മോഹന്റെ ശരീരത്തില്‍ കവിതയുടെ തുടിപ്പുമായി ഇനി കണിമോളുടെ കരള്‍ 

'നീയെന്നിലും ഞാന്‍ നിന്നിലും അണുമാത്രമായെങ്കിലും അവശേഷിക്കും' എന്ന കണിമോളുടെ കവിതയിലെ വരികള്‍ ഇവരുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകുകയാണ്
മോഹന്റെ ശരീരത്തില്‍ കവിതയുടെ തുടിപ്പുമായി ഇനി കണിമോളുടെ കരള്‍ 

വിതയുടെ ലോകമാണ് എഴുത്തുകാരനും പ്രസാധകനുമായ നൂറനാട് മോഹനെയും കവിയിത്രിയായ കണിമോളെയും ഒന്നിപ്പിച്ചത്. സാഹിത്യ സംഗമങ്ങളില്‍ കണ്ട പരിചയം പിന്നീട് സൗഹൃദമായും പ്രണയമായും വളരുകയായിരുന്നു. ഒന്നിച്ചുള്ള ജീവിതം കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ 'നീയെന്നിലും ഞാന്‍ നിന്നിലും അണുമാത്രമായെങ്കിലും അവശേഷിക്കും' എന്ന കണിമോളുടെ കവിതയിലെ വരികള്‍ ഇവരുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകുകയാണ്. ഭര്‍ത്താവിനു കരള്‍രോഗമാണെന്നറിഞ്ഞ് സ്വന്തം കരള്‍ പകുത്തുനല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് കണിമോള്‍. നാളെയാണ് കരള്‍മാറ്റ ശസ്ത്രക്രിയ. 

മദ്യത്തിനെതിരെ തൂലികയലൂടെ പൊരുതിയ മോഹന് ലിവര്‍ സിറോസിസാണെന്ന് കണ്ടെത്തിയത് ഒരു വര്‍ഷം മുമ്പാണ്. രോഗത്തിന് പ്രതിവിധി കരള്‍മാറ്റ ശസ്ത്രകൃയ മാത്രമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത് കഴിഞ്ഞ ഫെബ്രുവരിയില്‍. ഭര്‍ത്താവിന് സ്വന്തം കരള്‍ നല്‍കാമെന്നും മറ്റെവിടെയും അന്വേഷിക്കണ്ടെന്നും ഡോക്ടര്‍മാരെ അറിയിച്ചത് കണിതന്നെയായിരുന്നു. തുടര്‍ന്ന് അനുബന്ധ പരിശോധനകള്‍ ആരംഭിച്ചു. ഇതും ഇവര്‍ക്ക് അനുകൂലമായി. 

പത്രാധിപ കുറിപ്പുകളായും കഥകളായും പത്തോളം പുസ്തകങ്ങള്‍ രചയിച്ചിട്ടുള്ള മോഹന്‍ 32വര്‍ഷം മുന്‍പ് ഉണ്‍മ എന്ന ഇന്‍ലന്‍ഡ് മാസികയിലൂടെയാണ് ശ്രദ്ധേയനായത്. തുടക്കസമയത്തെ മാസികയുടെ ഇന്‍ലന്‍ഡ് രൂപം പിന്നീട് പുസ്തകരൂപത്തിലേക്ക് മാറ്റി. 18വര്‍ഷം മുന്‍പാണ് മോഹന്‍ ഉണ്‍മ പബ്ലിക്കേഷന് തുടക്കംകുറിച്ചത്. ആയിരത്തിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഇക്കാലയളവിനുള്ള ഉണ്‍മ പബ്ലിക്കേഷന് കഴിഞ്ഞു. ഇതിനോടൊപ്പം തന്നെ മോഹന്റെ കീഴില്‍ മാസികയുടെ പ്രസിദ്ധീകരണവും തുടര്‍ന്നുപോന്നു. 

മോഹന്‍ കരള്‍ രോഗബാധിതനായതോടെ മാസിക വീണ്ടും ആദ്യ രൂപമായ ഇന്‍ലന്‍ഡ് രൂപത്തിലേക്ക് മടങ്ങി. എങ്കിലും പ്രസിദ്ധീകരണം മുടങ്ങാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മോഹന്‍ നടത്തി. മേയ് ലക്കം ഇതിനോടകം പോസ്റ്റ് ചെയ്ത അദ്ദേഹം ജൂണ്‍ ജൂലൈ മാസങ്ങളിലേക്കുള്ള കോപ്പികളും തയ്യാറാക്കിവച്ചുകഴിഞ്ഞു. ശസ്ത്രകൃയയ്ക്കും തുടര്‍ന്നുള്ള വിശ്രമത്തിനും ശേഷം തിരിച്ചെത്തുമ്പോള്‍ പുസ്തകരൂപത്തിലേക്ക് മാസികയെ വീണ്ടും മടക്കികൊണ്ടുവരുമെന്നാണ് മോഹന്റെ വാക്കുകള്‍. 

അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപികയും കവയിത്രിയുമാണ് കണിമോള്‍. ഇടുക്കി സ്വദേശിയായ കണിമോള്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com