ത്രി ഡിയോ? അതൊക്കെ എന്ത്; അഡാര്‍ പ്രിന്ററുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി

രാജഗിരി എന്‍ജിനീയറിംഗ് കൊളേജിലെ നാലാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് പോള്‍ 
ത്രി ഡിയോ? അതൊക്കെ എന്ത്; അഡാര്‍ പ്രിന്ററുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി

മനുഷ്യനെപ്പോലെ ഒരു റോബോട്ടിനെ നിര്‍മിക്കുക. കൊച്ചിക്കാരനായ പോള്‍ ജോര്‍ജ് എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ഏറ്റവും വലിയ സ്വപ്‌നമാണിത്. ഈ സ്വപ്‌നത്തിലേക്കുള്ള യാത്രയില്‍ ഒരു വലിയ കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് ഈ മിടുക്കന്‍. നമ്മുടെ മനസ്സിലുള്ള രൂപത്തെ നിര്‍മിച്ചെടുക്കാന്‍ കഴിവുള്ള ഒരു ത്രീ ഡി പ്രിന്റര്‍. നിങ്ങള്‍ക്ക് എന്താണോ വേണ്ടത് അതിന്റെ ത്രിമാന രൂപം പറഞ്ഞ നേരംകൊണ്ട് കൈയില്‍ തരാന്‍ ഈ പ്രിന്ററിനാകും. 

റോബോട്ട് എന്ന തന്റെ സ്വപ്‌നത്തിലേക്കുള്ള ആദ്യപടിയായിട്ടാണ് പോള്‍ ഇത് നിര്‍മിക്കുന്നത്. റോബോട്ട് നിര്‍മിക്കുന്നതിന് ആവശ്യമായ പാര്‍ട്ട്‌സുകള്‍ക്ക് വലിയ വിലയാണെന്ന് അറിഞ്ഞപ്പോഴാണ് എന്തുകൊണ്ട് തനിക്കും ഇത്തരത്തില്‍ ഒരു പ്രിന്റര്‍ ഉണ്ടാക്കിക്കൂട എന്ന ചിന്തയിലേക്ക് പോള്‍ എത്തുന്നത്. ഇതിനുവേണ്ടി ആദ്യം ത്രി ഡി പ്രിന്ററുകളെക്കുറിച്ച് നന്നായി പഠിച്ച് മനസിലാക്കി. അതിന് ശേഷമാണ് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രിന്റര്‍ നിര്‍മിച്ചത്. വെയ്സ്റ്റ് മെറ്റീരിയല്‍ ഉപയോഗിച്ച് വളരെ കുറഞ്ഞ ചിലവിലാണ് തന്റെ ആദ്യ ത്രീഡി പ്രിന്ററിനെ പോള്‍ യാഥാര്‍ത്ഥ്യമാക്കിയത്. അവശ്യമായ വസ്തുക്കളുടെ വലുപ്പവും തൂക്കവുമെല്ലാം ഇതില്‍ രേഖപ്പെടുത്തിയാല്‍ അതിന് അനുസരിച്ച് ഇത് രൂപപ്പെടുത്തിയെടുക്കാം. പോളിലാക്റ്റിക് ആസിഡ് ഉരുക്കിയാണ് രൂപങ്ങളാക്കുന്നത്. 

പോള്‍ നിര്‍മിച്ച ആദ്യ ത്രി ഡി പ്രിന്റര്‍
പോള്‍ നിര്‍മിച്ച ആദ്യ ത്രി ഡി പ്രിന്റര്‍

കുറച്ച് പാര്‍ട്ട്‌സുകള്‍ മാത്രം ആവശ്യമുള്ള ഡെല്‍റ്റ മോഡല്‍ പ്രിന്ററാണ് പോള്‍ നിര്‍മാണത്തിനായി തെരഞ്ഞെടുത്തത്. ഒരു മാസം എടുത്തായിരുന്നു ആദ്യ പ്രിന്റര്‍ നിര്‍മിച്ചത്. വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ മൂന്നില്‍ ഒന്ന് വില മാത്രമാണ് ഈ പ്രിന്ററിന് ആവുക. പരീക്ഷണം വിജയം കണ്ടതോടെയാണ് ചെന്നൈയിലെ ഒരു ബന്ധു കുറച്ചുകൂടി അഡ്വാന്‍സ്ഡ് ആയ പ്രിന്റര്‍ നിര്‍മിച്ച് നല്‍കണം എന്ന ആവശ്യവുമായി സമീപിച്ചത്.  

