ക്രിമിനല്‍ ജീവിതം തന്നെ ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് സംഘടന പറയുന്നത്. മുംബൈയിലെ ഖട്‌കോപറില്‍ നിന്നുള്ള ലക്ഷ്മണ്‍ ഗോരെ എന്ന തടവുകാരനുണ്ടായ മാറ്റമാണ് ഇതിന് ഉദാഹരണമായി പറയുന്നത്. 2006 മുതല്‍ നാസിക് ജയിലില്‍ കഴിയുന്ന ഇയാള്‍ ഗാന്ധിയുടെ ജീവിതകഥ വായിച്ചതോടെ അദ്ദേഹത്തെ പിന്തുടരാന്‍ തീരുമാനിച്ചു. താന്‍ ചെയ്ത എല്ലാ കുറ്റങ്ങളും അദ്ദേഹം ഏറ്റു പറഞ്ഞു. ശിക്ഷ കഴിഞ്ഞ ഇറങ്ങിയ ശേഷം ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ്.

ജയിലില്‍ കഴിയുന്നവരിലേക്ക് ഗാന്ധിയന്‍ ആശയങ്ങള്‍ എത്തിക്കുന്നതിനായാണ് പരീക്ഷകള്‍ നടത്തുന്നത്. മഹാരാഷ്ട്ര ജയിലില്‍ കഴിയുന്ന 3500 ഓളം തടവുകാര്‍ ഇപ്പോള്‍ പരീക്ഷ എഴുതി കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com