മണ്‍സൂണ്‍ അല്ലേ.. ചെറിയൊരു ട്രിപ്പൊക്കെ ആകാം: നമുക്ക് പോകാന്‍ പറ്റിയ സ്ഥലങ്ങളുമുണ്ട് ഈ തെരഞ്ഞെടുത്ത പട്ടികയില്‍

തണുത്ത കാറ്റും ചാറ്റല്‍മഴയുമൊക്കെയായി കൊറച്ചൂസം നൈസായിട്ട് അങ്ങനെ നടക്കാം. 
മണ്‍സൂണ്‍ അല്ലേ.. ചെറിയൊരു ട്രിപ്പൊക്കെ ആകാം: നമുക്ക് പോകാന്‍ പറ്റിയ സ്ഥലങ്ങളുമുണ്ട് ഈ തെരഞ്ഞെടുത്ത പട്ടികയില്‍

ഴകുള്ള സ്ഥലങ്ങള്‍ കാണുമ്പോള്‍ യാത്രാ ആസ്വാദകര്‍ക്ക് നെഞ്ചിലൊരു തുടിപ്പാണ്. ഒരു നിമിഷത്തേക്കെങ്കിലും അവിടെയെത്തിയിരുന്നെങ്കില്‍ എന്ന് തോന്നും. ഓരോ കാലഘട്ടത്തിലും ഓരോ പ്രത്യേക സ്ഥലങ്ങളാണ് യാത്രാപ്രേമികള്‍ തിരഞ്ഞെടുക്കാറുള്ളത്. ഇപ്പോഴീ മഴക്കാലത്ത് പോകേണ്ട സ്ഥലങ്ങളുമുണ്ട്. തണുത്ത കാറ്റും ചാറ്റല്‍മഴയുമൊക്കെയായി അങ്ങനെ കൊറച്ചൂസം നൈസായിട്ട് നടക്കാം. 

മഴക്കാലയാത്രനടത്താന്‍ പറ്റിയ ഏറ്റവും വിശിഷ്ടമായ അഞ്ച് സ്ഥലങ്ങളേതെന്നു നോക്കാം. മണ്‍സൂണിന്റെ മുഴുവന്‍ ഭംഗിയും നിങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുന്ന ഭംഗിയുള്ള ആ മാജിക്കല്‍ സ്ഥലങ്ങള്‍ കണ്ടിട്ട്, 'ഓ ഇവിടേക്കൊക്കെ നമ്മളെങ്ങനെ പോകാനാ, പാസ്‌പോര്‍ട്ട് പോലുമില്ല' എന്നൊന്നും വിചാരിക്കണ്ട. അഞ്ച് പ്രത്യേക സ്ഥലങ്ങളില്‍ രണ്ടെണ്ണം സൗത്ത് ഇന്ത്യയിലെ പ്രധാന വിനോദ കേന്ദ്രങ്ങളാണ്. അതിലൊരു സ്ഥലം കേരളത്തിലും

മൂന്നാര്‍ (കേരളം)

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 5000 അടി മുകളിലായി സ്ഥിതി ചെയ്യുന്ന മൂന്നാര്‍ തേയില തോട്ടങ്ങളാല്‍ സമൃദ്ധമാണ്. ഒരുപക്ഷേ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവുമധികം തേയിലത്തോട്ടങ്ങളുള്ള പ്രദേശവും കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ഈ സ്ഥലമാകും. മഴക്കാലമായാല്‍ ഇവിടുത്തെ ചെറിയ കുന്നുകള്‍ക്ക് മുകളില്‍ പോലും മഞ്ഞ് ഒഴുകി നടക്കുന്നുണ്ടാകും. വേണമെങ്കില്‍ സഞ്ചാരികള്‍ക്ക് കൈകൊണ്ട് മഞ്ഞില്‍ തൊടുകയും ചെയ്യാം. 

വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്. ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല. 
നിങ്ങള്‍ ഏതെങ്കിലും ഹില്‍സ്‌റ്റേഷനില്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മൂന്നാറിലേക്ക് തന്നെ ആദ്യം വെച്ച് പിടിച്ചോളൂ.

ബാങ്കോക്ക് (തായ്‌ലാന്റ്)

മനോഹരമായ തായ്‌ലാന്റിന്റെ മറ്റൊരു വിനോദ സഞ്ചാര മേഖലയാണ് ബാങ്കോക്ക്. മനോഹരമായ ബീച്ചുകളും ദൃശ്യമനോഹാരിതയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളും ചേര്‍ന്ന് യാത്രക്കാര്‍ക്ക് സാംസ്‌കാരിക തനിമ പകര്‍ന്നു നല്‍കുന്ന നഗരമാണ് ബാങ്കോക്ക്. 

ബാങ്കോക്കിലെ മഴയ്ക്കുമുണ്ട് ഏറെ പ്രത്യേകത. ശക്തമായ മഴയ്ക്ക് ശേഷം പെട്ടെന്ന് തന്നെ വെയിലും വരും. മഴയത്ത് വിശാലമായി കുളിച്ച് കഴിഞ്ഞ് അടുത്ത വെയിലിന് ശരീരം ഉണക്കാം. തോര്‍ത്തിന്റെ ആവശ്യമില്ല, അത്രതന്നെ. 

