റസാന്‍ അല്‍ നജാര്‍: ലോകം മറക്കില്ല പലസ്തീന്റെ മണ്ണില്‍ വെടിയേറ്റു ജീവന്‍ വെടിഞ്ഞ ഈ മാലാഖയെ 

20 വര്‍ഷം മാത്രം നീണ്ട തന്റെ ജീവിതത്തിനിടെ ഇരുരാജ്യങ്ങളെയും രണ്ട് പാഠങ്ങള്‍ പഠിപ്പിച്ചാണ് റസാന്‍ എന്ന മാലാഖ ഭൂമിയില്‍ നിന്ന് യാത്രയായത്
റസാന്‍ അല്‍ നജാര്‍: ലോകം മറക്കില്ല പലസ്തീന്റെ മണ്ണില്‍ വെടിയേറ്റു ജീവന്‍ വെടിഞ്ഞ ഈ മാലാഖയെ 

വര്‍ഷം ഇസ്രയേല്‍ വെടിവെയ്പ് തുടങ്ങിയതിനു ശേഷം മരണപ്പെട്ട 119-ാമത് പാലസ്തീന്‍കാരിയാണ് റസാന്‍ അല്‍ നജാര്‍. എന്നാല്‍ 20 വര്‍ഷം മാത്രം നീണ്ട തന്റെ ജീവിതത്തിനിടെ ഇരുരാജ്യങ്ങളെയും രണ്ട് പാഠങ്ങള്‍ പഠിപ്പിച്ചാണ് റസാന്‍ എന്ന മാലാഖ ഭൂമിയില്‍ നിന്ന് യാത്രയായത്. ഒന്ന് തോക്കിനെക്കാളേറെ ശക്തിയുള്ള ആയുധമാണ് മനുഷ്യനെ സ്‌നേഹിക്കാനറിയുന്ന ഹൃദയം. രണ്ട്  ജീവകാരുണ്യപ്രവര്‍ത്തനങ്ങളും വൈദ്യസേവനവും പുരുഷന്മാരുടെ മാത്രം കുത്തകയല്ല.

ഈ ലോകത്ത് പുരുഷന്‍മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ചിലത് ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചുകൊടുക്കുക, യുദ്ധഭൂമിയിലേക്ക് കടന്നുചെല്ലാനുള്ള ധീരതീരുമാനത്തിന് പിന്നില്‍ റസാനെ പ്രേരിപ്പിച്ചത് ഈ ലക്ഷ്യമാണ്. ആതുരസേവനം എന്നത് പുരുഷന്‍മാര്‍ക്ക് മാത്രമായുള്ള ഒരു ജോലിയല്ല മറിച്ച് അത് സ്ത്രീകളുടേതും കൂടിയാണ്, ഗാസയിലെ പ്രതിഷേധ ക്യാംപില്‍ ഇരുന്ന് റസാന്‍ പറഞ്ഞു. 

പലസ്തീനിലെ പ്രതിഷേധങ്ങളുടെ പത്താം ആഴ്ചയില്‍ പരിക്കേറ്റ പലസ്തീന്‍ പോരാളികളിലൊരാളെ സഹായിക്കാനായി ഓടിയടുക്കുകയായിരുന്നു റസാന്‍. മരുന്നുകളുമായി ഓടുന്ന റസാനുനേരെ ഒന്നല്ല മൂന്നു തവണയാണ് ഇസ്രയേല്‍ സൈനികര്‍ വെടിയുതിര്‍ത്തത്. നഴ്‌സിന്റെ വെള്ള യൂണീഫോം അണിഞ്ഞ റസാന്‍ കൈകള്‍ ഉയര്‍ത്തി വീശിയെങ്കിലും ഫലമുണ്ടായില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ റസാന്‍ മരണത്തിന് കീഴ്‌പ്പെട്ടു.

തെക്കന്‍ ഗാസയില്‍ ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന ഖുസാ എന്ന ഗ്രാമമാണ് റസാന്റെ സ്വദേശം. മോട്ടോര്‍സൈക്കിളിന്റെ സ്‌പെയര്‍പാര്‍ട്‌സ് വില്‍ക്കുന്ന കടയായിരുന്നു റസാന്റെ അച്ഛന്‍ അഷ്‌റഫ് അല്‍ നജാറിന്. 2014ല്‍ ഇസ്രായേലും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഈ കട തകര്‍ക്കപ്പെട്ടു. പിന്നീടിങ്ങോട്ട് അഷ്‌റഫ് തൊഴില്‍രഹിതനായാണ് കുടുംബം മുന്നോട്ടുകൊണ്ടുപോന്നത്. 

