താരക പെണ്ണാളേ...: ഈ പാട്ടെഴുതിയ ആള്‍ പട്ടിണിയോട് പടവെട്ടുകയാണ്, നമ്മളറിയാത്ത ഒരു പാട്ട് മോഷണത്തിന്റെ കഥ 

താരക പെണ്ണാളെ പാടി ഗായകര്‍ വേദികള്‍ കീഴടക്കുമ്പോള്‍, കൂട്ടമായും ഒറ്റയ്ക്കായും ചുണ്ടുകള്‍ ഈ വരികള്‍ ഏറ്റുപാടുമ്പോള്‍ പാട്ടിന്റെ യഥാര്‍ത്ഥ രചയിതാവ്് ആരാലുമറിയപ്പെടാതെ പട്ടിണിമാറ്റാന്‍ പാടുപെടുകയാണ്
ചിത്രം: സുജിത് ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്നെടുത്തത്‌
ചിത്രം: സുജിത് ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്നെടുത്തത്‌

'താരകപ്പെണ്ണാളേ...കതിരാടും മിഴിയാളേ...തമ്പുരാനെത്തിടും മുന്നേ കരിഞ്ഞാടുംങ്കോര പറിച്ചാട്ടേ...'

പാട്ട് അറിയാത്ത മലയാളികള്‍ വിരളമായിരിക്കും. ഇടക്കാലത്ത് നാടന്‍പാട്ട് വിഭാഗത്തില്‍ മലയാളികള്‍ ഒരുപോലെ നെഞ്ചിലേറ്റിയ ഒരു ഗാനം ഉണ്ടായിട്ടില്ല. താരക പെണ്ണാളെ പാടി ഗായകര്‍ വേദികള്‍ കീഴടക്കുമ്പോള്‍, കൂട്ടമായും ഒറ്റയ്ക്കായും ചുണ്ടുകള്‍ ഈ വരികള്‍ ഏറ്റുപാടുമ്പോള്‍ പാട്ടിന്റെ യഥാര്‍ത്ഥ രചയിതാവ് ആരാലുമറിയപ്പെടാതെ പട്ടിണിമാറ്റാന്‍ പാടുപെടുകയാണ്. 

യഥാര്‍ത്ഥ രചയിതാവ് എന്ന് പറയാന്‍ കാരണമുണ്ട്, നാടാന്‍പാട്ട് കലാകാരന്‍ മധു മുണ്ടകത്തിന്റെ പേരിലാണ് പാട്ട് അറിയപ്പെടുന്നത്. എന്നാല്‍ താരക പെണ്ണാളുടെ ശരിക്കുള്ള സൃഷ്ടാവ് മധു മുണ്ടകമല്ല, നാടന്‍പാട്ട് രചയിതാവും കവിയുമായ സത്യന്‍ കൊല്ലൂരാണ്. തന്റെ മകള്‍ക്ക് പാടാനായി അഞ്ചുവര്‍ഷം മുമ്പ് സത്യന്‍ എഴുതിയ പാട്ട് മധു മുണ്ടകം തന്റെ പേരില്‍ സിഡിയാക്കി ഇറക്കുകയായിരുന്നു. എഴുതിയ ഒമ്പതു വരികള്‍ക്ക് സംഗീതം നല്‍കാനാണ് സത്യന്‍ മധുവിനെ ഏല്‍പ്പിച്ചത്. എന്നാല്‍ പാട്ടിന്റെ സംഗീതവും രചനയും താന്‍ നിര്‍വഹിച്ചതാണെന്ന് മധു പറഞ്ഞു പ്രചരിപ്പിക്കുകയായിരുന്നുവെന്ന് സത്യന്‍ പറയുന്നു. സുജിത്ത് ലാല്‍ എന്ന സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സത്യനെ ബന്ധപ്പെട്ട സമകാലിക മലയാളത്തോട് സത്യന്‍ ആ പാട്ട് മോഷണത്തിന്റെ കഥ പറഞ്ഞു.

സത്യന്‍ പറഞ്ഞ പാട്ട് മോഷണത്തിന്റെ കഥ ഇങ്ങനെ: 

