മനുഷ്യനു വിലയില്ലാത്ത സിറിയയില്‍ പൂച്ചകളെ ജീവനെപ്പോലെ സ്‌നേഹിക്കാനൊരാള്‍ 

യുദ്ധക്കെടുതിയില്‍ മുങ്ങിയ സിറിയയില്‍ ഒമനകളായ വളര്‍ത്തുമൃഗങ്ങള്‍ക്കുവേണ്ടി ഒരു ക്ലിനിക്ക് നടത്തുകയാണ് ഇദ്ദേഹം
മനുഷ്യനു വിലയില്ലാത്ത സിറിയയില്‍ പൂച്ചകളെ ജീവനെപ്പോലെ സ്‌നേഹിക്കാനൊരാള്‍ 

നുഷ്യരെ സ്‌നേഹിക്കാന്‍ കഴിയണമെങ്കില്‍ ആദ്യം ചുറ്റുമുള്ള എല്ലാറ്റിനെയും സ്‌നേഹിച്ചു തുടങ്ങൂ എന്നാണ് വടക്കന്‍ സിറിയയിലെ മുഹമ്മദ് അലാ അല്‍ ജലീല്‍ പറയുന്നത്. യുദ്ധക്കെടുതിയില്‍ മുങ്ങിയ സിറിയയില്‍ ഒമനകളായ വളര്‍ത്തുമൃഗങ്ങള്‍ക്കുവേണ്ടി ഒരു ക്ലിനിക്ക് നടത്തുകയാണ് ഇദ്ദേഹം. 

സിറിയയിലെ അലെപ്പോ എന്ന സ്ഥലത്താണ് മുഹമ്മദ് ജനിച്ചുവളര്‍ന്നത്. നന്നേ ചെറുപ്പത്തില്‍ തുടങ്ങിയതാണ് 43കാരനായ ജലീലിന്റെ പൂച്ച സ്‌നേഹം. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ഇയാള്‍ ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ഇറച്ചിവെട്ടുകാരെ തന്റെ വാഹനത്തില്‍ കയറ്റി വീടുകളില്‍ എത്തിക്കും. സമീപത്തെ തെരുവുപൂച്ചകള്‍ക്ക് കൊടുക്കാനായി ഇറച്ചിക്കഷണങ്ങള്‍ ചോദിക്കുകയാണ് ലക്ഷ്യം.

2011ലെ യുദ്ധകാലത്ത് തന്റെ ഇലക്ട്രിക് ജോലി ഉപേക്ഷിച്ച് യുദ്ധത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനായി ആംബുലന്‍സ് ഡ്രൈവറുടെ വേഷമണിഞ്ഞപ്പോഴും ജലീല്‍ പൂച്ചകളെ കൈവിട്ടിരുന്നില്ല. അന്നത്തെ യുദ്ധത്തില്‍ ഇവിടുത്തെ പൂച്ച സ്‌നേഹികളെല്ലാം നാടുവിട്ടപ്പോള്‍ ജലീലിന്റെ പക്കല്‍ എത്തിപ്പെട്ടത് 170ഓളം പൂച്ചകളാണ്. ഇവയുടെയെല്ലാം പരിചരണം ഏറ്റെടുത്ത ജലീലിന് അന്നുമുതല്‍ ഒരു വിളിപ്പേരും ചാര്‍ത്തികിട്ടി, ദി കാറ്റ് മാന്‍ ഓഫ് അലെപ്പോ.

സുഹൃത്തുക്കളില്‍ നിന്നും സമൂഹ മാധ്യമങ്ങളിലെ ആരാധകരില്‍ നിന്നും ലഭിച്ച സംഭാവന ഉപയോഗിച്ചാണ് ജലീല്‍ ആദ്യത്തെ പൂച്ച സംരക്ഷണകേന്ദ്രം ആരംഭിച്ചത്. എന്നാല്‍ 2016 അവസാനത്തോടെ നഗരത്തിന്റെ മുഴുവന്‍ നിയന്ത്രണവും തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ആലെപ്പോയുടെ ഭാഗങ്ങളില്‍ ഭരണകൂടം ശക്തമായ ബോംബാക്രമണം അഴിച്ചുവിട്ടു. ഇതോടെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള ഓട്ടമായിരുന്നു ജലീലും കൂട്ടാളികളും. ആ ഓട്ടത്തിലും 22പൂച്ചകളെ രക്ഷപ്പെടുത്താന്‍ ഇവര്‍ക്കായി. 

