ഇനി കരുതല്‍ വേണ്ട; ഗര്‍ഭനിരോധനത്തിനും ആപ്പായി 

ഒരു സ്ത്രീയില്‍ അണ്ഡോത്പാദനം നടക്കുന്ന ദിവസങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിന് പുംബീജങ്ങളുടെ അതിജീവന നിരക്ക്, ശരീരോഷ്മാവ്, ആര്‍ത്തവചക്രം എന്നിവ ആപ്പ് അടയാളപ്പെടുത്തും
ഇനി കരുതല്‍ വേണ്ട; ഗര്‍ഭനിരോധനത്തിനും ആപ്പായി 

അവിചാരിതമായി ഗര്‍ഭിണിയാകുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്. എന്നാല്‍ ഇനി അനവസരത്തില്‍ ഗര്‍ഭിണിയാകുമെന്ന പേടി വേണ്ട. ഗര്‍ഭനിരോധന ഉപാധിയായി പുതിയ മൊബൈല്‍ ആപ്ലിക്കേഷനും അവതരിപ്പിച്ചിരിക്കുന്നു. നാച്വറല്‍ സൈക്കിള്‍സ് എന്നു പേരിട്ടിരിക്കുന്ന ആപ്പിന് യുഎസിലെ ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍(എഫ്.ഡി.എ) അംഗീകാരം നല്‍കി. 

ആണവ ഭൗതിക ശാസ്ത്രജ്ഞയായ എലിന ബെര്‍ ഗ് ലണ്ട് ഷെര്‍വിറ്റ്‌സലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്നവര്‍ക്കു വേണ്ടിയാണ് ഇതൊരുക്കിയത്. യു.കെയിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെയും അംഗീകാരം ആപ്പിനുണ്ട്. 

അണ്ഡോത്പാദന സമയം കൃത്യമായി കണ്ടെത്തി ഗര്‍ഭം ധരിക്കുന്നതിനും അതു വേണ്ടാത്തവര്‍ക്ക് ഗര്‍ഭധാരണം തടയുന്നതിനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും. ഇതൊരു ഗര്‍ഭ നിരോധന ഉപാധിയായി എഫ്.ഡി.എ അംഗീകരിക്കുകയും ചെയ്തു. 

ശ്രദ്ധയോടു കൂടി കൈകാര്യം ചെയ്യുകയാണെങ്കില്‍ ആപ്പ് മികച്ച ഗര്‍ഭനിരോധന ഉപാധിയാണെന്ന് എഫ്.ഡി.എയുടെ സ്ത്രീകളുടെ ആരോഗ്യവിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ടെറി കോര്‍ണെലിസണ്‍ പറഞ്ഞു. അതേസമയം ഒരു ഗര്‍ഭനിരോധന ഉപാധിയും 100 ശതമാനം ഉറപ്പു നല്‍കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഒരു സ്ത്രീയില്‍ അണ്ഡോത്പാദനം നടക്കുന്ന ദിവസങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിന് പുംബീജങ്ങളുടെ അതിജീവന നിരക്ക്, ശരീരോഷ്മാവ്, ആര്‍ത്തവചക്രം എന്നിവ ആപ്പ് അടയാളപ്പെടുത്തും. ഈ എല്ലാ ഘടകങ്ങളും പരിഗണിച്ച് ഗര്‍ഭധാരണ സാധ്യതയെക്കുറിച്ച് ചുവന്ന ലൈറ്റ് തെളിച്ച് മുന്നറിയിപ്പ് നല്‍കും. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഏറ്റവും സുരക്ഷിതമായ ദിവസങ്ങളില്‍ പച്ച ലൈറ്റും തെളിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com