ഇനി മലിന ജലം ശുദ്ധമാക്കാന്‍ സ്‌പോഞ്ചുമതി; പുതിയ കണ്ടെത്തലുമായി ഇന്ത്യന്‍ ഗവേഷക

. വെള്ളത്തിലെ മാലിന്യം വലിച്ചെടുക്കാന്‍ കഴിവുള്ള സ്‌പോഞ്ച് കണ്ടെത്തിയിരിക്കുകയാണ് പാവണി ചെറുകുപള്ളി എന്ന ഗവേഷക
ഇനി മലിന ജലം ശുദ്ധമാക്കാന്‍ സ്‌പോഞ്ചുമതി; പുതിയ കണ്ടെത്തലുമായി ഇന്ത്യന്‍ ഗവേഷക

ചുറ്റും വെള്ളമുണ്ട് പക്ഷേ കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ല എന്ന അവസ്ഥയിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ ഭീഷണിയെ നേരിടാന്‍ ഒരു സ്‌പോഞ്ചിനെക്കൊണ്ട് കഴിയുമെന്നാണ് ഇന്ത്യന്‍ വംശജയായ ഗവേഷകയുടെ വാദം. വെള്ളത്തിലെ മാലിന്യം വലിച്ചെടുക്കാന്‍ കഴിവുള്ള സ്‌പോഞ്ച് കണ്ടെത്തിയിരിക്കുകയാണ് പാവണി ചെറുകുപള്ളി എന്ന ഗവേഷക. അമേരിക്കയിലെ ടൊറൊന്റൊ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് പാവണി. 

ഹൈദരാബാദ് സ്വദേശിയായ പാവണി മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലാണ് ഗവേഷണം നടത്തുന്നത്. ഇതിനിടെയാണ് ജലശുദ്ധീകരണത്തിന് പുതിയ മാര്‍ഗം വികസിപ്പിച്ചത്. സാധാരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്‌പോഞ്ച് തന്നെയാണ് ഇതിനായി പാവണി ഉപയോഗിക്കുന്നത്. കടത്തിവിടുന്ന വെള്ളത്തിലുള്ള എണ്ണ ഉള്‍പ്പെടെയുള്ള ജൈവ, രാസ മാലിന്യങ്ങളെ ഒരു ഫില്‍റ്റര്‍ പോലെ സ്‌പോഞ്ച് വലിച്ചെടുക്കുമെന്നാണ് ഇവര്‍ പറയുന്നത്. 

സ്‌പോഞ്ചിന്റെ പരിഷ്‌കരിച്ച മാര്‍ഗമാണ് പാവണിയുടേത്. പോളിയൂറിതീന്‍ കൊണ്ട് നിര്‍മ്മിച്ച ചാര്‍ജ് ചെയ്ത സ്‌പോഞ്ച് വെള്ളത്തിലെ മാലിന്യങ്ങളിലെ അയോണുകളെ ആകര്‍ഷിക്കും എന്നാണ് പാവണിയുടെ കണ്ടെത്തലിന് പിന്നിലെ ആശയം. ഇതിന്മേല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. 98 ശതമാനത്തോളമാണ് പുതിയ രീതിയുടെ വിജയസാധ്യതയെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ചാര്‍ജുള്ളതും ഇല്ലാത്തതുമായ സ്‌പോഞ്ചുകളെ തമ്മില്‍ യോജിപ്പിച്ചുകൊണ്ടുള്ള മാര്‍ഗമാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. 

ഇത് ഇന്ത്യയില്‍ ഉപയോഗിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പാവണി. ഈ മാര്‍ഗം പൂര്‍ണതോതില്‍ വികസിപ്പിക്കാനായാല്‍ ഇന്ത്യയിലെ നദികളിലെ മാലിന്യം നീക്കാനാവും. കുറഞ്ഞ ചിലവുമാത്രം വരുന്നതില്‍ നദികളിലെ മാലിന്യം കുറയ്ക്കാനാവുമെന്ന വിശ്വാസത്തിലാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com