തായ്‌ലന്‍ഡിന്റെ എല്ലാ വിസ്മയകാഴ്ചകളും സമ്മാനിക്കുന്ന ബാങ്കോക്ക് ജീവിതത്തില്‍ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലമാണ്. സുഖുംവിത് റോഡിലെ ബിടിഎസ് സ്‌കൈട്രെയിന്‍ യാത്ര അവിസ്മരണീയമായ ഒരു അനുഭവമാണെന്ന് പറയാതെ വയ്യ. ഷോപ്പിങിനും ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ബാങ്കോക്ക്. ഇവിടുത്തെ തെരുവുകളില്‍ അന്തര്‍ദ്ദേശീയ ബ്രാന്‍ഡ് മുതല്‍ ഫ്‌ലൈനൗ പോലെയുള്ള മികച്ച നിലവാരമുള്ള തദ്ദേശീയ ബ്രാന്‍ഡുകളും ലഭ്യമാണ്. 

കോസ്റ്റ റീക്ക (സെന്‍ട്രല്‍ അമേരിക്ക)

സമ്പന്ന തീരം എന്ന് അറിയപ്പെടുന്ന കോസ്റ്റ റീക്ക അമേരിക്കയിലെ എപ്പോഴും നനഞ്ഞിരിക്കുന്ന ഒരു പ്രദേശം കൂടിയാണ്. വെണ്ണ മണല്‍ വിരിച്ച കടല്‍ത്തീരങ്ങളും നിലക്കടലും ഇവിടുത്തെ പ്രത്യേകതയാണ്. മഴക്കാലത്ത് ഈ വിനോദസഞ്ചാര കേന്ദ്രം കൂടുതല്‍ സുന്ദരിയാകന്നു. നിലക്കടലിനു മുകളില്‍ മഴ പെയ്യുന്നത് കാണാന്‍ നല്ല രസമാണ്.

ശാന്ത സമുദ്രത്തിനും കരീബിയന്‍ കടലിനുമിടക്ക് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വ്യത്യസ്തമായ ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും പറുദീസയാണ്. കഴിയുമെങ്കില്‍ കോസ്റ്റ റിക്കയിലെത്തി അവിടുത്തെ കാടുകളിലും കടല്‍ത്തീരത്തും നിന്ന് മഴച്ചാറ്റല്‍ അനുഭവിക്കൂ.

കൊടൈക്കനാല്‍ (തമിഴ്‌നാട്)

പ്രകൃതിയെ സ്‌നേഹിക്കുന്നവരുടെ സ്വര്‍ഗഭൂമിയാണ് കൊടൈക്കനാല്‍. മഴക്കാലത്ത് ഇടയ്ക്കിടെ ചിന്നിച്ചിതറിയാണ് ഇവിടെ മഴ പെയ്യുക. കോരിത്തരിപ്പിക്കുന്ന തണുപ്പും ഈ മഴയും കൂടിയാകുമ്പോള്‍ പിന്നെ പറയേണ്ട. മലമുകളിലേക്ക് കയറുന്ന വഴിയെല്ലാം കുഞ്ഞു കുഞ്ഞു വെള്ളച്ചാട്ടങ്ങളുണ്ട്. ഇതെല്ലാം യാത്രക്കാരെ കൊടൈക്കാനാലിലേക്ക് പാഞ്ഞടുപ്പിക്കും. 

ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. മഞ്ഞുറഞ്ഞു കിടക്കുന്ന മലനിരകളാണ് കൊടൈക്കനാലിന്റെ വന്യസൗന്ദര്യത്തിന്റെ രഹസ്യം. തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്വരകള്‍ക്കിടയിലാണ് കൊടൈക്കനാല്‍ സ്ഥിതിചെയ്യുന്നത്. 

സിംഗപ്പൂര്‍ 

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മഴക്കാലം വന്ന് പോകുന്ന സ്ഥലമല്ല സിംഗപ്പൂര്‍. അവിടെ രണ്ട് മഴക്കാലങ്ങളുണ്ട്. മഴക്കാലത്താണ് സിംഗപ്പൂര്‍ കൂടുതല്‍ സുന്ദരിയായി സഞ്ചാരികള്‍ക്ക് മുന്‍പില്‍ പൂത്തുലഞ്ഞ് നില്‍ക്കുക. മഴക്കാലം ആസ്വദിക്കണമെങ്കില്‍ സിംഗപ്പൂരിലെ മഴക്കാലം വേണം ആസ്വദിക്കാന്‍ എന്ന് അവിടെപ്പോയവര്‍ പറയും.

ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്ന് കൂടിയാണ് സിംഗപ്പൂര്‍. അധികം ആള്‍ത്തിരക്കില്ലാത്ത ബീച്ചുകളും വൃത്തിയുള്ള നഗരങ്ങളുമെല്ലാം സിംഗപ്പൂരിന്റെ പ്രത്യേകതകളാണ്. മണ്‍സൂണ്‍ സമയത്ത് ധാരാളം ഫെസ്റ്റിവലുകള്‍ ഇവിടെ നടക്കാറുണ്ട്. ഇപ്പോളങ്ങോട്ടുപോയാല്‍ സിംഗപ്പൂരിന്റെ തനത് രുചികളാസ്വദിച്ച് മഴയും കൊണ്ട് മനോഹരമായ തെരുവിലൂടെ പാട്ടും പാടി നടക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com