പെണ്‍കുട്ടിക്ക് മാതാപിതാക്കള്‍ കണ്ടെത്തിയത് ആണ്‍കുട്ടിയുടെ പേര്, ഇടാന്‍ സമ്മതിക്കില്ലെന്ന് ഭരണകൂടം

കുഞ്ഞിന്‌ പേരിടുന്നതില്‍ നിന്നും ഇവരെ വിലക്കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍, ജഡ്ജിയോട് തന്നെ കൂടുതല്‍ സ്ത്രീത്വം തോന്നിക്കുന്ന പേര് നിര്‍ദേശിക്കണം എന്നും ആവശ്യപ്പെടുന്നു
പെണ്‍കുട്ടിക്ക് മാതാപിതാക്കള്‍ കണ്ടെത്തിയത് ആണ്‍കുട്ടിയുടെ പേര്, ഇടാന്‍ സമ്മതിക്കില്ലെന്ന് ഭരണകൂടം

കുഞ്ഞിന് പേര് കണ്ടെത്തുക എന്നത് പല മാതാപിതാക്കള്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു പേരിലും തൃപ്തി കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കാത്തത് തന്നെ പ്രശ്‌നം. അങ്ങിനെ ചിന്തിച്ചു ചിന്തിച്ചു ഒടുവില്‍ കണ്ടെത്തിയതില്‍ ഇഷ്ടപ്പെട്ട പേരാവട്ടെ ആ നാട്ടിലെ ആണ്‍കുട്ടികള്‍ക്ക് ഇടുന്ന പേരും. എന്നാല്‍ ആണ്‍കുട്ടിയുടെ പേര് പെണ്‍കുട്ടിക്ക് ഇടുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞതോടെ കുഴങ്ങിയിരിക്കുകയാണ് ഫ്രഞ്ച് ദമ്പതികള്‍.  

ഇനി കോടതിയുടെ അനുമതി വേണം ഇവര്‍ക്ക് തങ്ങള്‍ ഇഷ്ടപ്പെട്ട പേര് കുഞ്ഞിന് ഇടാന്‍. ലിയാം എന്ന പേരായിരുന്നു ഇവര്‍ തങ്ങളുടെ പെണ്‍കുഞ്ഞിനായി കണ്ടെത്തിയത്. അതാവട്ടെ ഫ്രാന്‍സില്‍ ആണ്‍കുട്ടികള്‍ക്ക് ഇടുന്ന പേരും. ആണ്‍കുട്ടിയുടെ പേര് പെണ്‍കുഞ്ഞിന് ഇട്ടാന്‍ കുഞ്ഞിന് ഭാവിയില്‍ ജെന്‍ഡര്‍ കണ്‍ഫ്യൂഷന്‍ നേരിടേണ്ടി വരുമെന്നാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ നിലപാട്. 

ലിയാം എന്ന പേര് കുഞ്ഞിന്റെ അവകാശങ്ങള്‍ക്ക് എതിരാണ്. മാത്രമല്ല സാമൂഹ്യ  ജീവിതത്തില്‍ അവള്‍ക്കത് ദോഷകരമായി ബാധിക്കുമെന്നുമാണ് മാതാപിതാക്കളെ അധികൃതര്‍ അറിയിച്ചത്. ഇതുകൊണ്ടും തീര്‍ന്നില്ല. കേസ് കോടതിയിലെത്തിയപ്പോള്‍, കുഞ്ഞിന്‌ പേരിടുന്നതില്‍ നിന്നും ഇവരെ വിലക്കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍, ജഡ്ജിയോട് തന്നെ കൂടുതല്‍ സ്ത്രീത്വം തോന്നിക്കുന്ന പേര് നിര്‍ദേശിക്കണം എന്നും ആവശ്യപ്പെടുന്നു. 

ഫ്രാന്‍സിലെ ബ്രിറ്റനിയില്‍ താമസിക്കുന്ന മാതാപിതാക്കള്‍ എന്നാല്‍ അധികൃതരുടെ നിലപാട് അംഗീകരിക്കാന്‍ തയ്യാറല്ല.  നിയമവഴിയിലൂടെ മുന്നോട്ടു പോയി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പേര് കുഞ്ഞിന് ഇടാനാണ് അവരുടെ ലക്ഷ്യം. 

ആണ്‍പെണ്‍ വ്യത്യാസമില്ലാതെയുള്ള പേരുകള്‍ ലോകമെമ്പാടും മാതാപിതാക്കള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഫ്രാന്‍സ് ഭരണ കൂടും ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാടാണ് പിന്തുടരുന്നത്. ന്യൂട്ടെല്ല, ഫ്രെയ്‌സ്, മാന്‍ഹാട്ടന്‍ എന്നൊക്കെ കുട്ടികള്‍ക്ക് പേരിടുന്നത് ഫ്രാന്‍സ് നിരോധിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com