'മാണിക്യ മലരായ പൂവി': പാട്ടെഴുത്തുകാരന്‍ റിയാദിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തിരക്കിലാണ്

കൂട്ടുകാര്‍ക്കിടയില്‍ ഉസ്താദ് എന്നറിയപ്പെടുന്ന ഇദ്ദേഹം നല്ലൊരു ഗായകന്‍ കൂടിയാണ്.
'മാണിക്യ മലരായ പൂവി': പാട്ടെഴുത്തുകാരന്‍ റിയാദിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തിരക്കിലാണ്

'മാണിക്യ മലരായ പൂവി, മഹതിയാം ഖദീജ ബീവി' ഈ പാട്ട് മലയാളികളുടെ ചുണ്ടിലെ താളമാകുമ്പോള്‍ ഇതെഴുതിയ ജബ്ബാര്‍ അങ്ങകലെ മരുഭൂമിയില്‍ തന്റെ ജീവിത മാര്‍ഗം കണ്ടെത്തുകയാണ്. അഞ്ചു വര്‍ഷമായി സൗദിയിലെ റിയാദിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് പാട്ടെഴുതിയ ജബ്ബാര്‍. കൂട്ടുകാര്‍ക്കിടയില്‍ ഉസ്താദ് എന്നറിയപ്പെടുന്ന ഇദ്ദേഹം നല്ലൊരു ഗായകന്‍ കൂടിയാണ്.

1978ല്‍ ആകാശവാണിയില്‍ പാടുന്നതിനാണ് ഈ വരികള്‍ രചിച്ചത്. മാപ്പിളപ്പാട്ട് രംഗത്ത് ഹിറ്റായ ഈ ഗാനം 29 വര്‍ഷം മുമ്പ് ഒരു ചെറിയ പെരുന്നാള്‍ ദിനത്തില്‍ ദൂരദര്‍ശനില്‍ അവതരിപ്പിക്കപ്പെട്ടു. 1992 ല്‍ 'ഏഴാം ബഹര്‍' എന്ന ഓഡിയോ ആല്‍ബത്തില്‍ 'മാണിക്യ മലരായ' ഇടം പിടിച്ചു. ആദ്യം ഈ വരികള്‍ ആലപിച്ച് ഹിറ്റാക്കിയത് റഫീഖ് തലശ്ശേരിയാണ്. പിന്നീട് ഒട്ടനവധി പ്രമുഖ ഗായകര്‍ ഈ ഗാനം പാടി. 

നാല്‍പ്പത് വര്‍ഷം കൊണ്ട് ഒട്ടനവധി നല്ല പാട്ടുകള്‍ എഴുതിയെങ്കിലും ഹിറ്റായത് ഈ പാട്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞും പുതു തലമുറ ഏറ്റു പാടുമ്പോള്‍ താന്‍ അനുഭവിക്കുന്ന ആഹ്ലാദം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയുമാണെന്ന് ജബ്ബാര്‍ പറയുന്നു. 

റഫീഖ് തലശേരിയും എരഞ്ഞോളി മൂസയുമെല്ലാം നിരവധി വേദികളില്‍ പാടിയും കസെറ്റ് ഇറക്കിയുമെല്ലാം ഈ പാട്ടിനെ മാപ്പിളപ്പാട്ട് പ്രേമികളിലേക്കെത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് കൂടുതല്‍ ജനശ്രദ്ധ നേടിക്കൊടുത്തത് ഷാന്‍ റഹ്മാന്റെ റെമിക്‌സ് ആണ്. വിനീത് ശ്രീനിവാസനാണ് ഇത് പാടിയിരിക്കുന്നത്. യൂട്യൂബില്‍ ട്രെന്‍ഡിങ് ആയ ഈ ഗാനം ലക്ഷങ്ങളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്.

തന്റെ പതിനാറാമത്തെ വയസിലാണ് ജബ്ബാര്‍ പാട്ടെഴുതാന്‍ തുടങ്ങിയത്. മദ്രസയിലെ സാഹിത്യ പരിപാടികള്‍ക്ക് കുട്ടികള്‍ക്ക് പാട്ട് എഴുതിയാണ് തുടക്കം. ഇതിനോടകം അഞ്ഞൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഈ ഗാനം റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് റഫീഖ് പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ പാട്ട് യുവ തലമുറ ഏറ്റുവാങ്ങിയതോടെ ജബ്ബാറും സെലിബ്രിറ്റിയായി. 

ഇത്രയധികം പാട്ടെഴുതിയിട്ടുണ്ടെങ്കിലും ജബ്ബാറിന് അതില്‍ നിന്ന് കാര്യമായ പുരസ്‌കാരങ്ങളോ പ്രതിഫലമോ ലഭിച്ചിട്ടില്ല. പക്ഷേ അതിലൊന്നും അദ്ദേഹത്തിന് പരിഭവമില്ല. കൊടുങ്ങല്ലൂര്‍ കരൂപടന്ന സ്വദേശി ജബ്ബാര്‍ ഖത്തറില്‍ നിന്നാണ് സൗദിയില്‍ എത്തുന്നത്. 15 വര്‍ഷം ഖത്തറില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 2013ല്‍ സൗദിയിലെത്തി. മകന്‍ അമീന്‍ മുഹമ്മദ് റിയാദില്‍ ഗ്രാഫിക് ഡിസൈനറായിയിരുന്നു. ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ ഐഷാബി. മകള്‍ റഫീദ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com