ലോകാവസാനമല്ല, ലോകാത്ഭുതമാണ് സൂപ്പര്‍മൂണ്‍!

ഇന്ന് മറ്റെന്തൊക്കെ മറന്നാലും ഒരു കാര്യം മറക്കരുത്. മാനത്ത് ഉദിച്ചുനില്‍ക്കുന്ന ചന്ദ്രനെ ഒരു നോക്ക് നോക്കാന്‍. കാരണം ഇനിയൊരുപക്ഷെ ഇതുപോലൊരു ചന്ദ്രനെ ഈ ജന്മം കാണാന്‍ കഴിഞ്ഞെന്നുവരില്ല.
ലോകാവസാനമല്ല, ലോകാത്ഭുതമാണ് സൂപ്പര്‍മൂണ്‍!

ഇന്ന് മറ്റെന്തൊക്കെ മറന്നാലും ഒരു കാര്യം മറക്കരുത്. മാനത്ത് ഉദിച്ചുനില്‍ക്കുന്ന ചന്ദ്രനെ ഒരു നോക്ക് നോക്കാന്‍. കാരണം ഇനിയൊരുപക്ഷെ ഇതുപോലൊരു ചന്ദ്രനെ ഈ ജന്മം കാണാന്‍ കഴിഞ്ഞെന്നുവരില്ല. പുതുവര്‍ഷം പിറന്നപ്പോള്‍ അതൊരു സൂപ്പര്‍മൂണ്‍ രാവായിരുന്നെങ്കിലും ഇന്നതേതിന് കുറച്ചുകൂടെ മാറ്റ് കൂടും. സൂപ്പര്‍മൂണും രക്തചന്ദ്രികയും പൊന്‍തിങ്കളും തിളങ്ങി നില്‍ക്കുന്ന കാഴ്ച്ച ഇനി അടുത്തൊന്നും ആസ്വദിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരാരും അത് കണ്ടിട്ടുമില്ല. സൂപ്പര്‍ ബ്ലഡ് മൂണ്‍ പ്രതിഭാസം കാണണമെങ്കില്‍ ഇനി പതിറ്റാണ്ടുകള്‍ കാത്തിരിക്കണം.

ഇന്നതേത് ഒരു സൂപ്പര്‍ ബ്‌ളൂ ബ്‌ളഡ്മൂണ്‍ പൂര്‍ണ ഗ്രഹണം

ഇന്ന് മാനത്ത് തിളങ്ങുന്ന ചന്ദ്രന് ഒരുപാട് പ്രത്യേകതകളുണ്ടാകും. ഇതൊരു പൂര്‍ണ ചന്ദ്രഗ്രഹണമാണെന്നതാണ് ആദ്യ പ്രത്യേകത. രണ്ടാമത്തേത് സൂപ്പര്‍മൂണ്‍ ആണെന്നതുതന്നെ. അതായത്, ചന്ദ്രന്‍ ഭൂമിയുടെ കൂടുതല്‍ അടുത്തെത്തുന്നതുകൊണ്ട് സാധാരണ പൗര്‍ണമിദിവസത്തെ ചന്ദ്രബിംബത്തേക്കാള്‍ വലുപ്പക്കൂടുതല്‍ ഉണ്ടാകും. ഒരുമാസത്തിലെതന്നെ രണ്ടാമത്തെ പൂര്‍ണചന്ദ്രനാണെന്നതാണ് മറ്റൊരു പ്രത്യേകത. ബ്‌ളൂ മൂണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പൂര്‍ണഗ്രഹണസമയത്തെ ഭൗമാന്തരീക്ഷത്തിന്റെ പ്രത്യേകത ചന്ദ്രന് ചുമപ്പുകലര്‍ന്ന ഓറഞ്ച്‌നിറം സമ്മാനിക്കും ബ്‌ളഡ് മൂണ്‍ അഥവാ രക്തചന്ദ്രന്‍ എന്നറിയപ്പെടുന്ന ഇതും ഇന്ന് മാനത്ത് തിളങ്ങുന്ന ചന്ദ്രന്റെ സവിശേഷതയാണ്. ചുരുക്കിപറഞ്ഞാല്‍ ഇന്നതേത് ഒരു സൂപ്പര്‍ ബ്‌ളൂ ബ്‌ളഡ്മൂണ്‍ പൂര്‍ണ ഗ്രഹണമാണെന്ന് സാരം.

152വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നതെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ അത് അമേരിക്കയുടെ കാര്യമാണ്. ഏഷ്യയില്‍ ഈ പ്രതിഭാസം ഇതിന് മുമ്പുണ്ടായത് 1982ലാണ്. അതായത് 35വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു അത്ഭുതരാവ്. ഈ വര്‍ഷം ജൂലൈ 27ന് അടുത്ത ചന്ദ്രഗ്രഹണം സംഭവിക്കുമെങ്കിലും അതിന് ബ്ലൂ മൂണ്‍, സൂപ്പര്‍മൂണ്‍ സവിശേഷതകള്‍ ഉണ്ടാകില്ല. 