അഷ്‌റഫിന്റെ ആറ് മക്കളില്‍ ഏറ്റവും മൂത്തത് റസാനാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉപരിപഠനത്തിനായി അഡ്മിഷന്‍ ലഭിക്കാന്‍ പ്രാപ്തമായ മാര്‍ക്ക് പോലും തന്റെ മകള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് അഷ്‌റഫ് പറയുന്നത്. ഇതുകൊണ്ടാണ് മകളെ രണ്ടു വര്‍ഷത്തെ പാരാമെഡിക് കോഴ്‌സിന് അയച്ചത്. ഇങ്ങനെയാണ് പലസ്തീനിയന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റിയിലെ വൊളണ്ടിയറായി റസാന്‍ എത്തുന്നത്. 

'അന്നു രാവിലെയും അവള്‍ സൂര്യോദയത്തിന് മുമ്പേ എഴുന്നേറ്റു, നോമ്പിന് മുന്നോടിയായുള്ള പ്രാര്‍ത്ഥനകള്‍ നടത്തി, ഭക്ഷണം കഴിച്ചു, റമദാന്‍ നോമ്പെടുത്തു, അവസാനമായി ഞാനവളെ കണ്ടതും അപ്പോള്‍', അഷ്‌റഫ് പറഞ്ഞു. 

കഴിഞ്ഞ മാസം പ്രതിഷേധ ക്യാംപില്‍ വച്ച് മകളെ കണ്ടപ്പോള്‍ അഷ്‌റഫ് തന്റെ ഉള്ളിലെ അഭിമാനം മകളോട് തുറന്നുപറഞ്ഞിരുന്നു. 'ഞങ്ങള്‍ക്ക് ഒരു ലക്ഷ്യമാണ് ഉള്ളത്, മനുഷ്യ ജീവന്‍ രക്ഷിക്കുക, ആളുകളെ ഇവിടെനിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുക. ലോകത്തിനുമുന്നില്‍ ഞങ്ങള്‍ക്കു നല്‍കേണ്ടതും ഒരു സന്ദേശം മാത്രമാണ്, ആയുധമില്ലാതെ നമുക്ക് എന്തും ചെയ്യാന്‍ കഴിയും', ഇതായിരുന്നു അച്ഛനോട് അന്ന് മകള്‍ പറഞ്ഞ വാക്കുകള്‍.

റസാന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റെദിവസം രക്തം കുതിര്‍ന്ന മകളുടെ കുപ്പായം ഉയര്‍ത്തി അവളുടെ അമ്മ പറഞ്ഞു ഇതെന്റെ മകളുടെ ആയുധമാണെന്ന്, യുദ്ധഭുമിയില്‍ നിന്ന് ലഭിച്ച ബാന്‍ഡ്എയ്ഡുകള്‍ ഉയര്‍ത്തികാട്ടി അവര്‍ പറഞ്ഞു ഇത് എന്റെ മകളുടെ യുദ്ധോപകരണമാണെന്ന്. 

അതെ ഈ 20കാരി ഇന്ന് പലസ്തീന്റെ നൊമ്പരമല്ല മറിച്ച് ആത്മധൈര്യമാണ്. മറ്റാര്‍ക്കും നല്‍കാന്‍ കഴിയാതിരുന്ന ആത്മധൈര്യമാണ് റസാന്‍ ഇവര്‍ക്ക് സമ്മാനിച്ചത്. റസാന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാനായി ആര്‍ത്തിരമ്പിയ പലസ്തീന്‍ തെരുവുകളും അവള്‍ക്കായി അലമുറയിട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആ വലിയ സമൂഹവും തൂവെള്ള വസ്ത്രമണിഞ്ഞ് സഹപ്രവര്‍ത്തകയെ യാത്രയാക്കാന്‍ വന്നവരുമെല്ലാം പറയാതെ പറയുന്നുണ്ട് റസാന്‍ തങ്ങള്‍ക്ക് ആരായിരുന്നു എന്ന്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com