സമരം 762 ദിവസങ്ങള്‍ പിന്നിടുമ്പോഴും ശ്രീജിത്തിന് നീതി ലഭിക്കുന്നില്ല

2014 മാര്‍ച്ച് 21നാണ് പാറശാല പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവ് മരിച്ചത്.
സമരം 762 ദിവസങ്ങള്‍ പിന്നിടുമ്പോഴും ശ്രീജിത്തിന് നീതി ലഭിക്കുന്നില്ല

നീണ്ട 762 ദിവസത്തോളം തുടര്‍ച്ചയായി ഒരു ചെറുപ്പക്കാരന്‍ ഒറ്റയ്ക്ക് സമരം ചെയ്യുകയാണ്. ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനുജന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ടാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്ത് ഇപ്പോഴും സമരം തുടരുന്നത്.

തലസ്ഥാനത്ത് നടക്കുന്ന ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് നേരെ ഇന്നും അധികാരിവര്‍ഗം നിസംഗ ഭാവത്തിലാണ്. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ ക്യാംപെയ്‌നുമായി സുഹൃത്തുക്കള്‍ രംഗത്തെത്തിട്ടുണ്ട്. 

2014 മാര്‍ച്ച് 21നാണ് പാറശാല പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവ് മരിച്ചത്. ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചെന്ന് പറഞ്ഞ് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്രീജീവ് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. 

അതേസമയം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വിഷം ശ്രീജീവ് ലോക്കപ്പില്‍ വച്ച് കഴിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കംപ്ലെയ്ന്റ് സെല്‍ അതോറിറ്റി ശ്രീജീവിന്റേത് ലോക്കപ്പ് മരണമാണെന്ന് സ്ഥിരീകരിച്ചു. കൂടാതെ വിഷം ശ്രീജീവ് ലോക്കപ്പില്‍ എത്തിച്ചതല്ലെന്നും പോലീസ് ബലമായി കഴിപ്പിച്ചതാണെന്നും ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വ്യക്തമായി. 

ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് ശിക്ഷിക്കണമെന്നും വകുപ്പ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയൊന്നുമുണ്ടാകാതെ വന്നതോടെയാണ് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. 

തുടര്‍ച്ചയായ നിരാഹാര സമരങ്ങളുടെ ഫലമായി കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെയും സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ല. സിബിഐ അന്വേഷണം ആരംഭിക്കും വരെയും സമരം തുടരുമെന്നാണ് ശ്രീജിത്ത് പറയുന്നത്.

രണ്ട് വര്‍ഷമായി തലസ്ഥാനത്ത് സമരം നടത്തുന്ന ശ്രീജിത്ത് കഴിഞ്ഞ ഒരുമാസമായി നിരാഹാര സത്യാഗ്രഹത്തിലാണ്. ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടും അധികൃതര്‍ ആരും തിരിഞ്ഞുനോക്കാതെ വന്നതോടെയാണ് സോഷ്യല്‍മീഡിയയില്‍ സുഹൃത്തുക്കള്‍ ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.

നടനും സംവിധായകനുമായ ജോയ് മാത്യു ഉള്‍പ്പെടെ നിരവധിയാളുകള്‍ ശ്രീജിത്തിനായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. '761 ഒരു ചെറിയ സംഖ്യയല്ല' എന്ന തലക്കെട്ടിലാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

'കഴിഞ്ഞ 761 ദിവസമായി സെക്രട്ടറിയേറ്റിനു മുമ്പില്‍ തന്റെ സഹോദരന്റെ ലോക്കപ്പ് മരണത്തെക്കുറിച്ച് അനേഷണം വേണം എന്നാവശ്യപ്പെട്ട് ശ്രീജിത് എന്ന യുവാവ് ജീവത്യാഗം ചെയ്യുന്നു. നാളെ ഈ മനുഷ്യജീവന്റെ പേരില്‍ നമ്മള്‍ മലയാളികളെ ഉളുപ്പില്ലാത്ത ജനത എന്ന പേരില്‍ ലോകം അടയാളപ്പെടുത്തും. ചെഗുവേരയുടെ ചിത്രം വരക്കുന്നവരും, ഏ കെ ജി യെ ചരിത്രത്തില്‍ നിന്നും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരും, താമര വിരിയിക്കുന്നവരും, പച്ചക്കടല്‍ സ്വപ്നം കാണൂന്നവരും തുടങ്ങി വിപ്ലവം ,ജനാധിപത്യം എന്ന് സദാസമയവും ഉരുവിടുന്ന എല്ലാ ഞാഞ്ഞൂല്‍ പാര്‍ട്ടികളും ഈ ചെറുപ്പക്കാരന്റെ നീതിക്ക് വേണ്ടിയുള്ള സമരത്തില്‍ എന്ത് കൊണ്ട് മൗനം പാലിക്കുന്നു എന്നത് അത്ഭുതകരമായിരിക്കുന്നു. അതെ ,ഓരോ ദിവസം കഴിയുന്തോറും നമ്മള്‍ മലയാളികള്‍ കള്ളന്മാരായിക്കൊണ്ടിരിക്കുകയാണു
ഓര്‍ക്കുക 761 ഒരു ചെറിയ സംഖ്യയല്ല' ജോയ് മാത്യു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com