റെയ്ബാന്‍ ഗ്ലാസൊന്നും വേണ്ട നേരെ കാണാം

ഒരു മണിക്കൂറും 16മിനിറ്റും നീണ്ടുനില്‍ക്കുന്ന ഈ വിസ്മയത്തെ അപ്പാടെ കണ്ണുകളില്‍ പതിപ്പിച്ചെടുക്കണമെന്നു കരുതുന്നവര്‍ വൈകുനേരം അഞ്ച് മണി കഴിയുമ്പോള്‍ തന്നെ തയ്യാറായിക്കോ, വൈകിട്ട് 5:18നും രാത്രി 8:41നും ഇടയിലാണ് ചന്ദ്രഗ്രഹണ സമയം. കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യന്‍ ഉദിച്ചുയരുന്നിടത്ത് തന്നെയാണ് ചന്ദ്രനും ആദ്യം പ്രത്യക്ഷപ്പെടുക. ചന്ദ്രഗ്രഹണം തുടങ്ങുന്നതും അവിടെനിന്നുതന്നെ. കാഴ്ച കാണാന്‍ ഒരുങ്ങുമ്പോള്‍ റെയ്ബാന്‍ ഗ്ലാസും കൈയ്യിലെടുത്തൊന്നും പുറത്തിറങ്ങണ്ട കാരണം ഇന്ന് കാണുന്നത് ചന്ദ്രഗ്രഹണമാണ് സൂര്യഗ്രഹണമല്ല. പ്രതിഫലിക്കുന്ന സൂര്യപ്രകാശമാണ് കണ്ണില്‍ പതിക്കുന്നതെന്നതുകൊണ്ട് കണ്ണിനെ സംരക്ഷിക്കാന്‍ എന്നപേരില്‍ കൈയ്യില്‍ കണ്ണടയൊന്നും കരുതണ്ട. ഏതായാലും ജനുവരി മാസത്തില്‍ തന്നെ ഇത് സംഭവിക്കുന്നത് നന്നായി, കാര്‍മേഘവും മറ്റും കാഴ്ചയുടെ സുഖം കെടുത്തുമെന്നോര്‍ത്ത് വിഷമിക്കേണ്ട. 

സൂപ്പര്‍മൂണ്‍ എന്നാല്‍ ലോകാവസാനം അതത്രതന്നെ

ഒന്നിച്ച് ചന്ദ്രനെ കാണാനാണ് ഭാവമെങ്കില്‍ ഒരുപാട് കഥകള്‍ കേള്‍ക്കാനും തയ്യാറായിരുന്നോ. സൂപ്പര്‍മൂണ്‍ എന്ന് കേട്ടാല്‍ ഇടംവലം നോക്കാതെ ആദ്യം എത്തുന്ന ഒരു വാക്കുണ്ട് 'ലോകാവസാനം', ലോകം അവസാനിക്കുകയാണെന്ന് പറയാതെ എന്ത് സൂപ്പര്‍മൂണ്‍ എന്നാണ് ഇപ്പോള്‍ അവസ്ഥ. സാധാരണ ചന്ദ്രനേക്കാള്‍ വലുപ്പവും പ്രകാശവുമൊക്കെയായി എത്തുന്ന സൂപ്പര്‍മൂണ്‍ നാശം വിതയ്ക്കുമെന്നാണ് പലരുടെയും സങ്കല്‍പ്പം. ആധുനിക കലണ്ടര്‍ സംവിധാനം പിറന്നിട്ട് ഏകദേശം മുപ്പതോളം സൂപ്പര്‍ മൂണ്‍ പിറന്നിട്ടുണ്ട്. ഏതായാലും അന്നൊന്നും അവസാനിക്കാത്ത ലോകം ഇന്ന് അവസാനിക്കില്ലെന്ന് സമാധാനിക്കാം. 

ലോകാവസാനം കൊണ്ടൊന്നും തീരുന്നില്ല. ദുരന്തമാണ് സൂപ്പര്‍മൂണ്‍ സമ്മാനിക്കുകയെന്നാണ് വലിയൊരു വിഭാഗം ആളുകളും മനസിലുറപ്പിച്ച് വച്ചിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥം വൃത്താകൃതിയിലല്ലാത്തതിനാലാണ് സൂപ്പര്‍മൂണ്‍ സംഭവിക്കുന്നത്. ഭൂമിയെ വലവക്കുന്ന ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയം. ഈ സമയം ചന്ദ്രന്റെ ആകര്‍ഷണശക്തി കൂടുതലായിരിക്കുമെങ്കിലും അത് ഭൂമിക്ക് താങ്ങാന്‍ കഴിയാത്ത ഒന്നല്ലെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍ ഈ ആകര്‍ഷണം പതിവില്‍ കൂടുതല്‍ വേലിയേറ്റത്തിനും വേലിയിറക്കത്തിനും കാരണമാകുന്നതുകൊണ്ട് തീരദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്. 

ഇതുകൊണ്ടും തീര്‍ന്നില്ല ഗര്‍ഭിണികള്‍ പുറത്തിറങ്ങരുത്, പാകം ചെയ്ത ഭക്ഷണം കഴിക്കരുത്, കുട്ടികള്‍ അസ്വസ്ഥരായിരിക്കും എന്നിങ്ങനെ ചന്ദ്രഗ്രഹണ സമയത്തെ കഥകള്‍ വിരാമമില്ലാതെ നീളുന്നതാണ്. ഗ്രഹണ സമയത്ത് ഹനുമാന്‍ ക്ഷേത്രങ്ങളിലൊഴിച്ച് മറ്റ് അമ്പലങ്ങളില്‍ പൂജകള്‍ ഉണ്ടായിരിക്കില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഗ്രഹണ സമയത്തേ ദോഷങ്ങള്‍ അകറ്റാന്‍ ഭക്തര്‍ ഭഗവത് സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ ആയിരിക്കുമെന്നും ഗ്രഹണം അവസാനിക്കുമ്പോള്‍ കുളിച്ച് തൊഴുത് പ്രസാദം വാങ്ങി മടങ്ങുമെന്നുമാണ് ഐതീഹ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com