പ്രസവസമയത്ത് കുഞ്ഞുങ്ങള്‍ മാറിപ്പോയി; തിരിച്ചറിഞ്ഞപ്പോള്‍ വളര്‍ത്തിയ കുഞ്ഞുങ്ങളെ തന്നെ മതിയെന്ന് രക്ഷിതാക്കള്‍

മൂന്നു വര്‍ഷത്തിന് ശേഷമാണ് ഇരുകുടുംബങ്ങളും കുഞ്ഞുങ്ങള്‍ മാറിപ്പോയ കാര്യം മനസിലാക്കുന്നത്. 
പ്രസവസമയത്ത് കുഞ്ഞുങ്ങള്‍ മാറിപ്പോയി; തിരിച്ചറിഞ്ഞപ്പോള്‍ വളര്‍ത്തിയ കുഞ്ഞുങ്ങളെ തന്നെ മതിയെന്ന് രക്ഷിതാക്കള്‍

സിനിമാ തിരക്കഥകളെപ്പോലും വെല്ലുന്ന സംഭവമാണ് അസമിലെ ഡറാങ്ങില്‍ അരങ്ങേറിയത്. പൊന്നുപോലെ നോക്കിവളര്‍ത്തിയ കുഞ്ഞുങ്ങള്‍ തങ്ങളുടേതല്ലെന്ന് മൂന്നു വര്‍ഷത്തിന് ശേഷം തിരിച്ചറിഞ്ഞാല്‍ എന്ത് ചെയ്യും? മാത്രമല്ല, തങ്ങളുടെ യഥാര്‍ത്ഥ കുഞ്ഞ് മറ്റൊരു കുടുംബത്തില്‍ വളരുന്നു എന്നു കൂടി അറിഞ്ഞാലോ?.. ഇത് സിനിമാക്കഥയല്ല. അസമിലെ രണ്ട് കുടുംബങ്ങള്‍ നേരിട്ട പ്രതിസന്ധിയായിരുന്നു. 

പക്ഷേ, സംഭവത്തെ വളരെ പക്വതയോടെയും ഹൃദയവിശാലതയോടെയും നേരിട്ട് കുടുംബങ്ങള്‍ മാതൃകയായി. അസമിലെ ഡറാങ് ജില്ലയിലാണ് സംഭവം. 2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ വച്ച് ബോഡോ കുടുംബത്തിലും മുസ്ലിം കുടുംബത്തിലും ജനിച്ച ശിശുക്കള്‍ മാറിപോവുകയയായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തിന് ശേഷമാണ് ഇരുകുടുംബങ്ങളും കുഞ്ഞുങ്ങള്‍ മാറിപ്പോയ കാര്യം മനസിലാക്കുന്നത്. 

നാല്‍പത്തിയെട്ട്കാരിയായ മുസ്ലീം അധ്യാപികയ്ക്കാണ് ആദ്യം കുഞ്ഞുങ്ങള്‍ മാറിയ കാര്യത്തില്‍ സംശയം ജനിച്ചത്. തങ്ങളുടെ കുടുംബത്തിലെ ആരുമായും കുഞ്ഞിന് മുഖസാദൃശ്യമില്ലെന്നുള്ളതായിരുന്നു സംശയത്തിന് കാരണം. ഇക്കാര്യം സൂചിപ്പിച്ച് ഇവര്‍ ആശുപത്രിയിലെത്തിയെങ്കിലും അവര്‍ ആവലാതി പരിഗണിച്ചില്ല. പിന്നീട് ഏറെ നാളത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഡിഎന്‍എ ടെസ്റ്റിന് കുട്ടികളെ വിധേയമാക്കുന്നത്.

ഡിഎന്‍എ ടെസ്റ്റില്‍ കുഞ്ഞുങ്ങള്‍ മാറിയെന്ന കാര്യം വ്യക്തമാവുകയായിരുന്നു. ഇതോടെ കോടതി വഴി പ്രശ്‌നം പരിഹരിക്കാമെന്ന തീരുമാനത്തിലെത്തി. കുഞ്ഞുങ്ങളെ  കൈമാറാനായുള്ള സംയുക്ത ഹര്‍ജി ഇരു കുടുംബങ്ങളും കോടതിയില്‍ നല്‍കി. തുടര്‍ന്ന് ജനുവരി നാലിന് കുഞ്ഞുങ്ങളെ കൈമാറ്റം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. 

എന്നാല്‍ രണ്ടു വയസിലധികം പ്രായമുള്ള കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള വൈകാരിക ബന്ധം പെട്ടെന്ന് തച്ചുടക്കാനാവില്ലെന്ന്് പിന്നീടാണവര്‍ക്ക് ബോധ്യപ്പെട്ടത്. അങ്ങനെ സ്‌നേഹബന്ധമാണ് വലുതെന്നും രക്തബന്ധത്തിന് പിന്നാലെ പോകേണ്ടെന്നുമുള്ള തീരുമാനത്തില്‍ ഇരുകുടുംബങ്ങളും എത്തിച്ചേരുകയായിരുന്നു. 

ജനുവരി 24ന് മറ്റൊരു സംയുക്ത ഹര്‍ജിയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരു കുടുംബങ്ങളും. 'കുട്ടികളെ, സ്‌നേഹിച്ചു വളര്‍ത്തിയ മാതാപിതാക്കള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ കഴിയാന്‍ കോടതി അനുവദിയ്ക്കണം' എന്നാണ് കുടുംബങ്ങള്‍ ഇപ്പോള്‍ കോടതിയോട് ആവശ്യപ്പെടാനൊരുങ്ങുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com