ഫീസടയ്ക്കാന്‍ പണമില്ല: ദലിത്‌ യുവതിയുടെ പഠനച്ചെലവ്‌ ഏറ്റെടുത്ത് മുസ്ലീം മഹല്ല് കമ്മിറ്റി 

ഫീസടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന ദലിത്‌ യുവതിക്ക് സഹായവുമായി മുസ്ലീം മഹല്ല് കമ്മിറ്റി
ഫീസടയ്ക്കാന്‍ പണമില്ല: ദലിത്‌ യുവതിയുടെ പഠനച്ചെലവ്‌ ഏറ്റെടുത്ത് മുസ്ലീം മഹല്ല് കമ്മിറ്റി 

മലപ്പുറം: ഫീസടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന ദലിത്‌ യുവതിക്ക് സഹായവുമായി മുസ്ലീം മഹല്ല് കമ്മിറ്റി. മംഗലാപുരത്തെ നേഴ്‌സിംഗ് കോളേജില്‍ മൂന്നാംവര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥിയായ സത്യവാണിക്കാണ് മഹല്ല് കമ്മിറ്റിയുടെ സഹായം ലഭിച്ചത്. മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി മഹല്ല് കമ്മിറ്റിയാണ് യുവതിക്ക് പഠനാവശ്യത്തിനായുള്ള തുക കണ്ടെത്തി നല്‍കിയത്. 

പെരുന്തല്‍മണ്ണ സ്വദേശിയായ സത്യവാണിക്ക് കോളേജില്‍ 60,000ത്തോളം രൂപ ഫിസ് നല്‍കാനുണ്ടായിരുന്നു. മാര്‍ച്ചില്‍ അവധിക്കായി വീട്ടിലേക്ക് പോരുമ്പോള്‍ ഫീസുമായി തിരിച്ചെത്തിയില്ലെങ്കില്‍ പറഞ്ഞുവിടുമെന്നായിരുന്നു കോളേജ് അധികൃതരുടെ സമീപനം. നാട്ടിലെത്തിയ സത്യവാണി കൂലിപണിക്കാരിയായ അമ്മയ്‌ക്കൊപ്പം പല സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ഫീസ് തുക കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

പഠനം ഉപേക്ഷിക്കാമെന്ന തീരുമാനത്തിലേക്കെത്തുന്നതിന് മുമ്പായി അവസാനശ്രമമെന്നോണമാണ് അടുത്തുള്ള മുസ്ലീം പള്ളിയില്‍ സംസാരിച്ചുനോക്കാമെന്ന് ഇവര്‍ കരുതിയത്. ഏപ്രില്‍ രണ്ടാം തീയതി പള്ളിയിലെത്തിയ സത്യവാണി തന്റെ ആവശ്യം അറിയിച്ചയുടന്‍ വേണ്ടത് ചെയ്യാമെന്ന് പള്ളി ഭാരവാഹികള്‍ വാക്കുനല്‍കുകയായിരുന്നു. രണ്ടു ദിവസത്തിനുള്ള പഠനാവശ്യങ്ങള്‍ക്കായി 83,000രൂപ ശേഖരിച്ച് നല്‍കി. 

മഹല്ല് കമ്മിറ്റിയുടെ സഹായം തനിക്കും കുടുംബത്തിനും വലിയ ആശ്വാസമാണെന്ന് സത്യവാണി പറഞ്ഞു. 'പഠനാവശ്യത്തിനവായുള്ള തുക കണ്ടെത്താനാകുമെന്ന് ഉറപ്പുണ്ടായിരുന്നതിനാലാണ് കോഴ്‌സിന് പ്രവേശിച്ചതെങ്കിലും പഠനം ആരംഭിച്ച ഉടനെ രോഗിയായിരുന്ന അച്ഛന്റെ മരണപ്പെടുകയായിരുന്നു. അച്ഛന്റെ ചികിത്സയ്ക്കും മറ്റുമായി ധാരാളം പണം ആവശ്യമായി വന്നു. ഇതിനുശേഷം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിലേക്ക് ഞങ്ങള്‍ നീങ്ങി. എന്റെ ഭീമമായ ഫീസ് തുക കണ്ടെത്താന്‍ അമ്മയ്ക്ക് കഴിഞ്ഞില്ല. കോളെജില്‍ നിന്ന് നിരവധി തവണ പുറത്താക്കുമെന്ന് ഭീഷണി നേരിട്ടതോടെയാണ് പഠനം ഉപേക്ഷിക്കാമെന്ന ചിന്ത ഉണ്ടായത്', സത്യവാണി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com