എയര്‍പോര്‍ട്ടില്‍ എത്താന്‍ വൈകിയപ്പോള്‍ അറ്റകൈ പ്രയോഗം; വിമാനത്തില്‍ ബോംബുണ്ടെന്ന് വിളിച്ചു പറഞ്ഞ കൊറിയോഗ്രാഫര്‍ പിടിയില്‍

ഡാന്‍സ് റിയാലിറ്റി ഷോയിലെ കൊറിയോഗ്രാഫറായ മോഹിത് കുമാര്‍ ടാന്‍കാണ് വിമാനം പിടിച്ചിടാന്‍ അറ്റകൈ പ്രയോഗം നടത്തിയത്
എയര്‍പോര്‍ട്ടില്‍ എത്താന്‍ വൈകിയപ്പോള്‍ അറ്റകൈ പ്രയോഗം; വിമാനത്തില്‍ ബോംബുണ്ടെന്ന് വിളിച്ചു പറഞ്ഞ കൊറിയോഗ്രാഫര്‍ പിടിയില്‍

ജയ്പൂര്‍; എത്താന്‍ വൈകിയതിനാല്‍ യാത്ര മുടങ്ങുമെന്ന് പേടിച്ച് വിമാനം പിടിച്ചിടാന്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ ഡാന്‍സ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍. ജയ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന വിമാനത്തില്‍ ബോംബുണ്ടെന്ന് ഇന്റിഗോയുടെ കോള്‍സെന്ററിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലെ കൊറിയോഗ്രാഫറായ മോഹിത് കുമാര്‍ ടാന്‍കാണ് വിമാനം പിടിച്ചിടാന്‍ അറ്റകൈ പ്രയോഗം നടത്തിയത്.

ജയ്പൂര്‍ സ്വദേശിയായ മോഹിത് രാവിലെ 5.30 ക്ക് വിളിച്ചാണ് ബോംബ് ഭീഷണി മുഴക്കിയത്. സന്ദേശം വന്നതോടെ ഇന്റിഗോ ഉദ്യോഗസ്ഥന്‍ ഉടന്‍ ബോംബ് ത്രെറ്റ് അസെസ്‌മെന്റ് കമ്മിറ്റിയെ അറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയില്‍ വ്യാജ ഭീഷണിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം 6.55 ന് സുരക്ഷിതമായി മുംബൈയില്‍ ലാന്‍ഡ് ചെയ്തു.

6ഇ 218 ജയ്പൂര്‍- മുംബൈ വിമാനത്തില്‍ ബോംബുണ്ടെന്നാണ് അഞ്ജാതന്റെ സന്ദേശം ഇന്‍ഡിഗോ കോള്‍സെന്ററില്‍ എത്തിയത്. വിമാനം പുറപ്പെടുന്നതിന് മുന്‍പ് എയര്‍പോര്‍ട്ടില്‍ എത്താനാവില്ലെന്ന് പേടിച്ചാണ് ബോംബ് ഭീഷണി നടത്തിയത്.

വിമാനത്തിന്റെ പേര് വരെ എടുത്തു പറഞ്ഞതില്‍ സംശയം തോന്നിയ ഉദ്യോഗ്സ്ഥര്‍ തന്ത്രപരമായാണ് മോഹിത്തിനെ കുടുക്കിയത്. വിമാനം നഷ്ടപ്പെടുത്തിയ യാത്രക്കാരെ വിളിച്ച് അടുത്ത വിമാനത്തില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ലഭിക്കുമെന്ന് പറഞ്ഞു. ഇത് കേട്ട് ഉടന്‍ ജയ്പൂര്‍ വിമനത്താവളത്തില്‍ എത്തിയ മോഹിത്തിനെ സിഐഎസ്എഫ് ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചതോടെ ഇയാളെ പൊലീസിന് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com