നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വീട്! പുലിവാലു പിടിച്ച് പൊലീസ് 

റോഡ് മൊത്തം ബ്ലോക്കാക്കി ശൂന്യാകാശത്തു നിന്ന് പൊട്ടിവീണെന്ന മട്ടില്‍ ദേ ഇരിക്കുന്നു ഒരു വീട്.
നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വീട്! പുലിവാലു പിടിച്ച് പൊലീസ് 

'ആരോ നടുറോഡില്‍ ഒരു വീട് ഉപേക്ഷിച്ചിട്ടുപോയി, ഇത് തമാശയല്ല' വൈകിട്ട് ഫോണില്‍ കുത്തിക്കൊണ്ടിരുന്ന സായിപ്പന്മാരെല്ലാം ഡോവര്‍ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റ് കണ്ട് കണ്ണു തള്ളി. ഏമാന്മാര്‍ നുണ പറഞ്ഞതല്ല. ഫോട്ടോയുമുണ്ട്, റോഡ് മൊത്തം ബ്ലോക്കാക്കി ശൂന്യാകാശത്തു നിന്ന് പൊട്ടിവീണെന്ന മട്ടില്‍ ദേ ഇരിക്കുന്നു ഒരു വീട്.

അമേരിക്കയിലെ ഡെലവെയറിന്റെ ആസ്ഥാനമായ ഡോവറിലാണ് റോഡിന് ഒത്തനടുവില്‍ ഒരു വീട് പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രത്യക്ഷപ്പെട്ടത്. മുന്‍കൂട്ടി നിര്‍മ്മിച്ച ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് തയ്യാറാക്കുന്ന പ്രീഫാബ്രിക്കേറ്റഡ് വീടാണ് നടുറോഡില്‍ പൊലീസിനെയും നാട്ടുകാരെയും വെട്ടിലാക്കിയത്. 

കേള്‍ക്കുമ്പോള്‍ തമാശയെന്ന് തോന്നുമെങ്കിലും സംഭവം പൊലീസിന് വരുത്തിവച്ചത് ചില്ലറ പുലിവാലൊന്നുമല്ല. ഇത് റോഡില്‍ നിന്ന് നീക്കം ചെയ്യാന്‍ പിറ്റേദിവസം വരെ കാത്തിരിക്കേണ്ടി വന്നു ഇവര്‍ക്ക്. ഇതിന് പിന്നാലെ റോഡിലൂടെ വന്നുകൊണ്ടിരുന്ന വാഹനങ്ങള്‍ ക്രമീകരിക്കുന്നതും ശ്രമകരമായിരുന്നു. 

'ഓവര്‍സൈസ്ഡ്' എന്ന ബാനര്‍ പതിപ്പിച്ചിട്ടുള്ള ഈ വീട് എങ്ങനെ ഇവിടെ എത്തിയെന്നോ ആരാണ് ഉടമസ്ഥരെന്നോ കണ്ടെത്താനായിട്ടില്ല. വീട് എടുത്തുമാറ്റുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തുകയാണെന്നും യാത്രക്കാര്‍ മറ്റ് വഴികളിലൂടെ സഞ്ചരിക്കണമെന്നും മുന്നറിയിപ്പ് നല്‍കികൊണ്ടുള്ളതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. 

പതിനായിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്ത പോസ്റ്റിനടിയില്‍ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആര്‍ക്കും വേണ്ടെങ്കില്‍ ഈ വീട് ഞാന്‍ എടുത്തോളാം, വഴിയില്‍ ജീവിക്കേണ്ടിവന്ന ഏതോ പാവപ്പെട്ടവന്റെ വീടായിരിക്കും ഇത് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനടിയില്‍ നിറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com