ഇത് എട്ട് കുടുംബങ്ങളുടെ ദാഹമകറ്റാന്‍ കിണര്‍ കുഴിച്ച റസാഖിന്റെ കഥ

അയല്‍വാസികള്‍ വെള്ളത്തിനായി നടത്തുന്ന പരക്കംപാച്ചിലാണ് ഇവന്റ് കാറ്ററിംഗ് ഉടമ റസാഖിനെയും ഭാര്യ ഷമീമയെയും ശുദ്ധജലവിതരണം നടത്താമെന്ന ആശയത്തിലേക്കെത്തിക്കുന്നത്
ഇത് എട്ട് കുടുംബങ്ങളുടെ ദാഹമകറ്റാന്‍ കിണര്‍ കുഴിച്ച റസാഖിന്റെ കഥ

ചാവക്കാട്: പതിറ്റാണ്ടുകളായി കുടിവെള്ളമില്ലാതെ അലയുന്നവരാണ് ചാവക്കാട് മരുമനയൂര്‍ പഞ്ചായത്തില്‍ കുണ്ടുവക്കടവ് പാലത്തിനരികെ താമസിക്കുന്ന കുടുംബങ്ങള്‍. ജല അതോറിറ്റിയുടെ പൈപ്പില്‍ വല്ലപ്പോഴും വരുന്ന വെള്ളം മാത്രമാണ് ഇവരുടെ ഏക ആശ്രയം. കായലിനോട് അടുത്തുകിടക്കുന്ന പ്രദേശമായതിനാല്‍ കിണര്‍ കുഴിച്ചിട്ടും കാര്യമില്ല, വെള്ളത്തിന് ഉപ്പുരസമായിരിക്കും. വളരെ സാധാരണക്കാരായ ഇവിടുത്തുകാര്‍ മാസം 400മുതല്‍ 600 രൂപ വരെ ചിലവാക്കിയാണ് ദൈനംദിന ആവശ്യങ്ങള്‍ക്കായി 2000ലിറ്റര്‍ വെള്ളം കണ്ടെത്തുന്നത്. 

അയല്‍വാസികള്‍ വെള്ളത്തിനായി നടത്തുന്ന പരക്കംപാച്ചിലാണ് ഇവന്റ് കാറ്ററിംഗ് ഉടമ റസാഖിനെയും ഭാര്യ ഷമീമയെയും ശുദ്ധജലവിതരണം നടത്താമെന്ന ആശയത്തിലേക്കെത്തിക്കുന്നത്. ഇതിനായി വീടിനോടുചേര്‍ന്ന് പതിനാറര സെന്റ് ഭൂമി വാങ്ങി. ഭൂമിക്കായി ആദ്യ അഡ്വാന്‍സ് തുക നല്‍കിയപ്പോള്‍തന്നെ ഉടമയുടെ അനുവാദം വാങ്ങി ഇവിടെ കിണര്‍ നിര്‍മിച്ചു. വെള്ളം നല്‍കുന്ന വീടുകളില്‍ 250ലിറ്ററിന്റെ കുടിവെള്ള സംഭരണിയും ഇവര്‍ തന്നെ സ്ഥാപിച്ചു. വീടുകളിലേക്ക് വെള്ളമെത്തിക്കാന്‍ റസാഖിനും ഭാര്യയ്ക്കുമൊപ്പം ഇവരുടെ മൂന്നുമക്കളും ഒപ്പമുണ്ടാകും. ഇവര്‍ ചേര്‍ന്ന് ഭരണികളില്‍ എന്നും രാവിലെ വെള്ളം നിറച്ചുനല്‍കും. അടുത്ത ആഴ്ച മുതല്‍ എട്ടു വീട്ടുകാര്‍ക്കും വെള്ളമെത്തിച്ചുനല്‍കാനാകുമെന്നാണ് റസാഖ് പറയുന്നത്. 

റസാഖിന്റെ സേവനങ്ങള്‍ കുടിവെള്ള വിതരണത്തില്‍ തുടങ്ങിയതല്ല. തന്റെ കാറ്ററിംഗ് ആവശ്യങ്ങള്‍ക്കായി വാങ്ങുന്ന സാധനങ്ങളോടൊപ്പം ലഭിക്കുന്ന സൗചന്യ കൂപ്പണുകള്‍ ശേഖരിച്ചുവച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ശുദ്ധജലവിതരണത്തിന് കുടുംബമൊട്ടാകെ റസാഖിനൊപ്പമുണ്ടെങ്കില്‍ കൂപ്പണുകള്‍ ശേഖരിക്കുന്നതിന് റസാഖിനൊപ്പം ജീവനക്കാരും പങ്കുചേരാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com