എന്തിനാ കടലാസുകൊണ്ട് കല്യാണക്കുറി? സോനത്തിനെയും അഹൂജയെയും മാതൃകയാക്കി യുവാക്കള്‍ 

ഡിജിറ്റല്‍ കാലത്ത് തങ്ങളുടെ വിവാഹത്തിന് കടലാസ് പാഴാക്കിക്കൊണ്ടുള്ള വിവാഹക്ഷണക്കത്തുകള്‍ വേണ്ടെന്നു തീരുമാനിച്ച നടി സോനം കപൂറിനെയും വരനും ഡിസൈനറുമായ ആനന്ദ് അഹൂജയെയും മാതൃകയാക്കുകയാണ് യുവാക്കള്‍
എന്തിനാ കടലാസുകൊണ്ട് കല്യാണക്കുറി? സോനത്തിനെയും അഹൂജയെയും മാതൃകയാക്കി യുവാക്കള്‍ 

ഡിജിറ്റല്‍ കാലത്ത് തങ്ങളുടെ വിവാഹത്തിന് കടലാസ് പാഴാക്കിക്കൊണ്ടുള്ള വിവാഹക്ഷണക്കത്തുകള്‍ വേണ്ടെന്നു തീരുമാനിച്ച നടി സോനം കപൂറിനെയും വരനും ഡിസൈനറുമായ ആനന്ദ് അഹൂജയെയും മാതൃകയാക്കുകയാണ് യുവാക്കള്‍. പരിസ്ഥിതി സൗഹൃദ വിവാഹക്ഷണക്കത്തുകള്‍ക്ക് പ്രിയമേറുകയാണെന്നാണ് പ്രമുഖ വെഡ്ഡിങ് പ്ലാനര്‍ കമ്പനികള്‍ പറയുന്നത്. 

ഇപ്പോള്‍ ആളുകള്‍ തങ്ങളുടെ വിവാഹാഘോഷങ്ങളില്‍ നിന്ന് എത്രത്തോളം പേപ്പര്‍ ഉപയോഗം കുറയ്ക്കാമെന്നാണ് നോക്കുന്നതെന്നും ക്ഷണക്കത്തുകള്‍ അയക്കാന്‍ വാട്ട്‌സാപ്പ്, മെയില്‍, മെസെഞ്ചര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ സഹായം ഉപയോഗപ്പെടുത്തുകയാണ് പലരും ചെയ്യുന്നതെന്നും വെഡ്ഡിംഗ് പ്ലാനര്‍ വന്ദന മോഹന്‍ പറയുന്നു. 

ഇ-ഇന്‍വൈറ്റുകള്‍ക്ക് ചിലവ് കുറവാണെന്നതും എന്തെങ്കിലും മാറ്റമോ മറ്റോ വരുത്തേണ്ടതുണ്ടെങ്കില്‍ അത് അനായാസം ചെയ്യാമെന്നതും ഇവയുടെ സ്വീകാര്യത വര്‍ദ്ധിച്ചതിന് കാരണമാണ്. ചിലര്‍ വീഡിയോ സഹിതമാണ് വിവാഹത്തിന് അതിഥികളെ ക്ഷണിക്കുന്നതെങ്കില്‍ മറ്റുചിലര്‍ക്ക് കസ്റ്റമൈസ് ചെയ്ത ആനിമേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാനാണ് ഇഷ്ടമെന്ന് ഹാപ്പി ഇന്‍വൈറ്റ്‌സ് എംഡി സലോണി പറയുന്നു. 

എന്നാല്‍ പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന രീതിക്ക് ഇപ്പോഴും പൂര്‍ണമായി മാറ്റമുണ്ടായിട്ടില്ലെന്നും ആദ്യമൊക്കെ ഇ-ഇന്‍വൈറ്റുകളെകുറിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ട് പിന്നീട് പഴയ രീതിയിലേക്കുതന്നെ തിരിച്ചുപോകുന്നവര്‍ ധാരാളമാണെന്ന് വെഡ്ഡിങ് പ്ലാനര്‍ പുനിത് ജസൂജ പറയുന്നു. പലപ്പോഴും വധൂവരന്‍മാര്‍ക്ക് ഇ-ഇന്‍വൈറ്റുകള്‍ വേണമെന്ന ആവശ്യവും അവരുടെ മാതാപിതാക്കള്‍ക്ക് നിലവിലുള്ളതുപോലെതന്നെ ക്ഷണക്കത്തുകള്‍ അച്ചടിക്കണമെന്നുമാണ് താത്പര്യം. അതുകൊണ്ട് പലപ്പോഴും രണ്ടുതരത്തിലുള്ള കാര്‍ഡുകള്‍ തയ്യാറാക്കേണ്ടിവരാറുണ്ടെന്ന് ജസൂജ കൂട്ടിച്ചേര്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com