താഹിര്‍ ഒന്നു തൊട്ടു, സ്വിച്ചിട്ടപോലെ ബള്‍ബ് കത്തി; മിന്നും താരമായി ഏഴാം ക്ലാസ്സുകാരന്‍

താഹിറിന്റെ 'അത്ഭുതപ്രവൃത്തി' സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മിന്നും താരമായി മാറിയിരിക്കുകയാണ് ഈ ഏഴാം ക്ലാസ്സുകാരന്‍
താഹിര്‍ ഒന്നു തൊട്ടു, സ്വിച്ചിട്ടപോലെ ബള്‍ബ് കത്തി; മിന്നും താരമായി ഏഴാം ക്ലാസ്സുകാരന്‍

ബള്‍ബ് കത്തിക്കാന്‍ നിങ്ങള്‍ എന്ത് ചെയ്യും. നേരെ ചെന്ന് സ്വിച്ച് ഓണാക്കും. എന്നാല്‍ മുഹമ്മക്കാരനായ അബു താഹിറിനോട് ഇത് പറഞ്ഞാല്‍ ബള്‍ബ് എടുത്ത് തന്റെ ശരീരത്തോട് ചേര്‍ത്തു പിടിക്കും. പിന്നെ കാണുന്നത് താഹിറിന്റെ കൈയില്‍ തെളിഞ്ഞു നില്‍ക്കുന്ന ബള്‍ബായിരിക്കും. തൊട്ട് ബള്‍ബ് കത്തിക്കാനുള്ള കഴിവാണ് താഹിറിനെ വ്യത്യസ്തനാക്കുന്നത്. താഹിറിന്റെ 'അത്ഭുതപ്രവൃത്തി' സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മിന്നും താരമായി മാറിയിരിക്കുകയാണ് ഈ ഏഴാം ക്ലാസ്സുകാരന്‍. 

പുതുതായി വാങ്ങിയ ഒരു റീചാര്‍ജബിള്‍ ബള്‍ബാണ് താഹിറിന്റെ ശരീരത്തിലെ അത്ഭുതത്തെ പുറത്തുകൊണ്ടുവന്നത്. താഹിറിന്റെ അച്ഛന്‍ നിസാര്‍ മുഹമ്മയില്‍ നിന്ന് 450 രൂപ വിലവരുന്ന ബള്‍ബ് വാങ്ങി. വീട്ടിലേക്കു വരുന്ന വഴി അത് പിടിക്കാന്‍ മകന്റെ കൈയില്‍ കൊടുത്തു. താഹിറിന്റെ കൈ തൊട്ടപ്പോള്‍ ബള്‍ബ് കത്തി. 

മകന്‍ തമാശ ഒപ്പിക്കുന്നതാണെന്ന് കരുതി നിസാര്‍ ബള്‍ബ് മാറ്റിനോക്കി. എന്നാല്‍ താഹിര്‍ തൊട്ടപ്പോഴെല്ലാം ബള്‍ബ് പ്രകാശിക്കാന്‍ തുടങ്ങി. വീട്ടില്‍ എത്തിയപ്പോള്‍ ബള്‍ബ് കത്തുന്നതിനെക്കുറിച്ച് നാസിര്‍ എല്ലാവരോടും പറഞ്ഞു. ഇത് കേട്ട് ഒരു ബന്ധു താഹിറിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. 

താഹിറിന്റെ കൈയിലും കാലിലും വയറ്റിലും ചെവിയിലും ഉള്‍പ്പടെ എവിടെ തൊട്ടാലും ബള്‍ബ് കത്തും. എന്നാല്‍ സാധാരണ ബള്‍ബ് തോട്ടാല്‍ കത്തില്ല. റീചാര്‍ജ് ചെയ്യുന്ന തരം ബള്‍ബ് മാത്രമേ കത്തുകയുള്ളു. ബള്‍ബിലേക്കു വൈദ്യുതി പ്രവഹിക്കുന്ന രണ്ടു കാലുകള്‍ ശരീരത്തില്‍ ഒരേ രീതിയില്‍ തൊടുമ്പോഴാണു ബള്‍ബ് കത്തുന്നത്. അധികനേരം ശരീരത്തില്‍ ബള്‍ബ് ചേര്‍ത്തുവച്ചാല്‍ താഹിറിന്റെ ശരീരം ചൂടാവും. എന്നാല്‍ പെട്ടെന്ന് പ്രശസ്തനായതിന്റെ ചമ്മലിലാണ് താഹിര്‍. മുഹമ്മ എ.ബി വിലാസം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.

താഹിറിന്റെ ശരീരത്തിലെ വൈദ്യുത ചാലകശക്തിയാണ് ഈ അത്ഭുതപ്രവര്‍ത്തിക്ക് കാരണം. ശരീരത്തില്‍ വിയര്‍പ്പു കൂടുതലുള്ളവര്‍ക്കു ലവണാംശം കൂടുതലുണ്ടാവും. ചിലര്‍ക്ക് ഇതു പതിവിലുമധികമായിരിക്കും. ലവണാംശം കൂടുതലുള്ളവരുടെ ശരീരത്തിലൂടെ ഒരു പരിധി വരെ വൈദ്യുതി കടന്നുപോവും. ലവണാംശം ത്വക്കിന്റെ കണ്ടക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതാണു കാരണം. ബള്‍ബിന്റെ കാലുകളില്‍ ചെമ്പുകമ്പി ബന്ധിപ്പിച്ചാല്‍ കത്തുന്നതുപോലെ താഹിറിന്റെ ശരീരം കമ്പിയെപ്പോലെ വൈദ്യുതി കടത്തിവിടുന്നതുകൊണ്ടാണ് ബള്‍ബ് കത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com