സിറിയയിലെ യുദ്ധം 3,50,000ത്തോളം ആളുകളുടെയും അത്രതന്നെ വളര്‍ത്തുമൃഗങ്ങളെയും ഇല്ലാതാക്കിയിട്ടുണ്ട്. 2017ല്‍ ഏര്‍ണെസ്റ്റോ എന്ന പേരില്‍ ജലീല്‍ പൂച്ചകള്‍ക്കായി വീണ്ടും ഒരു താമസസ്ഥലം ഒരുക്കി. 'പൂച്ചകള്‍ ഒരുവീട്ടില്‍ മാത്രമായി താമസിക്കാറില്ല, അവ വീടുകള്‍ പരസ്പരം മാറി എല്ലാ വീടുകളിലും താമസിക്കും'  മാർബിൾ പെട്ടികൾ കൊണ്ട് പൂച്ചകള്‍ക്ക് കയറാന്‍ പറ്റിയ വലുപ്പത്തിലുള്ള വാതിലുകളുമായി നിര്‍മിച്ച് പൌണ്‍സര്‍, റോസ് എന്നിങ്ങനെ പേരിട്ട പൂച്ചക്കൂടുകള്‍ ചൂണ്ടി ജലീല്‍ പറഞ്ഞു.

ദിവസവും രണ്ടുനേരത്തെ ഭക്ഷണത്തിനപ്പുറം പൂച്ചകള്‍ക്കായുള്ള ക്ലിനിക് സേവനവും ഇദ്ദേഹം ഇവിടെ ഒരുക്കുന്നുണ്ട്. ഓണ്‍ലൈനായി ഫണ്ട് കണ്ടെത്തിയാണ് ഇതെല്ലാം മുന്നോട്ടുകൊണ്ടുപോകുന്നത്. ക്ലിനിക്കില്‍ പൂച്ചകള്‍ക്ക് മാത്രമല്ല മറിച്ച് എല്ലാ മൃഗങ്ങള്‍ക്കുമുള്ള ആരോഗ്യസേവനങ്ങള്‍ സൗചന്യമായി നല്‍കുന്നുണ്ടെന്ന് ജലീല്‍ പറയുന്നു. കുതിര, പശു, കോഴി തുടങ്ങിയവയെ ഇവിടേക്കെത്തിക്കുന്നവര്‍ നിരവധിയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 7000ത്തോളം മൃഗങ്ങള്‍ക്ക് ആവശ്യമായ വൈദ്യനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്ന് ജലീല്‍ പറയുന്നു. 

ആയുധങ്ങള്‍ കൊണ്ട് ആളുകള്‍ക്ക് മുറിവേല്‍ക്കുന്നതുപോലെ നിരവധി മൃഗങ്ങള്‍ക്കും ഇത്തരത്തില്‍ പരിക്കുകള്‍ ഉണ്ടാകുന്നുണ്ട്. ഇങ്ങനെയുള്ള ഒരുപാട് മൃഗങ്ങള്‍ ജലീലിന്റെ ക്ലിനിക്കിലേക്കും എത്തുന്നു്. ചിലര്‍ക്ക് ക്ലിനിക്കില്‍ ആഴ്ചകളോളം കിടന്ന് ചികിത്സനേടാന്‍ സാധിക്കുന്നുണ്ടെങ്കിലും നിരവധി മൃഗങ്ങള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് ജലീല്‍ പറയുന്നു. മൃഗരക്ഷയ്ക്കാവശ്യമായ മരുന്നുകള്‍ ലഭ്യമാകാത്തതാണ് ഇതിന്റെ പ്രധാന കാരണം. മരുന്നുകളുടെ അപര്യാപ്തത മൂലം മൃഗങ്ങള്‍ക്കാവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ പോലും നല്‍കാന്‍ കഴിയാത്തതിന്റെ നിരാശയാണ് ജലീലിന്റെ വാക്കുകളില്‍. എന്നാല്‍ തന്നാല്‍ കഴിയും വിധം തനിക്കൊപ്പമുള്ള പൂച്ചകളെയും ക്ലിനിക്കിലേക്കെത്തുന്ന മൃഗങ്ങളെയും പരിചരിക്കുന്നുണ്ടെന്ന് ജലീല്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com