മാതാപിതാക്കള്‍ ഉപേക്ഷിച്ച നവജാത ശിശുവിന് പാലൂട്ടി പൊലീസുകാരി; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

പ്രസവ അവധി കഴിഞ്ഞ് അടുത്തിടെയാണ് അര്‍ച്ചന മടങ്ങിയെത്തിയത്. മൂന്ന് മാസം പ്രായമായ കുഞ്ഞാണ് ഇവര്‍ക്കുള്ളത്
മാതാപിതാക്കള്‍ ഉപേക്ഷിച്ച നവജാത ശിശുവിന് പാലൂട്ടി പൊലീസുകാരി; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

ബാംഗളൂര്‍; ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ മുലയൂട്ടിയ പൊലീസ് കോണ്‍സ്റ്റബിളിന്‌ അഭിനന്ദന പ്രവാഹം. ബാംഗളൂര്‍ പൊലീസ് സേനയിലെ അര്‍ച്ചന എന്ന പൊലീസുകാരിയാണ് മാതൃവാല്‍സല്യത്തിന്റെ പ്രതീകമായത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അര്‍ച്ചനയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരാണ്‍കുട്ടിയെ ബാംഗ്ലൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള കെട്ടിട നിര്‍മാണ് പരിസരത്തുനിന്ന് കണ്ടെത്തിയത്. ജനിച്ച് അധിക സമയമാകുന്നതിന് മുന്നേ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്. കഴുത്തില്‍ പൊക്കിള്‍ കൊടി ചുറ്റി ശരീരത്തില്‍ രക്തം പുരണ്ട അവസ്ഥയിലായിരുന്നു കുഞ്ഞെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്റ്റര്‍ ആര്‍ നാഗേഷ് പറഞ്ഞു.

തുടര്‍ന്ന് സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചതിന് ശേഷം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അപ്പോഴേക്കും കുഞ്ഞ് വിശന്നു കരയാന്‍ തുടങ്ങിയിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടതോടെ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന അര്‍ച്ചന പാലൂട്ടുകയായിരുന്നു. പ്രസവ അവധി കഴിഞ്ഞ് അടുത്തിടെയാണ് അര്‍ച്ചന മടങ്ങിയെത്തിയത്. മൂന്ന് മാസം പ്രായമായ കുഞ്ഞാണ് ഇവര്‍ക്കുള്ളത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോള്‍ തന്റെ മകനെ ഓര്‍മവന്നെന്നും പാലൂട്ടാതിരിക്കാനായില്ലെന്നുമാണ് അര്‍ച്ചന പറയുന്നത്. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ പേരാണ് കുട്ടിക്കിട്ടത്. കുഞ്ഞിനെ ബാംഗ്ലൂരിലെ ശിശു മന്ദിരത്തിന് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com