നാടന്‍പാട്ട് സമിതികളില്‍ പാടുന്ന മകള്‍ക്കുവേണ്ടി അഞ്ചുവര്‍ഷം മുമ്പാണ് താരക പെണ്ണാളെ എഴുതുന്നത്. ആദ്യം ഒമ്പത് വരികള്‍ എഴുതി. അതിന് ഈണം നല്‍കാന്‍ വേണ്ടി മധുവിനെ ഏല്‍പ്പിച്ചു. നിരവധി നാടന്‍പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുള്ള മധുവിന് നല്ല ഈണം എളുപ്പം സൃഷ്ടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പാട്ട് നല്‍കിയത്. ഈണമിട്ട് മധു വരികള്‍ തിരികെ നല്‍കുകയും ചെയ്തു. മകള്‍ ഇത് പാടിക്കഴിഞ്ഞപ്പോള്‍ ജീവിത തിരക്കിനിടയില്‍ ഈ പാട്ടിനെക്കുറിച്ച് മറന്നുപോയി. എന്നാല്‍ ആറ് മാസങ്ങള്‍ക്ക് ശേഷം ഒരു ഗാനമേളയില്‍ വെച്ച് മധു മുണ്ടകം എഴുതി തയ്യാറാക്കിയ പാട്ട് എന്ന തരത്തില്‍ താരക പെണ്ണാളെ പാടുന്നത് കേട്ടു. ആദ്യം തോന്നിയത് അമ്പരപ്പ്. ചതിക്കപ്പെട്ടുവൈന്ന് മനസ്സിലാകാന്‍ അധിക സമയം ഒന്നും വേണ്ടിവന്നില്ല. പലയിടത്തു നിന്നും സുഹൃത്തുക്കള്‍വഴി വാര്‍ത്തയെത്തി, കേരളത്തെ  ആവേശം കൊള്ളിച്ച് മുന്നേറുന്ന തന്റെ സ്വന്തം പാട്ട് മധു മുണ്ടകം എന്നയാളിന്റെ പേരിലാണ് അറിയപ്പെടുന്നത്!

മധുവിനോട് വിവരം ആരാഞ്ഞപ്പോള്‍ തനിക്കറിയില്ല എന്നായിരുന്നു മറുപടി. ക്ഷുഭിതരായ സുഹൃത്തുക്കള്‍ നിയമനടപടി സ്വീകരിക്കണം എന്നുവരെ ആവശ്യപ്പെട്ടു. എന്നാല്‍ വഴക്കിന് പോകേണ്ടയെന്നായിരുന്നു സത്യന്റെ നിലപാട്. 

മധു മുണ്ടകം കാട്ടിയത് നെറികേടാണ്. ഗായകന്‍ ബാനര്‍ജിയാണ് പാട്ട് മധുവിന്റെതല്ല, എന്റെതാണെന്ന് വേദികളില്‍ വിളിച്ചുപറഞ്ഞത്. ഞാന്‍ ചേദിച്ചപ്പോഴൊക്കെ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ മധു, മറ്റിടങ്ങളില്‍ അത് തന്റെ പാട്ടാണ് എന്ന് പറഞ്ഞു നടന്നു. മാനസ്സികമായി വലിയ വിഷമമുണ്ടായി. കലാകാരനുവേണ്ട നൈതികത മധുവിനില്ല. ഇപ്പോള്‍ മധുവുമായി ഒരു തരത്തിലുള്ള സൗഹൃദവും കാത്ത് സൂക്ഷിക്കുന്നില്ല. മധുവിന് വലിയ നിലവാര തകര്‍ച്ചയുണ്ട്, അദ്ദേഹത്തോട് സൗഹൃദം തുടര്‍ന്നാല്‍ അത് നല്ലതല്ല എന്ന് തോന്നി. ഇനിയെങ്കിലും മലയാളികള്‍ ആ പാട്ടിന്റെ പിന്നിലെ യഥാര്‍ത്ഥ കൈകളെ തിരിച്ചറിയും എന്നാണ് പ്രതീക്ഷ- സത്യന്‍ പറയുന്നു.  

പലരും എഴുതിയ തരത്തിലല്ല പാട്ട് പാടുന്നതെന്നും ഈ കവിക്ക് പരിഭവുമുണ്ട്. വാക്കുകളിലൊരെണ്ണം മാറിയാല്‍ പാട്ടിന്റെ അര്‍ത്ഥം മാറും, ശരിക്കും പാട്ട് പഠിക്കാതെയാണ് ആളുകള്‍ പാടി നടക്കുന്നത്-സത്യന്‍ പറയുന്നു. 

ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ രണ്ടു കവിതാ സമാഹാരങ്ങള്‍ സത്യന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പിടാത്ത അപേക്ഷ, മുറിഞ്ഞ കടല്‍ എന്നിങ്ങനെ പേരിട്ടിരിക്കുന്ന സമാഹാരങ്ങള്‍ പുറത്തിറക്കാന്‍ സഹായിച്ചത് നല്ലവരായ സുഹൃത്തുക്കളാണ്. അടുപ്പ് നനയാത്ത വീട് എന്ന പുതിയ സമാഹാരം പുറത്തിറക്കാന്‍ പണമില്ലാത്തതിനാല്‍ വീട്ടിലിരിപ്പുണ്ട്. കുറച്ചുപേരെങ്കിലും താരക പെണ്ണാളുടെ ശരിക്കുള്ള ഉടമ സത്യനാണ് എന്ന സത്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ആ തിരിച്ചറിവ് കൊണ്ട് സത്യന്‍ സന്തോഷവാനാണ്, എന്നാല്‍ പാട്ട് മോഷ്ടിച്ച് ലാഭം കൊയ്തവര്‍ പ്രശസ്തിയില്‍ നിന്നും പ്രശസ്തിയിലേക്ക് കുതിക്കുമ്പോള്‍ കഴിവുള്ള ഈ കലാകാരനിപ്പോഴും അരപ്പട്ടിണിയിലും സങ്കടങ്ങള്‍ക്കും നടുവിലാണ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com