വലയില്‍ കുടുങ്ങിയത് തിമിംഗല സ്രാവ്: അതിനെ മീന്‍പിടിത്തക്കാരന്‍ കടലിലേക്കു തന്നെ വിട്ടത് എന്തിനാണ്?

തങ്ങളുടെ വലയില്‍ കുടുങ്ങിയ കൂറ്റന്‍ തിമിംഗല സ്രാവിനെ മീന്‍പിടുത്തക്കാര്‍ ചേര്‍ന്ന് കടലിലേക്ക് തന്നെ ഒഴുക്കി വിടുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വലയില്‍ കുടുങ്ങിയത് തിമിംഗല സ്രാവ്: അതിനെ മീന്‍പിടിത്തക്കാരന്‍ കടലിലേക്കു തന്നെ വിട്ടത് എന്തിനാണ്?

ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗില സ്രാവ്. പക്ഷേ ഇന്നിതിന്റെ ജനസംഖ്യയില്‍ ഗണ്യമായ കുറവാണ് നേരിടുന്നത്. ജലാശയത്തിലെ ഓയിലും മറ്റ് അസംസ്‌കൃത വസ്തുക്കളും മനുഷ്യര്‍ ആഹാരത്തിനായി ഉപയോഗിച്ചും മറ്റുമാണ് ഇവ വംശനാശഭീഷണിയുടെ വക്കില്‍ എത്തി നില്‍ക്കുന്നത്. 

ലോകത്ത് വംശനാശഭീഷണി നേരിടുന്ന ജീവികളിലൊന്നായ തിമിംഗല സ്രാവിന്റെ സംരക്ഷണനത്തിനായി സന്നദ്ധ സംഘടനകള്‍ ബോധവല്‍ക്കരണ പരിപാടികളും മറ്റും നടത്തുന്നുമുണ്ട്. ഇതിനിടെ മുംബൈയില്‍ നിന്നും ചിത്രീകരിച്ച മീന്‍പിടുത്തക്കാരുടെ ഒരു വീഡിയോ ചര്‍ച്ചയാവുകയാണ്.

വലയില്‍ കുടുങ്ങിയ കൂറ്റന്‍ തിമിംഗല സ്രാവിനെ മീന്‍പിടുത്തക്കാര്‍ ചേര്‍ന്ന് കടലിലേക്ക് തന്നെ ഒഴുക്കി വിടുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ വിരാട് എ സിങ് ആണ് മീന്‍പിടുത്തക്കാര്‍ സ്രാവിനെ വിട്ടയയ്ക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

പഴ്‌സ് സെയ്ന്‍ ഫിഷിങ് വെല്‍ഫയര്‍ അസോസിയേഷന്റെ വൈസ് ചെയര്‍മാന്‍ ഗണേഷ് നഖ്‌വ ആണ് ഈ വീഡിയോ കൈമാറിയത്. രണ്ടാഴ്ച മുന്‍പ് മുംബൈയില്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോയവരുടെ വലയിലാണ് തിമിംഗല സ്രാവ് കുടുങ്ങിയത്. ഇത് തിമിംഗല സ്രാവ് ആണെന്നറിഞ്ഞ ഉടനേ തുറന്ന് വിടുകയായിരുന്നു. വലയില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ സുരക്ഷിതമായി തുറന്ന് വിടുക എന്നത് ശ്രമകരമായ ജോലിയായിരുന്നെന്ന് ഗണേഷ് നഖ്‌വ പറയുന്നു.

വീഡിയോ പലരും ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചതിനാലാണ് ഈ സംഭവം പുറംലോകം അറിയുന്നത്. ഉത്തര്‍പ്രദേശിലെ രത്‌നഗിരി സ്വദേശികളായിരുന്നു തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തിയത്. ഓഗസ്റ്റ് 15ന് ശേഷം ഇവരെ ഓരോരുത്തരെയും പ്രത്യേക ചടങ്ങില്‍ അഭിനന്ദിക്കുമെന്ന് നഖ്‌വ അറിയിച്ചു.

മീന്‍പിടുത്തക്കാര്‍ ചെയ്ത ഈ പ്രവൃത്തിയെ അഭിനന്ദിക്കാനും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാനും വേണ്ടി പ്രസ്തുത ബോട്ടിലുണ്ടായിരുന്നവര്‍ക്ക് 25000 രൂപ പാരിതോഷികം നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്.

വംശനാശം നേരിടുന്ന തിമിംഗല സ്രാവുകള്‍ ലോകത്തു തന്നെ കേവലം 10000 എണ്ണം മാത്രമേ ഉള്ളുവെന്നാണു കണക്ക്. എന്നാല്‍ അടുത്ത കാലത്തായി കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരത്തു സ്രാവുകളെ കാണപ്പെടുന്നുണ്ട്. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്തും പൊന്നാനിയിലും മത്സ്യ ബന്ധനത്തിനിടയില്‍ തിമിംഗല സ്രാവുകള്‍ കുടുങ്ങിയിരുന്നു.

അല്പം ചൂടു കൂടിയ വെള്ളത്തിലാണ് ഇത്തരം സ്രാവുകളെ കാണപ്പെടുന്നത്. 40 അടി നീളമുള്ള സ്രാവിനു 30 ടണ്ണോളം തൂക്കം വരും. ജലാംശം നിറഞ്ഞ മാംസം ഇന്ത്യയില്‍ ആരും കാര്യമായി കഴിക്കാറില്ല. എന്നാല്‍ ചൈനയില്‍ സ്രാവിന്റെ ചിറക് ഉപയോഗിച്ചു സൂപ്പുണ്ടാക്കി കഴിക്കാറുണ്ട്. ഇതിന്റെ അസാധാരണമായ വലിപ്പം മൂലമാണു തിമിംഗല സ്രാവെന്ന പേര് വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com