ത്രി ഡി പ്രിന്റര്‍ ഉപയോഗിച്ച് നിര്‍മിച്ച വസ്തുക്കള്‍
ത്രി ഡി പ്രിന്റര്‍ ഉപയോഗിച്ച് നിര്‍മിച്ച വസ്തുക്കള്‍

ഇത് അനുസരിച്ച് 600 എംഎം വലിപ്പമുള്ള വസ്തുക്കള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന മികച്ച ഒരു പ്രിന്റര്‍ പോള്‍ നിര്‍മിച്ചത്. ഒന്നര മാസം എടുത്താണ് ഇത് പൂര്‍ത്തിയാക്കിയത്. ഇതിന് ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുകയായിരുന്നു. കൂടാതെ മറ്റ് ചില വസ്തുക്കള്‍ ഗൂഗിളിന്റെ സഹായത്തോടെ സ്വന്തമായി നിര്‍മിച്ചെടുക്കുകയും ചെയ്തിരുന്നു. രണ്ട് ലക്ഷം രൂപയ്ക്കു മുകളില്‍ വിലവരുന്ന ത്രി ഡി പ്രിന്റര്‍ വെറും 70,000 രൂപയ്ക്കാണ് പോള്‍ നിര്‍മിച്ചെടുത്തത്. മാനുവലായി സെറ്റ് ചെയ്യുന്ന പ്രിന്ററാണ് ആദ്യം നിര്‍മിച്ചത്. രണ്ടാമത്തേത് പൂര്‍ണ്ണമായി ഓട്ടോമാറ്റിക്കാണ്.

ആദ്യം ഇതിനായി കുറച്ച് കഷ്ടപ്പെട്ടെങ്കിലും ഇപ്പോള്‍ പ്രിന്റര്‍ നിര്‍മാണത്തില്‍ വിദഗ്ധനായിരിക്കുകയാണ് പോള്‍. ഇതിനോടകം നാല് പ്രിന്ററുകളാണ് നിര്‍മിച്ചത്. ഒരാഴ്ച കൊണ്ട് പ്രിന്റര്‍ നിര്‍മിക്കാന്‍ പോളിനാകും. രാജഗിരി എന്‍ജിനീയറിംഗ് കൊളേജിലെ നാലാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് പോള്‍. തന്റേയും സുഹൃത്തുക്കളുടേയും പ്രൊജക്റ്റിനും  ആദ്യ ത്രി ഡി പ്രിന്റര്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു. 

ചെറുപ്പം മുതലുള്ള റോബോട്ടിനോടുള്ള താല്‍പ്പര്യമാണ് പോളിനെ വിജയത്തിലേക്ക് എത്തിച്ചത്. സ്‌കൂളില്‍ വെച്ചുതന്നെ ഇതിനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആ സമയത്ത് സാധിച്ചിരുന്നില്ല. പിന്നീട് പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് ചെറിയ റോബോട്ടുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. ഇത് വിജയം കാണുന്നത് പ്ലസ് ടു വിന് പഠിക്കുമ്പോഴായിരുന്നു. ഒരിടത്തും ഇടിക്കാതെ നീങ്ങാന്‍ കഴിയുന്ന റോബോട്ടായിരുന്നു ഇത്. പിന്നീട് പ്ലസ് ടുവിന്റെ വെക്കേഷന്‍ സമയത്ത് ഒരു റോബോട്ട് കൂടി നിര്‍മിച്ചു. അത് ശരിക്കും ഹിറ്റായി. അതിലും മികച്ച റോബോട്ട് നിര്‍മിക്കുക എന്ന ലക്ഷ്യത്തിനായാണ് ത്രീഡി പ്രിന്റര്‍ നിര്‍മിച്ചത്. 

എന്നാല്‍ മുനുഷ്യനെപ്പോലെ എല്ലാം ചെയ്യാന്‍ കഴിയുന്ന റോബോട്ടിനെ നിര്‍മിക്കാന്‍ ഒരുപാട് പണം ആവശ്യമായതിനാല്‍ തന്റെ സ്വപ്‌നം കുറച്ചു നാളത്തേക്ക് നീക്കിവെച്ചിരിക്കുകയാണ് പോള്‍. ത്രീ ഡി പ്രിന്ററുമായി ബന്ധപ്പെട്ട് ഒരു സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ച് അതില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ട് തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്. ഇതിനായി സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് സ്പാര്‍ക്‌സ് ത്രീ ഡി എന്ന പേരില്‍ കുറഞ്ഞ ചിലവില്‍ പ്രിന്ററുകള്‍ ലഭിക്കുന്ന രീതിയിലുള്ള സംരംഭത്തിനാണ് തുടക്കമിടാന്‍ ഒരുങ്ങുന്നത്. 

റോബോട്ടിക്‌സ് മേഖലയിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ നടത്താനും പോള്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിനോടകം കോളെജില്‍ ശില്‍പ്പശാലയും മറ്റും നടത്തിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തി കുറച്ചുകൂടി മികച്ച രീതിയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പോള്‍ പദ്ധതിയിടുന്നത്. 

ത്രീ ഡി പ്രിന്റര്‍ സംഭവം അടിപൊളിയാണെങ്കില്‍ ഇന്ത്യയില്‍ ഇതിന് അത്ര സ്വീകര്യതയില്ലെന്നാണ് പോള്‍ പറയുന്നത്. അതിനാല്‍ ഇതിനെ മുഖ്യധാരയിലേക്ക് കൊണ്ടുവാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുന്നുണ്ട്. കുറഞ്ഞ ചിലവില്‍ നിര്‍മിക്കുന്നതിലൂടെ ഇത് കൂടുതല്‍ ജനകീയമാകും എന്ന വിശ്വാസത്തിലാണ് ഈ യുവാവ്. ഇതിനായുള്ള ശ്രമങ്ങളും പോള്‍ ആരംഭിച്ചു കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com