സന്ദര്‍ശകവിസയിലെത്തി ഭിഷാടനം: ദുബായ് പൊലീസ് പിടികൂടിയയാളുടെ വെപ്പുകാലില്‍ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങള്‍

ഭിക്ഷാടനം നിരോധിച്ച റംസാന്‍ കാലത്തായിരുന്നു ഇയാളെ തെരുവില്‍ നിന്നും പിടികൂടിയത്.
സന്ദര്‍ശകവിസയിലെത്തി ഭിഷാടനം: ദുബായ് പൊലീസ് പിടികൂടിയയാളുടെ വെപ്പുകാലില്‍ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങള്‍

ദുബായ്: പെരുന്നാള്‍ ദിനത്തില്‍ നിയമം ലംഘിച്ച് രാജ്യത്ത് ഭിക്ഷാടനം നടത്തിയിരുന്നയാളെ പിടികൂടിയ പൊലീസ് ഞെട്ടി. ദുബായ് പൊലീസ് അറുപതോളം പ്രായം വരുന്നയാളെ അല്‍ഖാസില്‍ വച്ചാണ് പിടികൂടിയത്. ഇയാളെ പരിശോധിച്ചപ്പോള്‍ കൃത്രിമക്കാലില്‍ നിന്നും 100000 ദിര്‍ഹമാണ് കണ്ടെത്തിയത്. ഏകദേശം 1855270 ഇന്ത്യന്‍ രൂപ വരും ഈ തുക. ഭിക്ഷാടനം നിരോധിച്ച റംസാന്‍ കാലത്തായിരുന്നു ഇയാളെ തെരുവില്‍ നിന്നും പിടികൂടിയത്.

കൃത്രിമക്കാലില്‍ നിന്ന കണ്ടെടുത്ത പണം കൂടാതെ വിവിധ മൂല്യമുള്ള വിദേശ കറന്‍സിയും പൊലീസ് ഇയാളില്‍ നിന്ന് കണ്ടെത്തി. കൃത്രിമ കാലുകളില്‍  ഒളിപ്പിച്ച നിലയില്‍ 45,000 ദിര്‍ഹമാണ്  കണ്ടെത്തിയത്. 
 
ഒരു മാസം മുന്‍പ് സന്ദര്‍ശക വിസയിലാണ് ഇയാള്‍ ദുബായിയില്‍ എത്തിയത്. ഇയാള്‍ക്ക് വിസ അനുവദിച്ച കമ്പനിയില്‍ പൊലീസ് ഇയാളെ പറ്റിയുള്ള വിവരങ്ങള്‍ തേടിയിട്ടുണ്ട്. റമസാന്‍ കാലത്ത് വിവിധ രാജ്യക്കാരായ 243 യാചകരെയാണ് ദുബായ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായവരില്‍ 136 പേര്‍ പുരുഷന്‍മാരും 107 പേര്‍ സ്ത്രീകളുമാണ്. അറസ്റ്റിലായവരില്‍ 195 പേര്‍ വിസിറ്റിങ് വിസയില്‍ എത്തിയവരാണ്. 48 പേര്‍ക്ക് ആവശ്യമായ രേഖകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തുറന്ന് കിടക്കുന്ന കെട്ടിട സമുച്ചയങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇവര്‍ ഭിക്ഷ യാചിച്ചെന്ന് ദുബായ് പൊലീസ് വെളിപ്പെടുത്തി. പൊലീസ് പരിശോധന മറി കടക്കാന്‍ വേറിട്ട മാര്‍ഗങ്ങളാണ് ഇവര്‍ അവലംബിക്കാറുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇത്തരക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് സാധാരണമാണെന്നും പൊലീസ് വിശദമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com