കാമുകിയായ 'കാവ്യാ മാധവനെ' തേടി ബംഗ്ലാദേശില്‍ നിന്ന് എത്തി; കിട്ടിയത് ഇടിയും രണ്ട് വര്‍ഷം തടവും; നാട്ടിലേക്കുള്ള മടക്കം സ്വപ്‌നം കണ്ട് കാമുകന്‍

ബംഗ്ലാദേശിലെ പെയിന്റിങ് തൊഴിലാളിയായ സഹീബുള്‍ഖാന്‍ ഫേയ്‌സ്ബുക്കിലൂടെയാണ് വയനാട് മേപ്പാട് സ്വദേശിനിയുമായി പരിചയത്തിലാകുന്നത്
കാമുകിയായ 'കാവ്യാ മാധവനെ' തേടി ബംഗ്ലാദേശില്‍ നിന്ന് എത്തി; കിട്ടിയത് ഇടിയും രണ്ട് വര്‍ഷം തടവും; നാട്ടിലേക്കുള്ള മടക്കം സ്വപ്‌നം കണ്ട് കാമുകന്‍

വയനാട്; ഒരു രേഖയും കൈവശമില്ലാതെ സ്വന്തം രാജ്യവും പ്രീയപ്പട്ടവരേയും വിട്ട് ഇന്ത്യയിലേക്ക് വരുമ്പോള്‍ സഹീബുള്‍ഖാന്റെ മനസില്‍ ഒരു മുഖം മാത്രമുള്ളൂ. വിടര്‍ന്ന കണ്ണുകളും ഇടതൂര്‍ന്ന മുടികളുമുള്ള അതിസുന്ദരിയായ തന്റെ കാമുകിയുടെ ചിത്രം. കാമുകി പറഞ്ഞുതന്ന വഴികള്‍ താണ്ടി അവസാനം വയനാട്ടിലെ കാമുകിയുടെ വീട്ടിലെത്തി. അവളെ ഒരു നോക്ക് കാണാന്‍. എന്നാല്‍ യഥാര്‍ത്ഥ കാമുകിയെ കണ്ടപ്പോഴാണ് തനിക്ക് പിണഞ്ഞ അമളി ഇയാള്‍ മനസിലാക്കുന്നത്. കാമുകിയുടെ ഫേയ്‌സ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം കണ്ടാണ് സഹീബുള്‍ഖാന്‍ കേരളത്തിലേക്ക് വണ്ടികയറിയത്. പ്രൊഫൈലിലുണ്ടായത് കാവ്യാ മാധവന്റെ ചിത്രവും. 

അനധികൃതമായി ഇന്ത്യയിലേക്ക് വന്നതിന് ജയില്‍ ശിക്ഷയും കഴിഞ്ഞ് ഇനി എന്ന് നാട്ടിലേക്ക് മടങ്ങാനാവുമെന്ന് അറിയാതെ കുഴങ്ങുകയാണ് ഇയാള്‍. ബംഗ്ലാദേശിലെ പെയിന്റിങ് തൊഴിലാളിയായ സഹീബുള്‍ഖാന്‍ ഫേയ്‌സ്ബുക്കിലൂടെയാണ് വയനാട് മേപ്പാട് സ്വദേശിനിയുമായി പരിചയത്തിലാകുന്നത്. കാവ്യാമാധവന്റെ ചിത്രം കണ്ട് അതിസുന്ദരിയായ കാമുകിയെ കാണാനുള്ള ആഗ്രഹത്തിലാണ് ഇയാള്‍ രണ്ടര വര്‍ഷം മുന്‍പ് വയനാട്ടിലേക്ക് വരുന്നത്. ഇയാളഴുടെ സാഹസിക യാത്രയില്‍ വഴികാട്ടിയായതും കാമുകിയായിരുന്നു. 

വീട്ടിലെത്തി കാമുകിയെ കണ്ട് സഹീബുള്‍ഖാന്‍ ശരിക്കും ഞെട്ടി. രക്ഷപ്പെടാന്‍ നോക്കിയെങ്കിലും അപ്പോഴേക്കും നാട്ടുകാര്‍ പിടികൂടി നല്ല ഇടികൊടുത്തു. അത്ര നേരം വഴികാട്ടിയായി കൂടെനിന്ന കാമുകിയും കൈവിട്ടു. നാട്ടുകാരാണ് സഹീബുള്‍ഖാനെ പിടിച്ച് മേപ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. കൈയില്‍ യാതൊരു രേഖയുമില്ലാത്തതിനാല്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച ഇയാള്‍ മൂന്ന് മാസം മുന്‍പാണ് ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്നത്. 

നാട്ടിലേക്ക് സഹീബുള്‍ഖാനെ തിരിച്ചയക്കാന്‍ മേപ്പാടി പൊലീസ് ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. എംബസിയില്‍ നിന്ന് മടക്കയാത്രയ്ക്കുള്ള അനുമതി രേഖകള്‍ അയച്ചതായി സഹീബുള്‍ഖാന് അറിയിപ്പും ലഭിച്ചു. പക്ഷേ ആഴ്ചകള്‍ നീണ്ടുനിന്ന തപാല്‍ സമരത്തില്‍ ഈ രേഖകള്‍ അപ്രത്യക്ഷമായി. യാത്ര പ്രതിസന്ധിയിലായതോടെ പൊലീസ് വീണ്ടും എംബസിയുമായി ബന്ധപ്പെട്ടു. ഇപ്പോള്‍ രണ്ടാമത് രേഖകള്‍ വരുമെന്നുള്ള പ്രതീക്ഷയിലാണ് ഇയാള്‍. മൂന്ന് മാസമായി സഹീബുള്‍ഖാന്‍ ജീവിക്കുന്നത് മേപ്പാടി പൊലീസിന്റെ സഹായത്തിലാണ്. ഭക്ഷണവും താമസവുമെല്ലാം പൊലീസ് വകയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com