'ആ താടിയങ്ങ് വടിച്ചുകളഞ്ഞേക്ക്'; അത്ര നിസാരമല്ല ഈ ഡയലോഗ്

താടിയെ പൊന്നുപോലെ പരിപാലിച്ചുവരുന്ന പുരുഷന്‍മാര്‍ക്ക് ഇതത്ര നല്ല വാര്‍ത്തയാകില്ല
'ആ താടിയങ്ങ് വടിച്ചുകളഞ്ഞേക്ക്'; അത്ര നിസാരമല്ല ഈ ഡയലോഗ്

'ആ താടിയൊന്ന് വടിച്ചുകള മനുഷ്യ', പങ്കാളിയുടെ ഈ പരാതി ഒരിക്കലെങ്കിലും കേള്‍ക്കാതിരുന്നിട്ടുണ്ടാകില്ല. ഇതുവരെ ഈ പരാതി നിസാരമായി കണ്ട് തള്ളികളയാറായിരുന്നോ നിങ്ങള്‍ ചെയ്തിരുന്നത്? ഒന്നുപോയെ താടിയെകുറിച്ച് നിനക്കെന്തറിയാം, താടിയെ തൊട്ട് കളിക്കണ്ട, എന്നൊക്കെയായിരുന്നോ നിങ്ങളുടെ മറുപടി? എങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു സര്‍വേ ഫലം അടുത്തിടെ പുറത്തുവന്നു. യുകെയില്‍ നടത്തിയ ഈ സര്‍വെയില്‍ താടിയുള്ള പുരുഷന്‍മാര്‍ക്കൊപ്പം ഡേറ്റ് ചെയ്യാന്‍ ഭൂരിഭാഗം സ്ത്രീകളും താത്പര്യപ്പെടുന്നില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. താടിയില്‍ സ്ത്രീകള്‍ ആകൃഷ്ടരാകുന്നില്ലെന്നതാണ് സര്‍വെയിലെ കണ്ടെത്തല്‍. 

ലോകത്ത് ഏത് മുക്കിലും മൂലയിലും നോക്കിയാലും താടിക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നിടത്തുനിന്ന് ക്ലീന്‍ഷേവ് മനുഷ്യര്‍ മാത്രമുള്ള ഒരു കാലത്തേക്കാണോ നീങ്ങുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. താടിയൊടുള്ള താത്പര്യക്കുറവ് കാണിച്ചുതന്ന മറ്റൊരു ഉദ്ദാഹരണം യുകെയിലെ ഒരു പ്രശസ്ത മോഡല്‍ നടത്തിയ പരീക്ഷണമാണ്. തന്റെ രണ്ടുതരം ഫോട്ടോകള്‍ ഇയാള്‍ ടിന്‍ഡര്‍ എന്ന ഡേറ്റിംഗ് ആപ്പിലൂടെ പങ്കുവച്ചിരുന്നു. ഒന്ന് താടിയുള്ളതും മറ്റൊന്ന് ക്ലീന്‍ഷേവും. താടിയുള്ള ഫോട്ടോയ്ക്ക് ലഭിച്ചതില്‍ കൂടുതല്‍ ലൈക്കുകള്‍ ഇയാള്‍ സ്വന്തമാക്കിയത് താടിയില്ലാത്ത ചിത്രം പങ്കുവച്ചപ്പോഴായിരുന്നു. താടി ഇപ്പോള്‍ ട്രെന്‍ഡല്ലെന്നാണ് ഇതിലൂടെ സ്ത്രീകള്‍ പറയാതെ പറയുന്നതെന്നാണ് കണ്ടെത്തലുകള്‍.

താടിയെ പൊന്നുപോലെ പരിപാലിച്ചുവരുന്ന പുരുഷന്‍മാര്‍ക്ക് ഇതത്ര നല്ല വാര്‍ത്തയാകില്ല. പക്ഷെ നിങ്ങളെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. താടി വളര്‍ത്തുന്നതുവഴി 95ശതമാനം സൂര്യരശ്മികളെയും തടയാന്‍ കഴിയുമെന്നും ഇതുവഴി കാന്‍സര്‍ പോലെയുള്ളവ പിടിപെടുന്നതില്‍ നിന്ന് രക്ഷനേടാമെന്നുമാണ് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നത്. അപ്പോ തല്‍കാലം ഇനി ഇങ്ങനൊക്കെ ആശ്വസിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com