ഒന്‍പതു വര്‍ഷം മുന്‍പ് പേര് മാറ്റാതെ ബൈക്ക് വിറ്റു; അറിയാത്ത അപകടത്തിന് പുരുഷോത്തമന്‍ നല്‍കേണ്ടത് 11 ലക്ഷം നഷ്ടപരിഹാരം 

ബൈക്ക് വാങ്ങിയ നിഷാം പുരുഷോത്തമന്റെ പേരില്‍ത്തന്നെ വാഹനം പലതവണ കൈമറിഞ്ഞിരുന്നു
കടപ്പാട് മാതൃഭൂമി
കടപ്പാട് മാതൃഭൂമി

തിരുവനന്തപുരം: ഒന്‍പതു വര്‍ഷം മുന്‍പ് ബൈക്കു വില്‍ക്കുമ്പോള്‍ ഇത് തന്നെ ഇത്ര വലിയ കുരുക്കില്‍ ചാടിക്കുമെന്ന് പുരുഷോത്തമന് അറിയില്ലായിരുന്നു. ബൈക്ക് വിറ്റപ്പോള്‍ പേരുമാറ്റിയില്ല എന്ന കുറ്റത്തിന് സ്വന്തം കിടപ്പാടം പോലും നഷ്ടമാകും എന്ന അവസ്ഥയിലാണ് കരുനാഗപ്പള്ളി തൊടിയൂര്‍ ശ്രീജഭവനത്തില്‍ പുരുഷോത്തമന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അശ്രദ്ധയുടെ പേരില്‍ ആകെയുള്ള 11 സെന്റ് സ്ഥലം ഏതുനിമിഷവും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഈ കുടുംബം.

2009 ലാണ് തന്റെ പേരിലുള്ള ബൈക്ക് പുരുഷോത്തമന്‍ വാഹനകച്ചവടക്കാരനായ നിസാമിന് വിറ്റത്. 12,000 രൂപയ്ക്ക് വിറ്റപ്പോള്‍ വില്പനച്ചീട്ടുമാത്രമാണ് വാങ്ങിയത്. പേര് മാറ്റാന്‍ മറന്നു. പിന്നെ അതിനെക്കുറിച്ച് ചിന്തിക്കുന്നത് അപകടത്തില്‍പ്പെട്ട ബൈക്കിന്റെ ഉടമയെത്തേടി കരുനാഗപ്പള്ളി പോലീസ് വീട്ടിലെത്തിയപ്പോഴാണ്. പേരുമാറ്റാന്‍ തോന്നാതിരുന്ന ആ നിമിഷത്തെ പഴിക്കുകയാണ് ഇപ്പോള്‍ പുരുഷോത്തമന്‍. ആ പിഴവ് അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത് അത്രവലിയ കുരുക്കിലാണ്.

ആകെയുള്ള 11 സെന്റ് സ്ഥലം ഏതുനിമിഷവും ജപ്തിചെയ്യുമെന്ന ഭീഷണിയുമായി വില്ലേജ് ഓഫീസറും കൂട്ടരും കാത്തുനില്‍ക്കുന്നു. ജപ്തി ഒഴിവാക്കി രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശകമ്മിഷനും പരാതി നല്‍കി അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഈ പുരുഷോത്തമനും ഭാര്യ ഇന്ദിരയും. 

അതിനിടെ ബൈക്ക്  പുരുഷോത്തമന്റെ പേരില്‍ത്തന്നെ പലതവണ കൈമറിഞ്ഞിരുന്നു. ഒടുവില്‍ വാങ്ങിയത് ക്ലാപ്പന സ്വദേശിയായ സന്തോഷായിരുന്നു. 2012 ല്‍ ഫെബ്രുവരി ഒന്നിന് വവ്വാക്കാവില്‍വെച്ച് സന്തോഷ് ഓടിച്ച ബൈക്ക് ഈരാറ്റുപേട്ട സ്വദേശിയായ അബ്ബാസ് എന്നയാളെ ഇടിച്ചു. പിന്നാലെ തെറ്റായ ദിശയിലെത്തിയ മിനിലോറി അബ്ബാസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ആശുപത്രിയില്‍ അബ്ബാസ് മരിച്ചു. കേസ് ഭയന്ന് സന്തോഷ് രണ്ടുദിവസത്തിനുശേഷം ആത്മഹത്യചെയ്തു.

അബ്ബാസിന്റെ ഭാര്യ നഷ്ടപരിഹാരംതേടി പാലാ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലില്‍ പരാതി നല്‍കി. ബൈക്ക് തട്ടിയാണ് അബ്ബാസ് റോഡില്‍ വീണതെന്ന് ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചു. ഇതോടെ, രേഖപ്രകാരം ബൈക്കിന്റെ ഉടമയായ പുരുഷോത്തമന്‍ കേസില്‍ കുടങ്ങി. അതിനിടെ, പുരുഷോത്തമന്‍ ബൈക്ക് നേരിട്ട് സന്തോഷിന് നല്‍കുകയായിരുന്നെന്ന് രേഖയുണ്ടാക്കി നിസാം തടിതപ്പി.

ട്രിബ്യൂണല്‍ അബ്ബാസിന്റെ കുടുംബത്തിന് 21 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. മിനിലോറിയുടെ രേഖകള്‍ പ്രകാരം ഇന്‍ഷുറന്‍സ് കമ്പനി പണം നല്‍കി. കേസില്‍നിന്ന് ഒഴിവാക്കിയതായി വക്കീല്‍ അറിയച്ചതോടെ പുരുഷോത്തമന് ആശ്വാസമായി. പക്ഷേ, അത് അധികം നീണ്ടില്ല. ബൈക്ക് തട്ടിയാണ് അബ്ബാസ് റോഡില്‍ വീണതെന്നും തുകയുടെ പകുതി ബൈക്കുടമ നല്‍കണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിച്ചു.

11 ലക്ഷം രൂപയും 11 ശതമാനം നിരക്കില്‍ പലിശയും പുരുഷോത്തമന്‍ നല്‍കണമെന്നായിരുന്നു വിധി. വീടും പുരയിടവും ജപ്തി ചെയ്യാന്‍ വില്ലേജ് ഓഫീസില്‍നിന്ന് ആളെത്തിയപ്പോഴാണ് വിധിയെക്കുറിച്ച് പുരുശഷോത്തമനും കുടുംബവും അറിയുന്നത്. പ്രമേഹം കടുത്ത് കാലില്‍ വ്രണമായതോടെ പണിക്കുപോകാനാകാത്ത അവസ്ഥയിലാണ് പുരുഷോത്തമന്‍. മരുമകന്റെ തണലില്‍ ജീവിക്കുന്ന ഇവര്‍ ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. 11 ലക്ഷം പോയിട്ട് 100 രൂപ കൊടുക്കാന്‍ പൈസയില്ലെന്നാണ് ഇവര്‍ പറഞ്ഞു. 11 ലക്ഷം രൂപയ്ക്ക് വീടും പുരയിടവും ജപ്തിചെയ്യപ്പെട്ടാല്‍ മകള്‍ക്കും ചെറുമക്കള്‍ക്കുമൊപ്പം തെരുവിലുറങ്ങേണ്ടിവരുമെന്ന ഭയത്തിലാണ് കുടുംബം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com