ആ 'ആന' വലിച്ചത് സിഗരറ്റല്ല: വീഡിയോയ്ക്ക് പിന്നിലുള്ള സത്യം തുറന്ന് പറഞ്ഞ് ഡോക്ടര്‍ വരുണ്‍ ഗോസ്വാമി

മാര്‍ച്ച് 20 ന് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അവരുടെ ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ ആദ്യം ഷെയര്‍ ചെയ്തത്.
ആ 'ആന' വലിച്ചത് സിഗരറ്റല്ല: വീഡിയോയ്ക്ക് പിന്നിലുള്ള സത്യം തുറന്ന് പറഞ്ഞ് ഡോക്ടര്‍ വരുണ്‍ ഗോസ്വാമി

ണ്ടു ദിവസം മുന്‍പാണ് നഗരഹോള നാഷനല്‍ പാര്‍ക്കില്‍ നിന്നും പുറത്തുവന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാട്ടില്‍ നിന്ന് ഒരു പിടിയാന സിഗരറ്റ് വലിക്കുന്നതായിരുന്നു വീഡിയോ, ഇത് എന്താണെന്ന് ചിന്തിച്ച് ചിന്തിച്ച് പലരും വല്ലാതെ തലപുകച്ചു. 

സിഗരറ്റ് വലിക്കുന്ന കാട്ടാന എന്നു പറഞ്ഞാണ് വീഡിയോ സോഷ്യല്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നത്. മാര്‍ച്ച് 20 ന് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അവരുടെ ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ ആദ്യം ഷെയര്‍ ചെയ്തത്. പിന്നീട് ഇത് വ്യാപകമായി പ്രചരിക്കുകയായിരുന്നു.

വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ വിനയ് കുമാര്‍ ഷൂട്ട് ചെയ്ത വീഡിയോ ഏതാനും ദിവസം മുന്‍പ് അദ്ദേഹം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. 2016 ഏപ്രിലില്‍ ഷൂട്ട് ചെയ്ത വീഡിയോ ആണിത്. 

ആന സിഗരറ്റ് വലിക്കുന്നുവെന്ന് പറഞ്ഞാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. തറയില്‍ കിടക്കുന്ന എന്തോ എടുത്ത് ആന വായില്‍ വയ്ക്കുകയും അതിനുശേഷം പുക പുറത്തേക്കു വിടുകയും വീഡിയോയില്‍ കാണാം. 30-35 വയസുളള പിടിയാനയാണ് വീഡിയോയില്‍ കാണുന്നതെന്ന് വിനയ് കുമാര്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു മുന്‍പും ഇത്തരത്തിലുളള സംഭവം കണ്ടിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാണ് ഷൂട്ട് ചെയ്യാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാലിപ്പോള്‍ വീഡിയോയ്ക്ക് പിന്നിലെ യഥാര്‍ത്ഥ സത്യാവസ്ഥയെക്കുറിച്ച് പറയുകയാണ് വൈള്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയില്‍ ആനകളെക്കുറിച്ച് പഠനം നടത്തുന്ന ഡോക്ടര്‍ വരുണ്‍ ഗോസ്വാമി. 'കാട്ടുതീയില്‍ കത്തിക്കരഞ്ഞ് തറയില്‍ കിടന്ന മരക്കഷ്ണം ആണ് പിടിയാന വായിലാക്കിയത്. അതിനുശേഷം അത് ചവയ്ക്കുകയും അതില്‍നിന്നുണ്ടായ പുക പുറത്തേക്ക് വിടുകയുമായിരുന്നു. കാട്ടു തീയ്ക്കുശേഷം അവശേഷിക്കുന്ന ചെറിയ കനലുകള്‍ കാട്ടാനകളെ ആകര്‍ഷിക്കാറുണ്ട്. അവ എന്താണെന്ന് അറിയാന്‍ ചിലപ്പോഴൊക്കെ ആനകള്‍ അത് വായ്ക്കകത്ത് ആക്കാറുണ്ട്. ഈ വീഡിയോയയില്‍ കാണുന്നതും അതാണ്'- വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com