ടീം തോറ്റോ? എങ്കില്‍ ആ ഫ്‌ലക്‌സ് തരൂ; കോഴിക്കൂടിനല്ല, ചോര്‍ന്നൊലിക്കുന്ന കൂരകള്‍ക്കായി

കോഴിക്കൂടിനും പശുത്തൊഴുത്തിനും മറയാക്കാനല്ല, ചോര്‍ന്നൊലിക്കുന്ന കൂരകള്‍ക്ക് മറയാകാനാണ്.
ടീം തോറ്റോ? എങ്കില്‍ ആ ഫ്‌ലക്‌സ് തരൂ; കോഴിക്കൂടിനല്ല, ചോര്‍ന്നൊലിക്കുന്ന കൂരകള്‍ക്കായി

കൊച്ചി: ലോകകപ്പ് തുടങ്ങിയതില്‍പ്പിന്നെ നാട്ടിലെ മുക്കിലും മൂലയിലുമെല്ലാം ഫുട്‌ബോള്‍ ദൈവങ്ങളുടെ ഫ്‌ലക്‌സ് ബോര്‍ഡുകളാണ്. ആരാധകരുടെ പ്രിയപ്പെട്ട ടീമുകള്‍ തോല്‍ക്കുന്നതിനൊപ്പം തന്നെ ഈ ഫ്‌ലക്‌സുകള്‍ അപ്രത്യക്ഷമാവുന്നുമുണ്ട്. പണവും സ്വപ്‌നങ്ങളും കൂട്ടിച്ചേര്‍ത്തടിക്കുന്ന ഈ ഫ്‌ലക്‌സുകളെല്ലാം പിന്നീട് കോഴിക്കൂട് മൂടാനെടുക്കാം എന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതും.

ഫ്‌ലക്‌സ് ഉപയോഗിച്ച് കോഴിക്കൂട് മൂടാമെന്ന ഹാസ്യം ട്രെന്‍ഡിങ്ങായ ഈ ലോകകപ്പില്‍ വ്യത്യസ്തമായ ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് നാഷണന്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിലെ വൊളന്റിയര്‍മാര്‍. ലോകകപ്പില്‍ നിങ്ങളുടെ ടീം പുറത്തായെങ്കിലും നിരാശപ്പെടേണ്ട, ഇഷ്ടതാരങ്ങളുടെ ചിത്രങ്ങളടങ്ങിയ ചിത്രങ്ങള്‍ ഇനിയും ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണവര്‍ പറയുന്നത്.

എവിടെയാണ് ഉയര്‍ന്നു നില്‍ക്കുക എന്നല്ലേ.., കോഴിക്കൂടിനും പശുത്തൊഴുത്തിനും മറയാക്കാനല്ല, ചോര്‍ന്നൊലിക്കുന്ന കൂരകള്‍ക്ക് മറയാകാനാണ്. 'സ്വച്ഛ് ഭാരത്' ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കോളനികളില്‍ ഈ വൊളന്റിയര്‍മാര്‍ സാമൂഹ്യസേവനം നടത്താന്‍ പോയിരുന്നു. അപ്പോള്‍ കണ്ട ഹൃദയഭേദകമായ കാഴ്ചകളില്‍ നിന്നാണ് അവര്‍ ഈ ആവശ്യം ഉന്നയിക്കുന്നത്.

തകര്‍ന്ന അവസ്ഥയിലാണ് പല കോളനിയിലേയും വീടുകള്‍. കാലപഴക്കം മൂലവും ചോര്‍ച്ച കാരണവും നിലംപൊത്താറായ വീടുകള്‍ക്ക് അറ്റകുറ്റ പണികള്‍ നടത്താന്‍ അവിടുത്തെ സാധാരങക്കാരുടെ വരുമാനം തികയുന്നില്ല. ഈ വീടുകളുടെയെല്ലാം പ്രധാന പ്രശ്‌നം ചോര്‍ച്ചയുമാണ്. മേല്‍ക്കൂരയില്ലാത്ത ശൗചാലയങ്ങളും ചോര്‍ന്നൊലിക്കുന്ന വീടുകളുമാണ് അവിടെപ്പോയാല്‍ കാണാന്‍ കഴിയുക. 

ഇതിന് ഒരു താല്‍ക്കാലിക പരിഹാരമെന്നോണം ലോകകപ്പിന്റെ വിളമ്പര ഫ്‌ലക്‌സ് ഉള്‍പ്പെടെയുള്ള എല്ലാ ഫ്‌ലക്‌സുകളും നാഷണന്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിലെ വൊളന്റിയര്‍മാര്‍ ശേഖരിച്ച് കോളനികളില്‍ എത്തിക്കും. ആവശ്യമായ വീടുകള്‍ക്ക് അവ ഉപയോഗിക്കാനാവും. ഫ്‌ലക്‌സുകള്‍ നല്‍കാന്‍ തയാറായവര്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വിളിക്കാം.
ഫോണ്‍: 8594020181, 9633146661.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com